ബെംഗളൂരു: ജൻ ധൻ അക്കൗണ്ടുകളും സർക്കാരിന്റെ ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫറും ഗ്രാമങ്ങളിൽ എടിഎം ഉപയോഗം വർധിക്കാൻ കാരണമായി. 2014 ൽ വെറും രണ്ട് ശതമാനമായിരുന്ന എടിഎം ഉപയോഗം ഇപ്പോൾ 12 ശതമാനത്തിലെത്തി. കഴിഞ്ഞ ഏഴ് വർഷത്തിനിടെ രാജ്യത്തെ ഡെബിറ്റ് കാർഡ് ഉപഭോക്താക്കളുടെ എണ്ണം വർധിച്ചു.

2020 സെപ്തംബറിൽ 86 കോടിയാണ് ഗ്രാമങ്ങളിലെ ഡെബിറ്റ് കാർഡ് ഉടമകളുടെ എണ്ണം. ഇതിൽ തന്നെ 30 കോടിയോളം പ്രധാനമന്ത്രിയുടെ ജൻ ധൻ യോജന വഴിയുള്ള റുപേ കാർഡുകളാണ്.മഹാമാരി കാലത്ത് ഗ്രാമങ്ങളിലെ ഉപഭോഗം വർധിച്ചതായി വൈറ്റ് ലേബൽ എടിഎം ഓപറേറ്ററായ ബിടിഐ പേമെന്റ്സ് സിഇഒ കെ ശ്രീനിവാസ് പറഞ്ഞു.

ഇതിന്റെ കാരണം ലോക്ക്ഡൗണിൽ നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമങ്ങളിൽ സാമ്പത്തികമായ തിരിച്ചടി കുറവായതാണെന്നും അദ്ദേഹം പറഞ്ഞു. ബിപിഎൽ വിഭാഗക്കാരെ സഹായിക്കാനുള്ള കേന്ദ്രസർക്കാരിന്റെ പദ്ധതികളും സഹായകരമായി.