മുംബൈ: ആഗോള വളര്‍ച്ചാ നിരക്കില്‍ വലിയതോതില്‍ ഇടിവുണ്ടാകുന്നതായി അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ്) റിപ്പോര്‍ട്ട്. ഈ വര്‍ഷം അന്താരാഷ്ട്ര വളര്‍ച്ച നിരക്കില്‍ മൂന്ന് ശതമാനത്തിന്‍റെ ഇടിവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇപ്പോഴുളള സാമ്പത്തിക പ്രതിസന്ധികള്‍ ലോകത്തെ 90 ശതമാനം വരുന്ന മേഖലകളെയും ബാധിക്കുന്നതായും ഐഎംഎഫ് വ്യക്തമാക്കി.

ചൈനയുടെ വളര്‍ച്ച നിരക്കില്‍ അടുത്ത അഞ്ച് വര്‍ഷങ്ങളിലും വലിയ മുന്നേറ്റം ഐഎംഎഫ് പ്രവചിക്കുന്നില്ല. ആഗോള സമ്പദ്‍വ്യവസ്ഥയിലുളള ചൈനയുടെ സ്വാധീനത്തിനും ഇടിവുണ്ടാകും. ആഗോള ജിഡിപിയിലേക്കുളള 2018- 19 വര്‍ഷത്തിലെ ചൈനീസ് വിഹിതം 32.7 ശതമാനമായിരുന്നു. ഇത് 2024 ആകുമ്പോഴേക്കും 28.3 ശതമാനമായി കുറയും. ചൈനീസ് സ്വാധീനത്തില്‍ 4.4 ശതമാനത്തിന്‍റെ കുറവാണുണ്ടാകുന്നത്. അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ന്നുവരുന്ന വ്യാപാര പ്രതിസന്ധികളാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. 

അന്താരാഷ്ട്ര നാണയ നിധിയുടെ റിപ്പോര്‍ട്ട് അടിസ്ഥാനത്തില്‍ അന്താരാഷ്ട്ര മാധ്യമമായ ബ്ലൂബെര്‍ഗ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ കരുത്ത് 2024 ആകുമ്പോഴേക്കും വര്‍ധിക്കും. 2024 ആകുമ്പോഴേക്കും അമേരിക്കയുടെ സ്വാധീനം 13.8 ശതമാനത്തില്‍ നിന്നും 9.2 ശതമാനത്തിലേക്ക് ഇടിയും. എന്നാല്‍, ഇന്ത്യയുടെ ആഗോള ജിഡിപിയിലേക്കുളള സംഭാവന 15.5 ശതമാനമായി ഉയരും. ഇന്തോനേഷ്യയുടെ വളര്‍ച്ചാ നിരക്ക് ചെറിയ കുറവുണ്ടാകുമെങ്കിലും വളര്‍ച്ച മുന്നേറ്റം പ്രകടിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് അവര്‍ താഴേക്ക് പോകില്ല. 3.9 ശതമാനത്തില്‍ നിന്ന് 3.7 ശതമാനത്തിലേക്കാകും വളര്‍ച്ച നിരക്ക് കുറയുക.