ബീജിങ്: അലിബാബ ആന്റ് ഗ്രൂപ് സ്ഥാപകൻ ജാക് മായുടെ ചൈനയിലെ അതിസമ്പന്നരിൽ ഒന്നാമനെന്ന സ്ഥാനം നഷ്ടമായി. ചൈനീസ് ഏജൻസികൾ ഇദ്ദേഹത്തിനെതിരെ നടത്തുന്ന അന്വേഷണമാണ് വിനയായത്. 2019 ലും 2020 ലും ഹുറുൺ ഗ്ലോബൽ റിച്ച് ലിസ്റ്റിൽ ഒന്നാമത് ജാക് മായും കുടുംബവുമായിരുന്നു.

ഇപ്പോൾ ഇതേ പട്ടികയിൽ നാലാം സ്ഥാനത്താണ് ഇദ്ദേഹം. നോങ്ഫു സ്പ്രിങ് എന്ന കുപ്പിവെള്ള കമ്പനിയുടെ തലവൻ ഴോങ് ഷൻഷൻ, ടെൻസന്റ് ഹോൾഡിങ്സിന്റെ പോണി മാ, ഇ-കൊമേഴ്സ് കമ്പനി പിൻഡ്വോഡ്വോയുടെ കോളിൻ ഹുവാങ് എന്നിവരാണ് ജാക് മായ്ക്ക് മുന്നിലെത്തിയത്.

ഒക്ടോബർ 24 ന് നടത്തിയ ഒരു പ്രസംഗമാണ് ജാക് മായ്ക്ക് എതിരെ നടപടിക്ക് ചൈനീസ് ഏജൻസികൾ നീങ്ങാൻ കാരണം. പിന്നാലെ ആൻറ്റ് ഗ്രൂപ്പിന്റെ 37 ബില്യൺ ഡോളർ ലക്ഷ്യമിട്ടുള്ള ഐപിഒ നീക്കം വിലക്കപ്പെട്ടു. പിന്നാലെ ജാക് മായുടെ കമ്പനികൾക്കെതിരെ ആന്റി ട്രസ്റ്റ് നിരീക്ഷണവും ആരംഭിച്ചു. ആൻറ്റ് ഗ്രൂപ്പിന്റെ ഫിൻടെക് പ്രവർത്തനങ്ങൾക്ക് മേൽ കടുത്ത നിയന്ത്രണങ്ങൾ വന്നെന്ന് മാത്രമല്ല, ജാക് മാ അപ്രത്യക്ഷനായതും കമ്പനിക്ക് വൻ തിരിച്ചടിയായി. ജാക് മായുടെയും കുടുംബത്തിന്റെയും ആസ്തി 22 ശതമാനം വർധിച്ച് 360 ബില്യൺ യുവാനിലെത്തി. 85 ബില്യൺ ഡോളറാണ് ഴോങ് ഷൻഷന്റെ ആസ്തി.