മുംബൈ: രാജ്യത്ത് ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള റീട്ടെയ്ൽ പണപ്പെരുപ്പം 16 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണെന്ന് ഒക്ടോബർ മാസത്തെ കണക്കുകൾ സൂചിപ്പിക്കുന്നു. 4.62 ശതമാനമാണ് പണപ്പെരുപ്പം. ജൂലൈ 2016 ന് ശേഷം ഭക്ഷ്യ വിപണിയിലെ വിലക്കയറ്റം 7.89 ശതമാനമായി ഉയർന്നു.

സെപ്തംബറിൽ 3.99 ആയിരുന്ന പണപ്പെരുപ്പ നിരക്കാണ് ഒക്ടോബറിൽ 4.62 ശതമാനമായത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് നിരക്ക് 3.38 ശതമാനമായിരുന്നു. ശീതകാല വിപണിയിലേക്ക് ഉൽപ്പന്നങ്ങൾ എത്തിത്തുടങ്ങുമ്പോൾ ഭക്ഷ്യവിപണിയിലെ വിലക്കയറ്റം ഇല്ലാതാകുമെന്നായിരുന്നു റിസർവ് ബാങ്കിന്റെ പ്രതീക്ഷ. എന്നാൽ, ഇതുണ്ടായില്ലെന്നാണ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിന്റെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്.

പ്രധാന വിലക്കയറ്റ സംഖ്യകൾ ഇങ്ങനെയാണ്. ഗ്രാമീണ മേഖലയിലെ വിലക്കയറ്റ തോത് 4.29 ശതമാനം. വസ്ത്ര-ചെരുപ്പ് വിപണിയിൽ 1.65 ശതമാനം. നഗരമേഖലയിൽ ഭക്ഷ്യ വിലക്കയറ്റം 10.47 ശതമാനം. സെപ്തംബറിൽ 8.76 ശതമാനമായിരുന്നു. അതേസമയം ഗ്രാമീണ മേഖലയിലെ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ വിലക്കയറ്റ തോത് 3.22 ൽ നിന്ന് 6.42 ആയി ഉയർന്നിട്ടുണ്ട്.