Asianet News MalayalamAsianet News Malayalam

പണം വാരിയെറിഞ്ഞ് അംബാനി; സ്‌പെക്ട്രം ലേലത്തില്‍ ജിയോ ചെലവാക്കിയത് 57123 കോടി

രാജ്യത്തെ 22 സര്‍ക്കിളുകളിലും സ്പെക്ട്രം ഉപയോഗിക്കാനുള്ള അവകാശം നേടിയതായി റിലയന്‍സ് ജിയോ അറിയിച്ചു. 5ജിക്കായി ഉപയോഗിക്കാവുന്ന സ്‌പെക്ട്രം പോലും സ്വന്തമാക്കി. 488.35 മെഗാഹെട്സ് സ്പെക്ട്രം വാങ്ങി. പ്രക്ഷേപണപരിധി 55 ശതമാനം വര്‍ധിപ്പിച്ച് 1717 മെഗാഹെട്സില്‍ എത്തിയെന്ന് ജിയോ അവകാശപ്പെട്ടു.
 

jio spends 57123 crore to spectrum bid
Author
New Delhi, First Published Mar 3, 2021, 1:22 PM IST

ദില്ലി: രണ്ട് ദിവസമായി നടന്ന സ്‌പെക്ട്രം ലേലം അവസാനിച്ചപ്പോള്‍ സര്‍ക്കാരിന് 77815 കോടി രൂപ ലഭിച്ചു. ഇതില്‍ 57123 കോടി രൂപയും റിലയന്‍സ് ജിയോയില്‍ നിന്നാണ്. ലോകത്തിലെ എട്ടാമത്തെ വലിയ സമ്പന്നനായ മുകേഷ് അംബാനി ടെലികോം രംഗത്ത് ദീര്‍ഘകാലമായി നോട്ടമിട്ടിരുന്ന വന്‍കുതിപ്പ് ലക്ഷ്യമാക്കിയാണ് പണം വാരിയെറിഞ്ഞതെന്ന് വ്യക്തം. എന്നാല്‍ ആകെ ലേലത്തില്‍ വെച്ച 855.60 മെഗാഹെര്‍ട്‌സില്‍ 355.45 മെഗാഹെര്‍ട്‌സും സ്വന്തമാക്കിയ എയര്‍ടെല്‍ തങ്ങളാണ് ഒന്നാമതെന്ന് അവകാശപ്പെടുന്നു.

അതേസമയം സ്‌പെക്ട്രം കുടിശിക അടച്ച് തീര്‍ക്കാന്‍ ബാക്കിയുള്ള വൊഡഫോണ്‍ ഐഡിയ 1993.40 കോടി രൂപയാണ് സ്‌പെക്ട്രം ലേലത്തിന് ചെലവാക്കിയത്. ഇക്കുറി ലേലത്തിന് വെച്ചിരുന്ന 60 ശതമാനം സ്‌പെക്ട്രവും വിറ്റുപോയെന്നാണ് ടെലികോം സെക്രട്ടറി അന്‍ഷു പ്രകാശ് വ്യക്തമാക്കിയത്. ഏഴ് ബാന്റുകളിലായി 2308.80 മെഗാഹെര്‍ട്‌സാണ് കേന്ദ്ര ടെലികോം മന്ത്രാലയം ലേലത്തിന് വെച്ചത്. എന്നാല്‍ ഇവയില്‍ 700 മെഗാഹെര്‍ട്‌സ്, 2500 മെഗാഹെര്‍ട്‌സ് ബാന്റുകള്‍ വിറ്റുപോയില്ല.

രാജ്യത്തെ 22 സര്‍ക്കിളുകളിലും സ്പെക്ട്രം ഉപയോഗിക്കാനുള്ള അവകാശം നേടിയതായി റിലയന്‍സ് ജിയോ അറിയിച്ചു. 5ജിക്കായി ഉപയോഗിക്കാവുന്ന സ്‌പെക്ട്രം പോലും സ്വന്തമാക്കി. 488.35 മെഗാഹെട്സ് സ്പെക്ട്രം വാങ്ങി. പ്രക്ഷേപണപരിധി 55 ശതമാനം വര്‍ധിപ്പിച്ച് 1717 മെഗാഹെട്സില്‍ എത്തിയെന്ന് ജിയോ അവകാശപ്പെട്ടു. അഞ്ചു മേഖലകളിലായി 11.8 മെഗാഹെട്സ് സ്പെക്ട്രം സ്വന്തമാക്കിയെന്ന് വൊഡഫോണ്‍ ഐഡിയ വ്യക്തമാക്കി. സബ് ഗിഗാഹെട്സ്, മിഡ്-ബാന്‍ഡ് 2300 മെഗാഹെട്സ് ബാന്‍ഡുകളിലെല്ലാം സ്പെക്ട്രം വാങ്ങിയതോടെ തങ്ങള്‍ക്ക് ഇന്ത്യയിലെമ്പാടും പ്രക്ഷേപണാവകാശം സ്വന്തമായെന്നാണ് എയര്‍ടെലിന്റെ അവകാശവാദം. 

എല്ലാ നഗരത്തിലും കെട്ടിടങ്ങള്‍ക്കുള്ളിലേക്ക് അടക്കം ഹൈസ്പീഡ് ഇന്റര്‍നെറ്റ് ലഭ്യമാക്കാനുള്ള വിതരണാവകാശം സ്വന്തമാക്കി. തങ്ങള്‍ക്ക് ഗ്രാമീണ മേഖലയിലും മികച്ച പ്രകടനം നടത്താനാകുമെന്നും എയര്‍ടെല്‍ അവകാശപ്പെട്ടു. ടെലികോം വ്യവസായത്തിനു മാറ്റിവെക്കുന്ന റേഡിയോ തരംഗങ്ങളാണ് സ്പെക്ട്രം. എഎം, എഫ്എം റേഡിയോ ബ്രോഡ്കാസ്റ്റ്, മറ്റ് വയര്‍ലെസ് വിഭാഗങ്ങളായ വൈ-ഫൈ, ബ്ലൂടുത്ത് തുടങ്ങിയവയും ഉള്‍പ്പെടും.
 

Follow Us:
Download App:
  • android
  • ios