വിദേശ പഠനത്തിന് ഇന്ത്യൻ വിദ്യാർത്ഥികൾക്കിടയിൽ യു.കെ ഒന്നാം സ്ഥാനത്ത് തുടരുന്നുവെന്ന് ഗ്യാന്‍ധന്‍ റിപ്പോര്‍ട്ട്. അതേ സമയം അപേക്ഷകരിൽ കുറവുണ്ടെന്നും റിപ്പോർട്ട്. കാനഡയോടുള്ള താല്‍പര്യം കുത്തനെ ഇടിഞ്ഞപ്പോൾ, കുറഞ്ഞ പഠനച്ചെലവും മികച്ച വിസ നിയമങ്ങളും കാരണം ഓസ്‌ട്രേലിയ, ജര്‍മനി, അയര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങൾ പുതിയ ഇഷ്ടകേന്ദ്രങ്ങളായി മാറുകയാണ്.

വിദേശത്ത് ഉപരിപഠനം നടത്താന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ താല്‍പര്യങ്ങളില്‍ സമീപകാലത്ത് വലിയ മാറ്റങ്ങളാണുണ്ടായിരിക്കുന്നത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഡ്- ടെക് പ്ലാറ്റ്ഫോമായ 'ഗ്യാന്‍ധന്‍' പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം, തുടര്‍ച്ചയായ മൂന്നാം വര്‍ഷവും വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട ഇടമായി യു.കെ തന്നെ തുടരുന്നു. എന്നാല്‍ 2026-ല്‍ യു.കെയിലേക്കുള്ള അപേക്ഷകളില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇടിവുണ്ടായിട്ടുണ്ട്.

അമേരിക്കയോടുള്ള താല്‍പര്യം വിദ്യാര്‍ഥികള്‍ മുന്‍പത്തെപ്പോലെ തന്നെ നിലനിര്‍ത്തുമ്പോള്‍, കാനഡയിലേക്കുള്ള ഒഴുക്കില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പകരം ഓസ്‌ട്രേലിയ, ജര്‍മനി, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലേക്കാണ് ഇപ്പോള്‍ കൂടുതല്‍ വിദ്യാര്‍ഥികളും പറക്കുന്നത്. കുറഞ്ഞ പഠനച്ചെലവും വിദ്യാര്‍ഥി സൗഹൃദ വിസ നിയമങ്ങളുമാണ് ഈ രാജ്യങ്ങളെ പ്രിയപ്പെട്ടതാക്കുന്നത്.

കാനഡയ്ക്ക് വന്‍ തിരിച്ചടി, നേട്ടം കൊയ്ത് മറ്റ് രാജ്യങ്ങള്‍

കണക്കുകള്‍ പ്രകാരം വിദേശപഠന രംഗത്ത് യു.കെയുടെ കുത്തക കുറഞ്ഞുവരികയാണ്. 2025-ല്‍ 36 ശതമാനമായിരുന്ന യു.കെയുടെ വിഹിതം 2026-ല്‍ (ഇതുവരെ) 26 ശതമാനമായി കുറഞ്ഞു. അതായത് 2022-ലെ അവസ്ഥയിലേക്ക് യു.കെ മടങ്ങിയെത്തി. നിലവില്‍ മറ്റൊരു രാജ്യത്തിനും 26 ശതമാനത്തിന് മുകളില്‍ അപേക്ഷകരില്ലെന്നതും ശ്രദ്ധേയമാണ്.

അമേരിക്കയിലേക്കും കാനഡയിലേക്കുമുള്ള അപേക്ഷകളുടെ എണ്ണത്തിലും കാര്യമായ കുറവുണ്ട്. 2022-ല്‍ ആകെ അപേക്ഷകളുടെ 50 ശതമാനവും ഈ രണ്ട് രാജ്യങ്ങളിലേക്കുമായിരുന്നെങ്കില്‍ 2026-ല്‍ അത് വെറും 17 ശതമാനമായി ചുരുങ്ങി. ഇതില്‍ തന്നെ കാനഡയ്ക്കാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. കാനഡയുടെ വിഹിതം 21 ശതമാനത്തില്‍ നിന്ന് 3 ശതമാനമായാണ് കൂപ്പുകുത്തിയത്.

അതേസമയം ഓസ്‌ട്രേലിയയും ജര്‍മനിയും വലിയ മുന്നേറ്റം നടത്തി. ഓസ്‌ട്രേലിയയുടെ വിഹിതം 6 ശതമാനത്തില്‍ നിന്ന് 12 ശതമാനമായും ജര്‍മനിയുടെ വിഹിതം 6 ശതമാനത്തില്‍ നിന്ന് 10 ശതമാനമായും ഉയര്‍ന്നു. അയര്‍ലന്‍ഡിലേക്ക് 5 ശതമാനവും യു.എ.ഇയിലേക്ക് 2 ശതമാനവുമാണ് നിലവിലെ അപേക്ഷകര്‍.