ദില്ലി: ഇന്ത്യാക്കാരായ വ്യക്തികളും സ്ഥാപനങ്ങളും സ്വിസ് ബാങ്കുകളിൽ നിക്ഷേപിച്ചിരിക്കുന്ന തുകയിൽ ആറ് ശതമാനത്തിന്റെ ഇടിവ്. 2019 ലെ കണക്കിലാണ് ഇടിവുണ്ടായത്. 6625 കോടി മൂല്യം വരുന്ന 899 ദശലക്ഷം സ്വിസ് ഫ്രാങ്ക്സാണ് ഇപ്പോൾ ഇന്ത്യാക്കാരുടെ പേരിൽ സ്വിസ് ബാങ്കുകളിലുള്ളത്.

ബാങ്കുകൾ സ്വിസ് നാഷണൽ ബാങ്കിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഏറെ വിവാദമായ ഇന്ത്യാക്കാരുടെ കള്ളപ്പണ വിവാദത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് റിപ്പോർട്ട് സമർപ്പിച്ചത്. 

വ്യക്തികളുടെ നിക്ഷേപം, ബാങ്കുകളും സ്ഥാപനങ്ങളും നടത്തിയിരിക്കുന്ന നിക്ഷേപവുമാണ് ഇതിലുൾപ്പെട്ടിരിക്കുന്നത്. ഇന്ത്യയിലെ നികുതി വെട്ടിപ്പ് കണ്ടെത്താനായി സ്വിസ് അധികൃതർ മികച്ച സഹകരണമാണ് നടത്തുന്നത്. അതേസമയം സ്വിറ്റ്സർലന്റിലെ ഇന്ത്യാക്കാരുടെ ആസ്തികൾ കള്ളപ്പണമായി കണക്കാക്കാനാവില്ലെന്ന് അവർ നേരത്തെ വ്യക്തമാക്കിയതുമാണ്.