ഇത് ഇന്ത്യയുടെ നൂറ്റാണ്ട്, രാജ് സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റത്തിന്റെ ഭാവി തിളക്കമുള്ളതെന്ന് ബ്രണ്ടൻ റോജേഴ്സ്

ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റത്തിന്റെ ഭാവി ശോഭനമായിരിക്കുമെന്ന് വെഞ്ച്വര്‍ കാപിറ്റലിസ്റ്റും ഉപദേഷ്ടാവുമായ ബ്രണ്ടൻ റോജേഴ്സ്. ഇത് ഇന്ത്യയുടെ നൂറ്റാണ്ടായിരിക്കുമെന്നും അദ്ദേഹം ലിങ്ക്ഡ്ഇൻ പോസ്റ്റിൽ കുറിച്ചു. ഏകദേശം ഏഴ് ശതമാനം ജിഡിപിയിൽ അതിവേഗം വളരുന്ന, രണ്ടാമത്തെ ഇന്റര്‍നെറ്റ് യൂസര്‍ ബേസുള്ള രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.

2022-ൽ ഞാൻ പത്ത് രാജ്യങ്ങളിൽ യാത്ര ചെയ്തു. എന്തുകൊണ്ടാണ് ഇത് ഇന്ത്യയുടെ നൂറ്റാണ്ടാകുന്നത് എന്നത് ലോകത്തോട് പറഞ്ഞു. ഇന്ത്യയിൽ നിക്ഷേപം നടത്താൻ കഴിവുള്ള നൂറുകണക്കിന് നിക്ഷേപകരുടെ മുന്നിൽ മുഖ്യ പ്രഭാഷകനായി സംസാരിക്കാൻ എനിക്ക് ഭാഗ്യമുണ്ടായി. ഞാൻ ഇന്ത്യയെ കുറിച്ച് അവരോട് ചില കാര്യങ്ങൾ പറ‍ഞ്ഞു. പ്രായത്തിൽ ഏറ്റവും കുറവ് ശരാശരിയായ 28 ഉള്ള, ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ രാജ്യമാണ് ഇന്ത്യ. 

ലോകത്തെ രണ്ടാമത്തെ ഇന്റ‍ര്‍നെറ്റ് ഉപഭോക്തൃ അടിത്തറയുള്ള രാജ്യം. ഏഴ് ശതമാനം ജിഡിപിയിൽ അതിവേഗം വളരുന്ന രാജ്യം. വിട്ടുവീഴ്ചകളില്ലാത്ത സങ്കേതിക സ്ഥാപകരുണ്ട് ഉന്ത്യക്ക്. ഇന്ത്യക്കാര്‍ വിദേശത്തേക്ക് പോകാതെ, സ്വദേശത്ത് നിൽക്കുകയും മാതൃരാജ്യം കെട്ടിപ്പടുക്കുകയും ചെയ്യുന്നു. ഇന്ത്യയിലേക്ക് കോടിക്കണക്കിന് ഡോളറിന്റെ വിദേശ മൂലധനം ഒഴുകുന്നുണ്ട്. ഇവയെല്ലാം സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റത്തിന്റെ ഭാവി മറ്റെന്തിനേക്കാളും ശോഭനമാക്കും- റോജേഴ്സ് കുറിച്ചു.

ഇന്ത്യയിൽ നിക്ഷേപം നടത്താനുള്ള കാരണത്തെ കുറിച്ച് അദ്ദേഹം നേരത്തെയും സംസാരിച്ചിരുന്നു. 2025 ആകുമ്പോഴേക്കും ഇന്ത്യയിലെ സ്റ്റാർട്ടപ്പുകളുടെ എണ്ണം 150,000 കവിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയെങ്കിൽ അതുവഴി 3.25 മില്യണിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. അതേ സമയം, ഇന്ത്യൻ സ്റ്റാർട്ടപ്പുകളിലെ മൊത്തം ഫണ്ടിംഗ് 150 ബില്യൺ ഡോളറായി ഉയരും. ഇതിലൂടെ ആകെ മൂല്യവ‍ര്‍ധന 500 ബില്യൺ ഡോള‍ര്‍ കടക്കുമെന്നുമായിരുന്നു അദ്ദേഹം കുറിച്ചത്.

പ്രാഥമിക ഘട്ട ഫണ്ടിങ് കമ്പനിയായ 2 എഎം വിസിയുടെ സഹസ്ഥാപകനാണ് ഇപ്പോള്‍ റോജേഴ്‍സ്. അമേരിക്കയിലെ ഏറ്റവും വലിയ പെറ്റ് പ്ലാറ്റ്ഫോമായ വാഗിന്റെ സ്ഥാപകരിലൊരാള്‍ കൂടിയാണ് അദ്ദേഹം. ലോകത്തിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് സമ്മേളനങ്ങളില്‍ സ്ഥിരമായി പ്രഭാഷണങ്ങള്‍ നടത്തുന്ന വ്യക്തി കൂടിയാണ് റോജേഴ്‍സ്.