ബീജിങ് : ചൈനയെ പിടിച്ചുലച്ച കൊറോണ വൈറസ് ബാധയെ നേരിടാന്‍ ചൈനയിലെ ഏറ്റവും വലിയ ധനികനായ ജാക് മാ നല്‍കിയത് 14.5 ദശലക്ഷം ഡോളര്‍. ഏതാണ്ട് 103 കോടി രൂപയിലേറെ വരും ഇത്.

മനുഷ്യനും രോഗവും തമ്മിലുള്ള ഈ പോരാട്ടം ഒരു ദീര്‍ഘയാത്രയാണെന്ന് അറിയാമെന്നും, ഈ തുക രോഗത്തെ നേരിടാനുതകുന്ന വൈദ്യ ഗവേഷണങ്ങള്‍ക്കും രോഗപ്രതിരോധത്തിന് കരുത്തേകട്ടെയെന്നും ജാക് മായുടെ ഉടമസ്ഥതയിലുള്ള ആലിബാബ ഗ്രൂപ്പിന്‌റെ ജീവകാരുണ്യ പ്രവര്‍ത്തന വിഭാഗം ട്വീറ്റ് ചെയ്തു.

ലോകത്താകമാനം വിവിധ രാഷ്ട്രങ്ങളില്‍ ഇതിനോടകം സ്ഥിരീകരിച്ച കൊറോണ വൈറസ് ബാധയിലൂടെ ആയിരക്കണക്കിന് പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 150 ലേറെ പേര്‍ ഇതിനോടകം മരിച്ചു.

അതേസമയം ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായ ചൈനയിലെ വളര്‍ച്ചാ നിരക്കിലുണ്ടാകുന്ന ഏത് മാറ്റങ്ങളും ആഗോള വളര്‍ച്ചാമുരടിപ്പിന് കാരണമാകും. അതിനാല്‍ തന്നെ കൊറോണ വൈറസ് ബാധ വിപണിയില്‍ ഉയര്‍ത്തിയിരിക്കുന്ന ആശങ്ക ചെറുതല്ല. ഇന്ത്യയടക്കമുള്ള ലോകരാഷ്ട്രങ്ങളെയെല്ലാം ഈ മാറ്റം ബാധിച്ചേക്കും. ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണ കമ്പനികള്‍ക്ക് കൂടുതല്‍ സ്‌പെയര്‍ പാര്‍ട്‌സുകള്‍ എത്തുന്നത് ചൈനയില്‍ നിന്നായതിനാല്‍, ഇത് പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക രാജ്യത്തുണ്ട്.