ദില്ലി: രാജ്യത്തിന്‍റെ കയറ്റുമതിയും ഇറക്കുമതിയും ഒരേപോലെ ഉയര്‍ന്ന 2018- 19 സാമ്പത്തിക വര്‍ഷത്തില്‍ വ്യാപരക്കമ്മിയിലും വര്‍ധനവുണ്ടായി. ഇന്ത്യയുടെ വ്യാപാരക്കമ്മി മാര്‍ച്ചില്‍ 1,090 കോടി ഡോളറായിരുന്നു. ഫെബ്രുവരി മാസത്തില്‍ ഇത് 17 മാസത്തെ ഏറ്റവും കുറഞ്ഞ നിലയിലായിരുന്നു. 960 കോടി ഡോളറയിരുന്നു വ്യാപാരക്കമ്മി.

മാര്‍ച്ച് മാസത്തില്‍ എണ്ണവിലയിലുണ്ടായ വര്‍ധനയും സ്വര്‍ണത്തിന്‍റെ ആവശ്യകത കൂടിയതുമാണ് വ്യാപാരക്കമ്മി വര്‍ധിക്കാന്‍ പ്രധാനമായും കാരണമായത്. എന്നാല്‍, മാര്‍ച്ചില്‍ ഇന്ത്യയുടെ കയറ്റുമതിയില്‍ ഉണര്‍വുണ്ടായി. മുന്‍ മാസത്തെ 3,630 കോടി ഡോളറില്‍ നിന്ന് 4,344 ലേക്ക് കയറ്റുമതി വര്‍ധിച്ചു. 

ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി 5.55 ശതമാനം ഉയര്‍ന്ന് 1,175 കോടി ഡോളറിലെത്തി. രാജ്യത്തിന്‍റെ 80 ക്രൂഡ് ഓയില്‍ ആവശ്യകതയും ഇറക്കുമതിയിലൂടെയാണ് നിവര്‍ത്തിക്കപ്പെടുന്നത്. കേന്ദ്ര സര്‍ക്കാരിന്‍റെ വ്യാപാര മന്ത്രാലയമാണ് വിവരങ്ങള്‍ പുറത്ത് വിട്ടത്.