ദില്ലി: റെയിൽവെയിലെ ചരക്ക് ഗതാഗതത്തെ കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ മാറ്റത്തിന് കേന്ദ്രസർക്കാറിന്റെ നീക്കം. റെയിൽവെ വഴി അയക്കുന്ന ചരക്കുകൾ ഉപഭോക്താവിന് വൈകിയാണ് ലഭിക്കുന്നതെങ്കിൽ നഷ്ടപരിഹാരം നൽകുന്നതിനുള്ള ആലോചനകളാണ് നടക്കുന്നത്.

ഫ്രൈറ്റ് കോറിഡോർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ സ്ഥാപക ദിനാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്ന കേന്ദ്ര റെയിൽവെ മന്ത്രി പിയൂഷ് ഗോയലിന്റേതാണ് പ്രഖ്യാപനം.തേജസ് ട്രെയിനുകൾ വൈകിയാൽ യാത്രക്കാർക്ക് ഐആർസിടിസി നഷ്ടപരിഹാരം നൽകുന്നത് മാതൃകയാക്കിയാണ് പുതിയ ശ്രമം. ഈ മാറ്റം കൊണ്ടുവരാൻ റെയിൽവെ ബോർഡിനോട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. ചരക്ക് ഗതാഗതത്തെ കൂടുതൽ കൃത്യതയുള്ളതും വിശ്വാസയോഗ്യമായതുമാക്കി മാറ്റാനാണ് കേന്ദ്ര റെയിൽവെ മന്ത്രാലയത്തിന്റെ ലക്ഷ്യം.

ഇന്ത്യൻ റെയിൽവെ കാറ്ററിങ് ആന്റ് ടൂറിസം കോർപറേഷന്റെ പ്ലാൻ നല്ല രീതിയിലാണ് നടപ്പിലാക്കുന്നത്. തേജസ് ട്രെയിനുകൾ ഒരു മണിക്കൂർ വൈകിയാൽ യാത്രക്കാരന് നൂറ് രൂപയും രണ്ട് മണിക്കൂറോ അതിലേറെയോ വൈകിയാൽ 250 രൂപയുമാണ് ഐആർസിടിസി നഷ്ടപരിഹാരം നൽകുന്നത്.