ദില്ലി: രാജ്യത്ത് ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ വിൽപന വൻതോതിൽ ഇടിഞ്ഞതായി മദ്യ വ്യവസായ രംഗം റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ ഒൻപത് ലിറ്റർ വീതമുള്ള 85.7 ദശലക്ഷം കേസുകളാണ് വിറ്റതെങ്കിൽ, ഇത്തവണയത് 78 ദശലക്ഷമായി ഇടിഞ്ഞു. 8.98 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.

കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ആൽകഹോളിക് ബീവറേജ് ഇന്റസ്ട്രിയാണ് ഇക്കാര്യം പറയുന്നത്. ഇന്ത്യയിൽ നിർമ്മിച്ച് വിദേശത്തടക്കം വിൽക്കപ്പെടുന്ന മദ്യനിർമ്മാണ കമ്പനികളാണ് ഈ സംഘടനയിലെ അംഗങ്ങൾ. അതേസമയം ഈ സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തെ അപേക്ഷിച്ച് വിൽപനയിൽ ഉയർച്ചയുണ്ടായി. 

ഏപ്രിൽ-ജൂൺ പാദത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 29.06 ശതമാനമായിരുന്നു വിൽപനയിലെ ഇടിവ്. 2019-20 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ 172 ദശലക്ഷം കേസുകളാണ് വിറ്റതെങ്കിൽ ഇക്കുറി അത് 122 ദശലക്ഷമായിരുന്നു. ആന്ധ്രപ്രദേശ്, ഛത്തീസ്‌ഗഡ്, ജമ്മു കശ്മീർ, പശ്ചിമ ബംഗാൾ, രാജസ്ഥാൻ സംസ്ഥാനങ്ങളിലാണ് മദ്യവിൽപ്പന മറ്റിടങ്ങളെ അപേക്ഷിച്ച് വലിയ തോതിൽ ഇടിഞ്ഞത്. പഞ്ചാബിൽ വിൽപന ഉയർന്നു.