1967 ല്‍ 300 രൂപ ശമ്പളത്തില്‍ ട്രാവല്‍ ഏജന്‍സിയില്‍ കാഷ്യറായി തൊഴിലെടുത്തിരുന്ന ഒരാള്‍, 1992 ല്‍ സ്വന്തമായി ഒരു വിമാനക്കമ്പനി തുടങ്ങി. 2010 ആയപ്പോഴേക്കും ആ കമ്പനി ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വിമാനക്കമ്പനിയായി മാറി. കേള്‍ക്കുമ്പോള്‍ അതിശയകരമായി തോന്നുന്ന ഈ സംഭവകഥയിലെ താരങ്ങളാണ് ജെറ്റ് എയര്‍വേസും അതിന്‍റെ ഉടമയായ നരേഷ് ഗോയലും. നരേഷ് ഗോയലും അദ്ദേഹത്തിന്‍റെ ഭാര്യ അനിതാ ഗോയലും പടിയിറങ്ങി ഒരു മാസത്തിനിപ്പുറം 25 വര്‍ഷത്തിലേറെയായി നിറുത്താതെ പറന്ന ആ ഭീമന്‍ പക്ഷിയും ചിറക് തളര്‍ന്ന് താഴെ വീണു. ജെറ്റ് എയര്‍വേസ് താല്‍ക്കാലികമായി അടച്ചുപൂട്ടിയിരിക്കുന്നു ! 

പ്രതാപകാലത്ത് ദിവസവും 123 ഓളം വിമാനസര്‍വീസുകള്‍ നടത്തിയിരുന്ന വിമാനക്കമ്പനിയായിരുന്നു ജെറ്റ് എയര്‍വേസ്. ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ 18 ശതമാനമെന്ന ഉയര്‍ന്ന വിപണി വിഹിതത്തോടെ രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായിരുന്നു അത്. സമയനിഷ്ഠയിലും സേവന നിലവാരത്തിന്‍റെ കാര്യത്തിലും ജെറ്റ് എയര്‍വേസിന് ഒരു കാലത്ത് ഏഷ്യയിലെ വിമാനക്കമ്പനികളുടെ ഇടയില്‍ ഉയര്‍ന്ന സ്ഥാനവും ഉണ്ടായിരുന്നു. 

സഹാറയില്‍ തുടങ്ങിയ പതനം

2005 ല്‍ പ്രാഥമിക ഓഹരി വില്‍പ്പന നടത്തി സ്റ്റോക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത് ഒരു വര്‍ഷത്തിന് ശേഷമായിരുന്നു ജെറ്റ് എയര്‍വേസ് എയര്‍ സഹാറയെ ഏറ്റെടുത്തത്. 50 കോടി ഡോളറിനാണ് എയര്‍ സഹാറയെ ജെറ്റ് എയര്‍വേസ് ഏറ്റെടുത്തത്. വിദഗ്ധരുടെ അഭിപ്രായത്തില്‍ ജെറ്റ് എയര്‍വേസിന്‍റെ സാമ്പത്തിക പ്രതിസന്ധി ആരംഭിക്കുന്നത് 2006 ല്‍ സഹാറയെ ഏറ്റെടുത്തത് മുതലാണ്. നരേഷ് ഗോയലിനോടൊപ്പം അന്ന് പ്രവര്‍ത്തിച്ചിരുന്ന പ്രഫഷണലുകളില്‍ മിക്കവരും ഈ വാങ്ങല്‍ നടപടിക്ക് എതിരായിരുന്നു. എയര്‍ സഹാറയ്ക്ക് നരേഷ് ഗോയല്‍ നല്‍കിയ വില വളരെ കൂടുതലാണെന്നും അന്ന് അദ്ദേഹത്തിന്‍റെ വിശ്വസ്തരില്‍ നിന്ന് പോലും അഭിപ്രായമുയര്‍ന്നിരുന്നു. 

എന്നാല്‍, ഗോയല്‍ എല്ലാ വാക്കുകളെയും അവഗണിച്ചുകൊണ്ട് സാമ്പത്തികമായി ഏറെ തകര്‍ച്ചയില്‍ നിന്ന സഹാറയെ ഏറ്റെടുത്ത് 'ജെറ്റ് ലൈറ്റ്' എന്ന പേരില്‍ പുതിയ ബജറ്റ് വിമാന സര്‍വീസ് തുടങ്ങി.

ഏകാധിപത്യം നിക്ഷേപകരെ അകറ്റിയോ? 

ജെറ്റ് എയര്‍വേസിന്‍റെ തീരുമാനമെടുക്കുന്ന കേന്ദ്രം എന്നും നരേഷ് ഗോയലും അദ്ദേഹത്തെ ചുറ്റിനിന്ന കുറച്ച് ഇഷ്ടക്കാരുമായിരുന്നു എന്ന് പലപ്പോഴും ആരോപണം ഉയര്‍ന്നിരുന്നു. മറ്റ് ആരുമായും നരേഷ് ഗോയല്‍ തീരുമാനമെടുക്കുന്നതിന് മുന്‍പ് ചര്‍ച്ചകള്‍ നടത്തിയിരുന്നില്ല. ഇതിനാല്‍ തന്നെ പല നിക്ഷേപക ഭീമന്മാരും ജെറ്റില്‍ സ്ട്രാറ്റജിക് ഇന്‍വെസ്റ്ററാകാന്‍ താല്‍പര്യം കാണിച്ചിരുന്നില്ല. ഇടയ്ക്ക് ടാറ്റയുമായി ചര്‍ച്ചകള്‍ നടന്നെങ്കിലും പിന്നീട് ടാറ്റ പിന്മാറുകയായിരുന്നു. ജെറ്റിലെ ഏറ്റവും ശക്തരായ നിക്ഷേപ സ്ഥാപനം അബുദാബി ആസ്ഥാനമായ ഇത്തിഹാദായിരുന്നു. എന്നാല്‍, ഇത്തിഹാദിന്‍റെ കൈവശമുണ്ടായിരുന്ന 24 ശതമാനം ഓഹരി വിഹിതം വര്‍ധിപ്പിക്കണമെന്ന് നിരവധി തവണ നരേഷ് ഗോയല്‍ ആവശ്യപ്പെട്ടിട്ടും അവര്‍ കൂടുതല്‍ നിക്ഷേപത്തിന് തയ്യാറായിരുന്നില്ല.

നരേഷ് ഗോയലിന്‍റെ ഈ ഭരണ നിര്‍വഹണ രീതി അനേകം വിദഗ്ധരുടെ വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു.   

ഒപ്പിടാന്‍ മടിച്ച ബിഎസ്ആര്‍, ആപത്തിന്‍റെ സൂചന ഉയരുന്നു

കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ വ്യോമയാന മേഖലയെ ഞെട്ടിച്ചത് ആഗോള കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കെപിഎംജിയുടെ അഫിലിയേറ്റായ ബിഎസ്ആര്‍ ആന്‍ഡ് കമ്പനിയുടെ തിരുമാനമായിരുന്നു. ജെറ്റ് എയര്‍വേസിന്‍റെ 2018 ഏപ്രില്‍ - ജൂണ്‍ പാദത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ഒപ്പിടില്ലെന്നായിരുന്ന ബിഎസ്ആറിന്‍റെ അന്നത്തെ തീരുമാനം. ഓഡിറ്റ് സ്ഥാപനത്തിന്‍റെ ഈ നിലപാട് നിക്ഷേപകരെയും സാമ്പത്തിക വിദഗ്ധരെയും വലിയ തോതില്‍ ആശങ്കയിലാക്കി. കണക്കുകളില്‍ ഗുരുതരമായ ക്രമക്കേടുകളാണ് അന്ന് ബിഎസ്ആര്‍ കണ്ടെത്തിയത്. 

ജെറ്റ് എയര്‍വേസ് സ്ഥാപകനായ നരേഷ് ഗോയലിന്‍റെ സ്വകാര്യ കമ്പനിയായ ജെറ്റ് എയര്‍ പ്രൈവറ്റ് ലിമിറ്റഡിന് കോടികളുടെ കമ്മീഷന്‍ ജെറ്റ് എയര്‍വേസില്‍ നിന്ന് നല്‍കിയതായുളള കണ്ടെത്തലിനെ തുടര്‍ന്നാണ് ഓഡിറ്റ് സ്ഥാപനമായ ബിഎസ്ആര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ഒപ്പിടില്ലെന്ന നിലപാടെടുത്തത്. ഒരേ ഉടമയ്ക്ക് കീഴില്‍ വരുന്ന സ്ഥാപനത്തിന് മറ്റൊരു സ്ഥാപനം കോടികള്‍ കമ്മീഷന്‍ നല്‍കിയത് അന്യായമാണെന്നാണ് അന്ന് ബിഎസ്ആര്‍ വിലയിരുത്തിയത്. ഇത്തരത്തില്‍ മുമ്പും കമ്മീഷന്‍ കൈമാറ്റം നടത്തിട്ടുണ്ടാകമെന്നും അവര്‍ അന്ന് അഭിപ്രായപ്പെട്ടിരുന്നു. 

കടം കയറിയ ജെറ്റിനെ ഇന്ധനവും പൊള്ളിച്ചു

ലോകത്തെ ഏറ്റവും വലിയ ഇന്ധന ഇറക്കുമതി രാജ്യങ്ങളില്‍ ഒന്നായ ഇന്ത്യയിലെ എണ്ണ വിലക്കയറ്റം രാജ്യത്തെ വിമാനക്കമ്പനികളുടെ പ്രവര്‍ത്തനത്തില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. കഴിഞ്ഞ വര്‍ഷമുണ്ടായ രൂപയുടെ മൂല്യത്തകര്‍ച്ച ഇന്ത്യന്‍ വിമാനക്കമ്പനികളുടെ ബാലന്‍സ്ഷീറ്റുകളെ വിറപ്പിച്ചു. വ്യോമയാന ഇന്ധനത്തിന്‍റെ വിലക്കയറ്റം പലപ്പോഴും കമ്പനികള്‍ക്ക് താങ്ങാന്‍ കഴിയാത്ത സ്ഥിതിയിലേക്ക് വരെ കാര്യങ്ങളെത്തിച്ചിരുന്നു. എണ്ണ വിലക്കയറ്റം ഇന്‍ഡിഗോയ്ക്കും സ്പൈസ് ജെറ്റിനും വലിയ ബാധ്യതയായി. 

രൂപയുടെ മൂല്യത്തകര്‍ച്ചയെത്തുടര്‍ന്നുണ്ടായ എണ്ണവിലക്കയറ്റം ജെറ്റിന്‍റെ തകര്‍ച്ചയുടെ വേഗം കൂട്ടി. നരേഷ് ഗോയലിന്‍റെ നിര്‍ബന്ധിത പുറത്ത് പോകലിലേക്ക് നയിച്ച പ്രധാന വിഷയം ലാഭത്തെപ്പറ്റി ധാരണയില്ലാതെ ജെറ്റ് എയര്‍വേസ് വാങ്ങിക്കൂട്ടിയ വായ്പകളാണ്. സ്റ്റേറ്റ് ബാങ്ക് അടക്കമുളള ബാങ്കുകള്‍ക്ക് ജെറ്റ് തിരിച്ചു നല്‍കാനുളളത് 8,500 കോടി രൂപയാണ്. മൂലധനം ഏറെ ആവശ്യപ്പെടുന്ന വ്യവസായമാണ് വ്യോമയാനം. അതിനാല്‍ തന്നെ ലാഭത്തെക്കുറിച്ച് ധാരണയില്ലാതെയും മികച്ച പദ്ധതി ആസൂത്രണം നടത്താതെയും എടുത്ത വായ്പകളാണ് യഥാര്‍ഥത്തില്‍ ജെറ്റിന്‍റെ ചിറകരിഞ്ഞതെന്ന് സംശയമേതുമില്ലാതെ പറയാം. ഇത്തരം വായ്പകളുടെ പലിശയും പലിശയ്ക്ക് മുകളില്‍ മറ്റ് ബാധ്യതകളും കൂടി കുമിഞ്ഞുകൂടിയതോടെ ജെറ്റിന്‍റെ ചിറകിന് ഭാരം താങ്ങാന്‍ കഴിയാത്ത സ്ഥിതിയായി. ഇതോടൊപ്പം ശമ്പളം കിട്ടാതെ ദുരിതത്തിലായ പൈലറ്റുമാരുടെ സമരം കൂടിയായതോടെ ജെറ്റ് വിമാനങ്ങളുടെ ചലനമറ്റു.  

 

ജെറ്റിന്‍റെ അടച്ചുപൂട്ടല്‍ നടപടി വിഷമവൃത്തത്തിലാക്കിയത് 23,000 ത്തോളം ജീവനക്കാരെയാണ്. ഇവര്‍ക്ക് കഴിഞ്ഞ നാല് മാസമായി ശമ്പളം ലഭിച്ചിട്ടില്ല. ഇതുകൂടാതെ വിമാനം പാട്ടത്തിന് വിട്ടുനല്‍കിയ വിമാനക്കമ്പനികള്‍, ഇന്ധന കമ്പനികള്‍ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യാന്‍ കഴിയാതെ പോയവര്‍ തുടങ്ങി ജെറ്റ് എയര്‍വേസ് കൊടുത്തു തീര്‍ക്കേണ്ട ബാധ്യതകള്‍ ഭീമമാണ്. 

ഇനി എന്ത്?

ജെറ്റ് എയര്‍വേസിന്‍റെ ഭരണം ഇപ്പോള്‍ എസ്ബിഐ നേതൃത്വം നല്‍കുന്ന ബാങ്ക് കണ്‍സോഷ്യത്തിന്‍റെ കൈയിലാണ്. അവരുടെയും ഇത്തിഹാദിന്‍റെയും മറ്റ് ഓഹരി ഉടമകളും സമ്മര്‍ദ്ദം ചെലുത്തിയാണ് നരേഷ് ഗോയലിനെ രാജിവയ്പ്പിച്ചത്. ഇപ്പോള്‍ വിമാനക്കമ്പനിയുടെ 75 ശതമാനം ഓഹരി വില്‍ക്കാനാണ് ബാങ്ക് കണ്‍സോഷ്യത്തിന്‍റെ തീരുമാനം. ഇതിനായുളള ലേലത്തിന്‍റെ ബിഡ് സമര്‍പ്പിച്ചവരില്‍ നിന്ന് നാല് കമ്പനികളെ കണ്‍സോഷ്യം കഴിഞ്ഞ ദിവസം ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിരുന്നു. ഇടയ്ക്ക് കമ്പനിയുടെ സ്ഥാപകനും മുന്‍ ചെയര്‍മാനുമായ നരേഷ് ഗോയല്‍ ബിഡ് സമര്‍പ്പിക്കാന്‍ മുന്നോട്ട് വന്നത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍, ഇത്തിഹാദ് എയര്‍വേസും മറ്റ് നിക്ഷേപകരും ലേലത്തില്‍ നിന്ന് പിന്മാറുമെന്ന ഘട്ടമെത്തിയതോടെ ഗോയല്‍ ലേലത്തില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി. 

ജെറ്റ് എയര്‍വേസിനെ പ്രതിസന്ധിയില്‍ നിന്ന് കരകറ്റാന്‍ ബാങ്കുകളുടെ കൂട്ടായ്മ 1,500 കോടി മുടക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതും നടപ്പായില്ല. ഓഹരി വില്‍പ്പനയ്ക്കായുളള ലേലത്തില്‍ പങ്കെടുക്കാന്‍ യോഗ്യതയുളള നാല് സ്ഥാപനങ്ങളെയാണ് സ്റ്റേറ്റ് ബാങ്ക് നേതൃത്വം നല്‍കുന്ന കണ്‍സോഷ്യം ഷോര്‍ട്ട് ലിസ്റ്റ് ചെയ്തത്. ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ചുരുക്കപ്പട്ടികയില്‍ ഇത്തിഹാദ് എയര്‍വേസും ഇടം നേടിയിട്ടുളളതായാണ് വിവരം.

ടിപിജി ക്യാപിറ്റല്‍, ഇന്‍ഡിഗോ പാര്‍ട്ട്നേഴ്സ്, ഇത്തിഹാദ് എയര്‍വേസ്, നാഷണല്‍ ഇന്‍വെസ്റ്റ്മെന്‍റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് (എന്‍ഐഐഎഫ്) തുടങ്ങിയവരാണ് ചുരുക്കപ്പട്ടികയില്‍ ഇടം നേടിയത്. ഈ മാസം തന്നെ ചുരുക്കപ്പട്ടികയിലുളള സ്ഥാപനങ്ങള്‍ ഫിനാന്‍ഷ്യല്‍ ബിഡ് സമര്‍പ്പിക്കുമെന്നാണ് ബാങ്ക് കണ്‍സോഷ്യത്തിന്‍റെ പ്രതീക്ഷ.