ദില്ലി: ജെറ്റ് എയര്‍വേസിനെ വീണ്ടും സജീവമാക്കാനുളള നടപടികള്‍ക്ക് തുടക്കമായി. നാല് കമ്പനികള്‍ ചേര്‍ന്ന കണ്‍സോര്‍ഷ്യമാകും ഇനിമുതല്‍ ജെറ്റ് എയര്‍വേസിന്‍റെ ഉടമസ്ഥര്‍. ഇത്തിഹാദ് എയര്‍വേസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഹിന്ദുജ ഗ്രൂപ്പ്, ആദിഗ്രോ തുടങ്ങിയ കമ്പനികള്‍ ജെറ്റ് എയര്‍വേസ് ഓഹരികള്‍ പങ്കിട്ടെടുക്കും. ഇതിന് കഴിഞ്ഞ ദിവസം അബുദാബിയിലെ ഇത്തിഹാദ് ആസ്ഥാനത്ത് കൂടിയ യോഗത്തില്‍ ധാരണയായി. 

നാല് കമ്പനികളുടെയും പ്രതിനിധികള്‍ പങ്കെടുത്ത് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ഇതനുസരിച്ച് ഹിന്ദുജ ഗ്രൂപ്പ് ജെറ്റ് എയര്‍വേസില്‍ 1,500 കോടി രൂപ നിക്ഷേപിക്കും. ഏകദേശം 20-25 ശതമാനം ഓഹരി ഇതിലൂടെ ഹിന്ദുജയ്ക്ക് സ്വന്തമാക്കാനാകും. ഇത്തിഹാദ് എയര്‍വേസ് അവരുടെ കൈവശമുളള 24 ശതമാനം ഓഹരികള്‍ നിലനിര്‍ത്തുകയും ചെയ്യും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കമ്പനിയുടെ 24 ശതമാനം ഓഹരികള്‍ സ്വന്തമാക്കും. എസ്ബിഐ ജെറ്റിന് 350 മുതല്‍ 700 കോടി രൂപ വരെ നല്‍കാനും യോഗത്തില്‍ ധാരണയായി. 

മറ്റൊരു നിക്ഷേപകരായ ആദിഗ്രോ 2,500 കോടി രൂപ മൂല്യമുളള ഓഹരികള്‍ വാങ്ങാനും ധാരണയായി. ഇതോടെ നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ജെറ്റ് എയര്‍വേസ് വീണ്ടും ആകാശത്ത് വീണ്ടും സജീവമാകുമെന്ന് ഏറെക്കുറെ ഉറപ്പായി.