ദില്ലി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട കൊവിഡ് കാലത്ത് അതിസമ്പന്നരുടെ ആസ്തി 20 ശതമാനം വര്‍ധിച്ചെന്ന് കണക്ക്. ഐഐഎഫ്എല്‍ വെല്‍ത്ത് ഹുറുണ്‍ റിച്ച് ലിസ്റ്റ് 2020 ലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂലധനത്തിലുണ്ടായ വളര്‍ച്ചയുടെ ഇരട്ടിയാണിത്. ഇതിന് പുറമെ 2020 ല്‍ ആയിരം കോടിയിലേറെ ആസ്തിയുള്ളവരുടെ എണ്ണത്തില്‍ 94 പേരുടെ വര്‍ധനവുണ്ടായി. ഇന്ത്യയിലും വിദേശത്തുമായി ആയിരം കോടിയിലേറെ ആസ്തിയുള്ള 828 പേരാണ് പട്ടികയില്‍ ഇടംപിടിച്ചത്.

റിലയന്‍സ് ഇന്റസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് ഇക്കുറിയും ഒന്നാം സ്ഥാനത്ത്. തുടര്‍ച്ചയായ ഒന്‍പതാം വര്‍ഷമാണ് അദ്ദേഹം ഈ നേട്ടം സ്വന്തമാക്കുന്നത്. 6.58 ലക്ഷം കോടിയാണ് ആസ്തി. 12 മാസത്തിനിടെ 73 ശതമാനം വളര്‍ച്ചയാണ് അദ്ദേഹത്തിന്റെ ആസ്തിയിലുണ്ടായത്. നിലവില്‍ ലോകത്തിലെ നാലാമത്തെ വലിയ ധനികനാണ് ഇദ്ദേഹം.

പട്ടികയിലുള്ള 828 പേരുടെ സംയോജിത ആസ്തി 821 ബില്യണ്‍ ഡോളറാണ്(60.59 ലക്ഷം കോടി രൂപ). 2019 നെ അപേക്ഷിച്ച് 140 ബില്യണ്‍ ഡോളറിന്റെ വളര്‍ച്ചയാണ് നേടിയത്. ഫ്‌ലിപ്കാര്‍ട്ടിന്റെ മുന്‍ ജീവനക്കാരായിരുന്ന അമോദ് മാളവ്യ, സുജീത് കുമാര്‍, വൈഭവ് ഗുപ്ത എന്നിവരുടെ ആസ്തി 13100 കോടി വീതം വര്‍ധിച്ചു. 274 ശതമാനം വളര്‍ച്ചയാണ് ഇവരുടെ സ്റ്റാര്‍ട്ട്അപ്പായ ഉഡാന്‍ നേടിയത്. തുടര്‍ച്ചയായ രണ്ടാമത്തെ വര്‍ഷവും ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ കമ്പനിയായി ഇവര്‍ മാറി. തിങ്ക് ആന്റ് ലേണ്‍ എന്ന സ്റ്റാര്‍ട്ട്അപ്പിലൂടെ മലയാളിയായ ബൈജു രവീന്ദ്രനും കുടുംബവും ആദ്യ നൂറിലേക്ക് എത്തി. 115 ശതമാനം വളര്‍ച്ചയാണ് ഇദ്ദേഹം നേടിയത്. 20400 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ ആസ്തി.

പട്ടികയില്‍ എംഎ യൂസഫലിയാണ് മലയാളികളില്‍ മുന്നിലുള്ളത്. 19ാം സ്ഥാനത്തുള്ള ഇദ്ദേഹത്തിന് 42700 കോടിയുടെ ആസ്തിയുണ്ട്. ദുബൈ കേന്ദ്രമായ ജെംസ് എജുക്കേഷന്‍ സ്ഥാപകന്‍ സണ്ണി വര്‍ക്കി 45ാം സ്ഥാനത്താണ്. 22400 കോടിയാണ് ആസ്തി. ക്രിസ് ഗോപാലകൃഷ്ണന്‍ 18100 കോടിയോടെ 56ാം സ്ഥാനത്തും ശോഭാ ഗ്രൂപ്പിന്റെ പിഎന്‍സി മേനോന്‍ 15600 കോടിയോടെ 71ാം സ്ഥാനത്തുമാണ്. വിപിഎസ് ഹെല്‍ത്ത്‌കെയറിന്റെ ഷംസീര്‍ വയലില്‍ 76ാമതുണ്ട്. 14500 കോടിയാണ് ആസ്തി. ജോയ് ആലുക്കാസ്, ഇന്‍ഫോസിസിന്റെ എസ്ഡി ഷിബുലാല്‍ എന്നിവര്‍ 12000 കോടിയോടെ 99ാം സ്ഥാനത്താണ്.