ദില്ലി: ഗുജറാത്തിലെ വഡോദരയില്‍ ജെസിബി 650 കോടി രൂപ ചെലവില്‍ പുതിയ ആധൂനിക പ്ലാന്‍റ് സ്ഥാപിക്കുന്നു. പുതിയ പ്ലാന്‍റിലൂടെ ജെസിബിയുടെ എര്‍ത്ത് മൂവിങ് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഉപകരണങ്ങളുടെ നിര്‍മാണവും സാങ്കേതിക വികസനവുമാണ് കമ്പനിയുടെ ലക്ഷ്യം. ഇതിനോടൊപ്പം ഇന്ത്യയില്‍ ഉല്‍പാദനം തുടങ്ങിയതിന്‍റെ 40 മത് വാര്‍ഷികവും ആഘോഷമാക്കാന്‍ കമ്പനി തയ്യാറെടുക്കുകയാണ്.

കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് എര്‍ത്ത് മൂവിങ് ഉപകരണ വിഭാഗത്തിലെ പ്രമുഖ നിര്‍മാതാക്കളാണ് ജെസിബി. ജെസിബിയുടെ ഉപകരണങ്ങളില്‍ സാങ്കേതികമായും രൂപഘടനയിലും വലിയ മാറ്റങ്ങള്‍ക്ക് നിക്ഷേപത്തിലൂടെ തുടക്കം കുറിക്കാനാണ് കമ്പനിയുടെ ആലോചന. ആഗോളതലത്തില്‍ ഉയരുന്ന ഉപകരണങ്ങളുടെ ആവശ്യകത പരിഹരിക്കുകയാണ് പുതിയ പ്ലാന്‍റിന്‍റെ പ്രധാന ലക്ഷ്യം. 

2007 മുതല്‍ ജെസിബിയുടെ ഏറ്റവും വലിയ വിപണികളില്‍ ഒന്നാണ് ഇന്ത്യ. രാജ്യത്തെ ആറാമത്തെ ഫാക്ടറിയാണ് ഗുജറാത്തിലെ വഡോദരയില്‍ കമ്പനി നിര്‍മിക്കാന്‍ പോകുന്നത്. നിലവില്‍ രാജ്യത്ത് വാര്‍ഷികമായി 85,000 ടണ്‍ സ്റ്റീല്‍ പ്രോസസ്സ് ചെയ്യാനുളള സംവിധാനം ജെസിബിക്ക് ഉളളതായാണ് കമ്പനി വ്യക്തമാക്കുന്നത്.