ദാവോസ്: ഇന്ത്യയിലെ 63 അതിസമ്പന്നരുടെ ആസ്തി കേന്ദ്ര ബജറ്റിനേക്കാൾ വലുതെന്ന് റിപ്പോർട്ട്. രാജ്യത്തെ 95.3 കോടി ജനങ്ങളുടെ സംയോജിത ആസ്തിയേക്കാൾ വലുതാണിതെന്നും റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ സാമ്പത്തിക വർഷം 24,42,200 കോടി രൂപയുടേതായിരുന്നു കേന്ദ്ര ബജറ്റ്. എന്നാൽ, ഇന്ത്യയിലെ 63 അതിസമ്പന്നരുടെ ആകെ ആസ്തി ഇതിലും വലുതാണെന്നാണ് റിപ്പോർട്ട് പറയുന്നത്. ഒരു ടെക്നോളജി കമ്പനിയുടെ സിഇഒ വാങ്ങുന്ന ഒരു വർഷത്തെ വേതനം വാങ്ങാൻ ഒരു വനിതാ ഗാർഹിക തൊഴിലാളി 22,277 വർഷം ജോലി ചെയ്യേണ്ടി വരുമെന്നാണ് റിപ്പോർട്ട് പറയുന്നത്. ഒരു ടെക് സിഇഒയുടെ വരുമാനം സെക്കന്റിൽ 106 രൂപയാണെന്ന് റിപ്പോർട്ട് പറയുന്നു. ഒരു ഗാർഹിക തൊഴിലാളിക്ക് ഒരു വർഷം ജോലി ചെയ്താൽ ലഭിക്കുന്ന വേതനം ടെക് സിഇഒ വെറും പത്ത് മിനിറ്റിൽ ഉണ്ടാക്കും.

ലോക സാമ്പത്തിക ഫോറത്തിന്റെ അമ്പതാം വാർഷിക യോഗത്തിന് മുന്നോടിയായി ഓക്സ്ഫാം നടത്തിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. ലോകത്തിലെ 2153 ശതകോടീശ്വരന്മാരുടെ ആസ്തി 460 കോടി ജനങ്ങളുടെ ആസ്തിയേക്കാൾ വലുതെന്നും റിപ്പോർട്ടിലുണ്ട്. ലോകജനസംഖ്യയുടെ 60 ശതമാനത്തോളം വരും 460 കോടി ജനങ്ങൾ.

കഴിഞ്ഞ പതിറ്റാണ്ടിൽ ലോകത്തിലെ അതിസമ്പന്നറുടെ ആസ്തി ഞെട്ടിക്കുന്ന വിധത്തിൽ വർധിച്ചെന്നാണ് റിപ്പോർട്ട് പറയുന്നത്. എന്നാൽ, അതിസമ്പന്നരുടെ സംയോജിത ആസ്തിയിൽ മുൻവർഷത്തേക്കാൾ കുറവുണ്ടായിട്ടുണ്ട്. സർക്കാരുകളുടെ സാമ്പത്തിക നയമാണ് ഇതിന് പ്രധാന കാരണമെന്ന് ഓക്സഫാം ചൂണ്ടിക്കാട്ടുന്നു. പണക്കാർക്ക് കുറഞ്ഞ നികുതി ചുമത്തുന്നുവെന്നതാണ് കാരണം. പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള സാമ്പത്തിക അന്തരം ക്രമാതീതമായി ഉയരുന്നതിനെ വലിയ ആശങ്കയോടെയാണ് ഓക്സ്ഫാം കാണുന്നത്.

തിങ്കളാഴ്ച ആരംഭിക്കുന്ന ലോക സാമ്പത്തിക ഫോറത്തിന്റെ വാർഷിക യോഗത്തിൽ ഇക്കാര്യങ്ങൾ ചർച്ചയ്ക്ക് വരും. വേതനം-ലിംഗം എന്നിവയിൽ സമൂഹത്തിൽ നിലനിൽക്കുന്ന അസമത്വം യോഗം ഗൗരവത്തോടെ ചർച്ച ചെയ്യും. ലോകത്ത് അസമത്വം കുറഞ്ഞെങ്കിലും ആഭ്യന്തര വരുമാന അസമത്വം ഉയർന്നതായാണ് വിവിധ രാഷ്ട്രങ്ങൾ പറയുന്നത്.