ഇന്ത്യന്‍ കമ്പനികള്‍.നൈജീരിയ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള മരുന്ന് കയറ്റുമതിയില്‍ വന്‍ വര്‍ധന രേഖപ്പെടുത്തിയതായി കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍
അമേരിക്കന്‍ വിപണിയിലെ കടുത്ത നിയന്ത്രണങ്ങളും ട്രംപ് ഭരണകൂടത്തിന്റെ തീരുവ ഭീഷണിയും നിലനില്‍ക്കെ, ബ്രസീല്‍, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യന്‍ കമ്പനികള്‍.നൈജീരിയ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള മരുന്ന് കയറ്റുമതിയില്‍ വന്‍ വര്‍ധന രേഖപ്പെടുത്തിയതായി കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
കുതിച്ചുചാട്ടവുമായി നൈജീരിയ
ഇന്ത്യന്‍ മരുന്നുകളുടെ ഏറ്റവും വേഗത്തില്‍ വളരുന്ന വിപണിയായി നൈജീരിയ മാറി. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ എട്ടു മാസങ്ങളില്‍ മാത്രം നൈജീരിയയിലേക്കുള്ള കയറ്റുമതിയില്‍ 17.9 കോടി ഡോളറിന്റെ (ഏകദേശം 1500 കോടിയിലധികം രൂപ) വര്‍ധനയുണ്ടായി. ഇന്ത്യയുടെ ആകെ മരുന്ന് കയറ്റുമതി വളര്‍ച്ചയുടെ 14 ശതമാനവും നൈജീരിയയില്‍ നിന്നാണെന്നത് ശ്രദ്ധേയമാണ്. മറ്റൊരു പ്രധാന വിപണിയായ ബ്രസീലിലേക്കുള്ള കയറ്റുമതിയില്‍ 10 കോടി ഡോളറിന്റെ വര്‍ധനയും ഇക്കാലയളവില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
എന്തുകൊണ്ട് ഇന്ത്യന്‍ മരുന്നുകള്‍?
വികസ്വര രാജ്യങ്ങളില്‍ ആരോഗ്യ പരിരക്ഷാ സൗകര്യങ്ങള്‍ വര്‍ധിക്കുന്നതും സര്‍ക്കാര്‍ തലത്തിലുള്ള മരുന്ന് സംഭരണം കൂടുന്നതുമാണ് ഇന്ത്യയ്ക്ക് ഗുണകരമാകുന്നത്. വില കുറഞ്ഞതും എന്നാല്‍ ഗുണമേന്മയുള്ളതുമായ ഇന്ത്യന്‍ ജനറിക് മരുന്നുകളെ ഈ രാജ്യങ്ങള്‍ വന്‍തോതില്‍ ആശ്രയിക്കുന്നു.
അമേരിക്ക തന്നെ ഒന്നാമന്‍
ഇന്ത്യന്‍ മരുന്നുകളുടെ ഏറ്റവും വലിയ വിപണിയായി അമേരിക്ക തന്നെ തുടരുന്നു. ആകെ കയറ്റുമതിയുടെ 31 ശതമാനവും അമേരിക്കയിലേക്കാണ്. 2025 ഏപ്രില്‍ - നവംബര്‍ കാലയളവില്‍ ഇന്ത്യയുടെ ആകെ മരുന്ന് കയറ്റുമതി 6.5 ശതമാനം വര്‍ധിച്ച് 2048 കോടി ഡോളറിലെത്തി.
കയറ്റുമതിയിലെ പ്രധാന രാജ്യങ്ങള്‍:
അമേരിക്ക: ഒന്നാം സ്ഥാനം (31%)
നൈജീരിയ, ബ്രസീല്‍: അതിവേഗം വളരുന്ന വിപണികള്‍
യൂറോപ്പ്: നെതര്‍ലന്‍ഡ്സ് (5.8 കോടി ഡോളറിന്റെ വര്‍ധന), ഫ്രാന്‍സ്, ജര്‍മ്മനി.
മറ്റുള്ളവര്‍: കാനഡ, ദക്ഷിണാഫ്രിക്ക.
നെതര്‍ലന്‍ഡ്സിലേക്കുള്ള കയറ്റുമതി വര്‍ധിക്കുന്നത് യൂറോപ്പിലെ വിതരണ ശൃംഖലയില്‍ ഇന്ത്യയുടെ സ്വാധീനം കൂടുന്നതിന്റെ തെളിവായി വിലയിരുത്തപ്പെടുന്നു. വികസിത രാജ്യങ്ങളിലെ സുസ്ഥിരമായ വിപണിയും വളര്‍ന്നുവരുന്ന രാജ്യങ്ങളിലെ പുതിയ സാധ്യതകളും ഒരേപോലെ പ്രയോജനപ്പെടുത്താന്‍ ഇന്ത്യയ്ക്ക് സാധിക്കുന്നുണ്ടെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു.
