ദില്ലി: പൊതുമേഖല എണ്ണക്കമ്പനിയായ ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍റെ വിദേശ നിക്ഷേപ വിഭാഗമായ ഒഎന്‍ജിസി വിദേശ് (ഒവിസി) കഴിഞ്ഞ വര്‍ഷം അറ്റാദായത്തില്‍ 71.4 ശതമാനം വര്‍ധന നേടി. കമ്പനിയുടെ ക്രൂഡ് ഓയില്‍ ഉല്‍പാദനത്തിലുണ്ടായ വര്‍ധനയാണ് അറ്റാദായത്തില്‍ പ്രതിഫലിച്ചത്. 

2018-19 സാമ്പത്തിക വര്‍ഷത്തില്‍ 1,682 കോടി രൂപയായിരുന്നു കമ്പനിയുടെ സംയോജിത അറ്റാദായം. മുന്‍ സാമ്പത്തിക വര്‍ഷത്തെക്കാള്‍ വന്‍ വളര്‍ച്ചയാണ് കമ്പനി നേടിയിരിക്കുന്നത്. മുന്‍ സാമ്പത്തിക വര്‍ഷം അറ്റാദായം 981 കോടി രൂപയായിരുന്നു. 40.5 ശതമാനം വര്‍ധനയോടെ വരുമാനം 14,632 കോടിയിലേക്ക് ഉയരുകയും ചെയ്തു. 

ഒഎന്‍ജിസിയുടെ ലിസ്റ്റ് ചെയ്തിട്ടില്ലാത്ത വിദേശ വിഭാഗമായതിനാല്‍ ഒരോ പാദത്തിലെയും ഫലങ്ങള്‍ കമ്പനി പുറത്ത് വിടണമെന്ന് നിര്‍ബന്ധമില്ല. നിരവധി പൊതുമേഖ കമ്പനികള്‍ രാജ്യത്ത് നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുമ്പോഴാണ് ഒഎന്‍ജിസി വിദേശിന്‍റെ ഈ വന്‍ നേട്ടം.