ആപ്പിൾ, ആൽഫബെറ്റ്, മൈക്രോസോഫ്റ്റ്; ലോകത്തെ മികച്ച 100 മികച്ച കമ്പനികൾ, ഇന്ത്യയിൽ നിന്നും ഒരേ ഒരു കമ്പനി !
750 കമ്പനികളുടെ പട്ടികയിൽ ഇൻഫോസിസിനെ കൂടാതെ ഏഴ് ഇന്ത്യൻ കമ്പനികളും ലിസ്റ്റ് ചെയ്തിട്ടുണ്ട്. വിപ്രോ പട്ടികയിൽ 174-ാം സ്ഥാനത്തും, ആനന്ദ് മഹീന്ദ്രയുടെ നേതൃത്വത്തിലുള്ള മഹീന്ദ്ര ഗ്രൂപ്പ് 210-ാം റാങ്കിലുമാണ്

ദില്ലി: ടൈം മാഗസിനും ഓൺലൈൻ ഡാറ്റ പ്ലാറ്റ്‌ഫോമായ സ്റ്റാറ്റിസ്റ്റയും പുറത്തിറക്കിയ 100 മികച്ച കമ്പനികളുടെ പട്ടികയിൽ ഇന്ത്യൻ കമ്പനിയായി ഇൻഫോസിസ് മാത്രം. ടൈംസ് വർഷം തോറും പുറത്തിറക്കുന്ന മികച്ച കമ്പനികളുടെ പട്ടികയിൽ, ടെക്നോളജി കമ്പനികളായ മൈക്രോസോഫ്റ്റ്, ആപ്പിൾ, ആൽഫബെറ്റ് എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. 100-ൽ 88.38 സ്‌കോറുമായി 64-ാം സ്ഥാനത്താണ് പ്രമുഖ ഐടി കമ്പനിയായ ഇൻഫോസിസ്.
ലോകത്തിലെ ഏറ്റവും മികച്ച പ്രൊഫഷണൽ സർവീസ് കമ്പനികളിൽ ഒന്നാണ് ഇന്ത്യൻ കമ്പനിയായ ഇൻഫോസിസ്. ജീവനക്കാരുടെ സംതൃപ്തിയുടെ കാര്യത്തിൽ കമ്പനിയുടെ റാങ്ക് 103-ാം സ്ഥാനത്താണ്. ലോകത്ത് മാറ്റങ്ങൾക്ക് കാരണമായ 750 കമ്പനികളുടെ പട്ടികയാണ് ടൈംസ് തയ്യാറാക്കിയത്. ജീവനക്കാരുടെ സംതൃപ്തി, വരുമാന വളർച്ച, പാരിസ്ഥിതിക വിഷയങ്ങളുൾപ്പെടെ നിരവധി വശങ്ങൾ പരിശോധിച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
750 കമ്പനികളുടെ പട്ടികയിൽ ഇൻഫോസിസിനെ കൂടാതെ ഏഴ് ഇന്ത്യൻ കമ്പനികളും ലിസ്റ്റ് ചെയ്തിട്ടുണ്ട്. വിപ്രോ പട്ടികയിൽ 174-ാം സ്ഥാനത്തും, ആനന്ദ് മഹീന്ദ്രയുടെ നേതൃത്വത്തിലുള്ള മഹീന്ദ്ര ഗ്രൂപ്പ് 210-ാം റാങ്കിലുമാണ്. റിലയൻസ് ഇൻഡസ്ട്രീസ് 248-ാം റാങ്കിലും, എച്ച്സിഎൽ ടെക്നോളജീസ് 262-ാം റാങ്കിലും, എച്ച്ഡിഎഫ്സി ബാങ്ക് 418-ാം സ്ഥാനത്തും, ഡബ്ല്യുഎൻഎസ് ഗ്ലോബൽ സർവീസസ് 596-ാം റാങ്കിലും, ഐടിസി 672-ാം സ്ഥാനത്തുമാണ്. ഇന്ത്യൻ വിവര സാങ്കേതികവിദ്യ (ഐടി) വ്യവസായത്തിന്റെ ഖ്യാതി ലോകമെങ്ങും എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച കമ്പനിയാണ് ഇൻഫോസിസ് . വരുമാനക്കണിക്കിൽ ടാറ്റ ഗ്രൂപ്പിന്റെ ടിസിഎസിനു പിന്നിൽ രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനി കൂടിയാണിത്.
Read More : സീനിയർ സിറ്റിസൺ സേവിംഗ് സ്കീം; സെപ്തംബറിൽ പലിശനിരക്ക് കൂടുമോ; വിശദാംശങ്ങൾ അറിയാം