സൗദിയോ മറ്റ് ഒപെക് രാജ്യങ്ങളുമായോ ഉള്ള നിശ്ചിതകാല കരാറുകളിൽ നിന്ന് പിന്മാറാനാണ് നീക്കം.

ദില്ലി: ഇന്ധന ഇറക്കുമതിയിൽ നയപരമായ നിർണായക തീരുമാനത്തിലേക്ക് ഇന്ത്യൻ റിഫൈനേഴ്സ് എത്തി. അടുത്ത മാസം മുതൽ സൗദി അറേബ്യയിൽ നിന്ന് വാങ്ങിയിരുന്ന ക്രൂഡ് ഓയിലിന്റെ അളവ് കുറയ്ക്കും. ഇതുവരെ വാങ്ങിയതിന്റെ മൂന്നിലൊന്ന് മാത്രമേ ഇനി വാങ്ങൂ. മധ്യേഷ്യൻ രാജ്യങ്ങളിൽ നിന്ന് മറ്റ് എണ്ണ ഉൽപ്പാദകരിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ശ്രമം.

ഇന്ത്യൻ ഓയിൽ കോർപറേഷൻ അടക്കമുള്ള മൂന്ന് പ്രധാന കമ്പനികൾ നിലവിലെ പ്രതിമാസ ശരാശരിയുടെ 65 ശതമാനം മാത്രമാണ് മെയ് മാസത്തിലേക്ക് ആവശ്യപ്പെട്ടിട്ടുള്ളതെന്നാണ്, ഇതുമായി നേരിട്ട് അറിവുള്ളവരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സ്പോട് മാർക്കറ്റുകളിൽ നിന്നോ കറണ്ട് മാർക്കറ്റുകളിൽ നിന്നോ ഇന്ധനം വാങ്ങിക്കാനാണ് തീരുമാനം. സൗദിയോ മറ്റ് ഒപെക് രാജ്യങ്ങളുമായോ ഉള്ള നിശ്ചിതകാല കരാറുകളിൽ നിന്ന് പിന്മാറാനാണ് നീക്കം. കേന്ദ്രസർക്കാർ കഴിഞ്ഞ മാസം ഇത് സംബന്ധിച്ച് പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് നിർദ്ദേശം നൽകിയിരുന്നു.