മുംബൈ: കേന്ദ്രം 2000 രൂപ നോട്ടിന്റെ അച്ചടി നിർത്തിയെന്നും, ഇല്ലെന്നും നിർത്തുമെന്നും ഇല്ലെന്നുമൊക്കെ വ്യാജവാർത്തകൾ പലപ്പോഴായി പ്രചരിച്ചിരുന്നു. രാജ്യത്ത് 2000 രൂപ നോട്ടിന് ക്ഷാമമുണ്ടെന്ന വാർത്തകളൊന്നും ഇതുവരെ വന്നിട്ടില്ല. അതേസമയം ഇന്ത്യൻ ബാങ്കിന്‍റെ എടിഎമ്മുകളിൽ നിന്ന് രണ്ടായിരം രൂപയുടെ നോട്ടുകൾ ഇനി കിട്ടില്ല.

മാർച്ച് ഒന്ന് മുതൽ എല്ലാ എടിഎമ്മിലും രണ്ടായിരം ഒഴിച്ചുള്ള നോട്ടുകൾ നിറച്ചാൽ മതിയെന്നാണ് തീരുമാനം. ഉപഭോക്താക്കൾക്ക് ചില്ലറ മാറാൻ ബുദ്ധിമുട്ടുണ്ടെന്നും അതിനാലാണ് ഈ തീരുമാനമെന്നുമാണ് ബാങ്ക് നൽകിയിരിക്കുന്ന വിശദീകരണം. രണ്ടായിരം രൂപ നോട്ട് ഒഴിവാക്കിയാൽ പകരം അഞ്ഞൂറ്. ഇരുന്നൂറ്, നൂറ് എന്നീ കറൻസികൾ മാത്രമായിരിക്കും ബാങ്കിന്‍റെ എടിഎമ്മിൽ നിന്ന് ലഭിക്കുക.

അതേസമയം 2000 രൂപയുടെ കറൻസികൾ ആവശ്യമുള്ളവർക്ക് അത് ബാങ്കുകളുടെ ബ്രാഞ്ചുകളിൽ ചെന്നാൽ നേരിട്ട് തന്നെ ലഭിക്കും. എടിഎമ്മുകളിൽ നിന്ന് ഉയർന്ന മൂല്യമുള്ള കറൻസികൾ പിൻവലിക്കാൻ സാധിക്കാതെ വരുമ്പോൾ ഉപഭോക്താക്കൾ
ബ്രാഞ്ചിനെ സമീപിക്കുന്നുണ്ടെന്നും ഇന്ത്യൻ ബാങ്ക് പറഞ്ഞു.