Asianet News MalayalamAsianet News Malayalam

ജി‍ഡിപി 7.5 ശതമാനം ചുരുങ്ങി, ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ സാങ്കേതിക മാന്ദ്യത്തിലേക്ക്; നേരിടുന്നത് ​ഗുരുതര സാഹചര്യം

രണ്ടാം പാദത്തിന്റെ അവസാനത്തിൽ സമ്പദ് വ്യവസ്ഥ സാങ്കേതികമായി മാന്ദ്യത്തിലാണെന്ന് കണക്കാക്കാം.

indian gdp at negative growth in Q2 FY21
Author
new Delhi, First Published Nov 27, 2020, 7:23 PM IST

ദില്ലി: 2020-21 ലെ രണ്ടാം പാദത്തിലെ (ജൂലൈ-സെപ്റ്റംബർ) ജിഡിപി വളർച്ചാ നിരക്കുകൾ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്‍റേഷൻ മന്ത്രാലയം പുറത്തുവിട്ടു. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം (ജിഡിപി) ജൂലായ്- സെപ്തംബര്‍ കാലയളവില്‍ 7.5 ശതമാനം ചുരുങ്ങി. ആദ്യപാദത്തില്‍ 23.9 ശതമാനമായാണ് സാമ്പത്തിക വളർച്ചാ നിരക്ക് ചുരുങ്ങിയത്. ആദ്യ പാദത്തിന് പിന്നാലെ രണ്ടാം പാദത്തിലും നെ​ഗറ്റീവ് വളർച്ചാ നിരക്ക് ആവർത്തിക്കുന്നത് സമ്പദ്‍വ്യവസ്ഥയെ സംബന്ധിച്ച ആശങ്ക വർധിപ്പിക്കുന്നു. രണ്ട് പാദങ്ങളില്‍ തുടര്‍ച്ചയായ ഇടിവ് റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ സാങ്കേതിക മാന്ദ്യ അവസ്ഥയിലേക്ക് (ടെക്നിക്കൽ റിസഷൻ സിറ്റ്യൂവേഷൻ) നീങ്ങി. 

എന്നാൽ, ഉൽപാദനത്തിലും വൈദ്യുതി ഉൽപാദനത്തിലുമുള്ള തിരിച്ചുവരവും സ്ഥിരമായ കാർഷിക ഉൽപാദന വളർച്ചയും സെപ്റ്റംബർ പാദത്തിലെ സാമ്പത്തിക വീണ്ടെടുക്കലിനെ പിന്തുണച്ചതായി സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക വിവരങ്ങൾ വ്യക്തമാക്കുന്നു. തുടർച്ചയായി രണ്ട് പാദ സങ്കോചങ്ങളോടെ, രണ്ടാം പാദത്തിന്റെ അവസാനത്തിൽ സമ്പദ് വ്യവസ്ഥ സാങ്കേതികമായി മാന്ദ്യത്തിലാണെന്ന് കണക്കാക്കാം.

ആദ്യ പാദത്തിൽ കണ്ട സങ്കോചത്തിൽ നിന്ന് ഉൽപ്പാദന മേഖല പൂർണമായും കരകയറി, സെപ്റ്റംബർ പാദത്തിൽ 0.6 ശതമാനം വളർച്ച രേഖപ്പെടുത്തി. ജൂൺ പാദത്തിൽ ഉൽപ്പാദനത്തിൽ മൊത്ത മൂല്യവർദ്ധനവ് 39.3 ശതമാനം കുറഞ്ഞു.

മെച്ചപ്പെട്ട ഖരീഫ് വിതയ്ക്കലും ശക്തവും വ്യാപകവുമായ മൺസൂണും സെപ്റ്റംബർ പാദത്തിലും കാർഷിക മേഖലയുടെ പ്രകടനത്തെ സ്ഥിരതയോടെ നിലനിർത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു. കാർഷിക ജിവിഎ സെപ്റ്റംബർ പാദത്തിൽ 3.4 ശതമാനം വളർച്ച നേടി, ആദ്യ പാദത്തിലെ 3.4 ശതമാനം വർദ്ധനവ് ആവർത്തിച്ചു.

കൊറോണ വൈറസ് പകർച്ചവ്യാധി മൂലമുണ്ടായ മാന്ദ്യത്തെത്തുടർന്നാണ് സമ്പദ്‍വ്യവസ്ഥ വലിയ പ്രതിസന്ധിയിലേക്ക് നീങ്ങിയതെന്ന് സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം വ്യക്തമാക്കുന്നു. ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ ആദ്യത്തെ സാങ്കേതിക മാന്ദ്യ സാഹചര്യമാണിത്. 1996 മുതലാണ് രാജ്യത്ത് ത്രൈമാസ ജിഡിപി കണക്കുകൾ പുറത്തുവിടാൻ തുടങ്ങിയത്.

Follow Us:
Download App:
  • android
  • ios