മുംബൈ: സാമ്പത്തിക രംഗത്തെ പ്രശ്നങ്ങള്‍ താല്‍കാലികമാണെന്നും ഇത് കടന്ന് ഇന്ത്യ മുന്നേറുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മുംബൈയില്‍ ഇക്കണോമിക് ടൈംസിന്‍റെ അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. 2014 മുതല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സര്‍ക്കാര്‍ സുതാര്യവും നിര്‍ണ്ണായകവുമായ നയങ്ങളാണ് സാമ്പത്തിക രംഗത്ത് നടപ്പിലാക്കുന്നത്. 2014ന് നയപരമായ മരവിപ്പും, അഴിമതിയും കുംഭകോണവും നിറഞ്ഞതായിരുന്നു രാജ്യത്തെ അവസ്ഥയെന്നും അമിത് ഷാ പറയുന്നു.

നിലവില്‍ സാമ്പത്തിക വേഗതയില്ലായ്മ ഒരു താല്‍ക്കാലി പ്രതിഭാസമാണ്. സമ്പദ് വ്യവസ്ഥയിലെ വിഷം ഇല്ലായ്മ ചെയ്യികുകയായിരുന്നു ഇത്രയും നാള്‍, അടുത്ത അഞ്ച് കൊല്ലത്തില്‍ ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥ ലോകത്ത് തന്നെ ഒന്നാമതാകുന്ന പരിഷ്കാരങ്ങളാണ് ഇനി വരാന്‍ പോകുന്നത്. 2024 ഓടെ ഇന്ത്യയെ 5 ട്രില്ല്യണ്‍ ഡോളര്‍ സാമ്പത്തിക വ്യവസ്ഥയാക്കുക എന്ന ലക്ഷ്യത്തിലേക്കാണ്  മോദിയുടെ സര്‍ക്കാര്‍ മുന്നേറുന്നത്. ഈ മുന്നേറ്റത്തില്‍ വ്യാവസായിക മേഖല 60 ശതമാനം എങ്കിലും പങ്കാളിത്തം പുലര്‍ത്തുമെന്നും അമിത് ഷാ പ്രത്യാശ പ്രകടിപ്പിച്ചു.

ഇന്ത്യയിലെ വലിയ വിപണി വിദേശ നിക്ഷേപത്തെ നന്നായി ഇപ്പോള്‍ ആകര്‍ഷിക്കുന്നുണ്ട്. സെന്‍സസിലെയും നിഫ്റ്റിയിലേയും മുന്നേറ്റം പല റെക്കോഡുകള്‍ ഭേദിക്കുന്നു എന്നും അമിത് ഷാ പറഞ്ഞു. 

രാജ്യത്തിന്‍റെ ജിഡിപിയില്‍ ഇടിവ് സംഭവിച്ചതിന് പിന്നാലെയാണ് അമിത് ഷായുടെ അഭിപ്രായം എന്നത് ശ്രദ്ധേയമാണ്. ഇന്ത്യയുടെ ജിഡിപി വളർച്ച നിരക്ക് സെപ്റ്റംബർ 30 ന് അവസാനിച്ച പാദത്തിൽ 4.5 ശതമാനമായി കുറഞ്ഞിരുന്നു. ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തില്‍ ഇത് അഞ്ച് ശതമാനമായിരുന്നു. രണ്ടാം പാദത്തിൽ ജിഡിപി വളർച്ച 4.7 ശതമാനമായിരിക്കുമെന്നാണ് റോയിട്ടേഴ്‌സിന്‍റെ സര്‍വേയില്‍ സാമ്പത്തിക വിദഗ്ധർ പ്രവചിച്ചിരുന്നത്.

കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസാണ് ജിഡിപി നിരക്കുകള്‍ പുറത്തുവിട്ടത്. മുന്‍ വര്‍ഷം സമാന പാദത്തിന്‍റെ രാജ്യത്തിന്‍റെ വളര്‍ച്ചാ നിരക്ക് ഏഴ് ശതമാനം ആയിരുന്നു. പിന്നീട് ഒക്ടോബര്‍ -ഡിസംബര്‍ കാലയളവില്‍ ഇത് 6.6 ശതമാനത്തിലേക്ക് ഇടിഞ്ഞിരുന്നു, 2018- 19 സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാന പാദത്തില്‍ വളര്‍ച്ചാ നിരക്ക് 5.8 ശതമാനത്തിലേക്കും താഴ്ന്നു.