ദില്ലി: രാജ്യത്തെ ഇ-കൊമേഴ്സ് വിപണി അതിവേഗ വളര്‍ച്ച നേടുമെന്ന് ഡെലോയ്റ്റ് ഇന്ത്യ ആന്‍ഡ് റീട്ടെയ്ല്‍ അസോസിയേഷന്‍ റിപ്പോര്‍ട്ട്. ഇന്ത്യന്‍ ഇ-കൊമേഴ്സ് വിപണി 2021 ല്‍ 8,400 കോടി യുഎസ് ഡോളറിലേക്ക് വളരുമെന്നാണ് ഡെലോയ്റ്റ് ഇന്ത്യ വ്യക്തമാക്കുന്നത്. 2017 ല്‍ 2,400 കോടി ഡോളറിലേക്ക് രാജ്യത്തെ ഇ-കൊമേഴ്സ് വിപണി വളര്‍ന്നിരുന്നു. 

രാജ്യത്തെ ഉയര്‍ന്ന ജനസംഖ്യയും അതിവേഗം മുന്നോട്ട് കുതിക്കുന്ന സമ്പദ്‍വ്യവസ്ഥയും ഇന്ത്യയിലെ ഉപഭോക്തൃ വ്യവസായങ്ങള്‍ക്ക് അനുകൂല ഘടകമാണ്. ഇന്ത്യ ഏഷ്യയിലെ മൂന്നാമത്തെയും ലോകത്തെ നാലാമത്തെയും ഏറ്റവും വലിയ റീട്ടെയ്ല്‍ വിപണിയായി ഉടന്‍ മാറുമെന്നും റിപ്പോട്ടില്‍ പറയുന്നു. 

സമീപ ഭാവിയില്‍ ഇന്‍റര്‍നെറ്റിന്‍റെ ലഭ്യത ഇനിയും വര്‍ദ്ധിക്കുമെന്നും കൂടുതല്‍ അന്താരാഷ്ട്ര റീട്ടെയ്‍ലര്‍മാര്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്യും. ഗ്രാമീണ, അര്‍ദ്ധ നഗര മേഖലകളില്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം, ഓണ്‍ലൈന്‍ ഷോപ്പിംഗ്, ഇന്‍റര്‍നെറ്റ് വ്യാപനം എന്നിവ വര്‍ദ്ധിക്കുന്നത് ഇ-കൊമേഴ്സ് വ്യവസായത്തിന്‍റെ വ്യാപനത്തിന് കരുത്ത് പകരുമെന്നും റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നു.