ന്യൂയോർക്ക്: അധികാരത്തില്‍ എത്തിയ ശേഷം, അമേരിക്കന്‍ ഉല്‍പ്പന്നങ്ങളുടെ വാങ്ങല്‍ സര്‍ക്കാര്‍ വര്‍ധിപ്പിക്കുമെന്ന് ജോ ബൈഡന്‍. ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനായുളള നടപടികളും അദ്ദേഹം ഉറപ്പ് നല്‍കുന്നു. യുഎസ്സിലെ സപ്ലേ ചെയിന്‍ സംബന്ധിയായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് അടുത്തിടെ അമേരിക്കന്‍ കമ്പനികള്‍ രംഗത്ത് എത്തിയിരുന്നു. തങ്ങളുടെ ഉല്‍പ്പാദന ചെലവുകള്‍ കുറയ്ക്കുന്നതിനായി നിയമ പരിഷ്‌കാരവും അവര്‍ ആവശ്യപ്പെടുന്നു. 

ബൈഡന്‍ മുന്നോട്ടുവച്ച 'ബൈ അമേരിക്കന്‍' മോഡലും യുഎസ്സില്‍ സജീവ ചര്‍ച്ചയായിട്ടുണ്ട്. എന്നാല്‍, ഇത് മുന്‍ പ്രസിഡന്റുമാരെപ്പോലെ പ്രഖ്യാപനം മാത്രമായി പോകുമോ എന്ന ആശങ്കയും വ്യവസായികള്‍ക്കുണ്ട്. 

അടിസ്ഥാന സൗകര്യ വികസന പദ്ധതികളെ ലക്ഷ്യമിട്ടുകൊണ്ട് 400 ബില്യണ്‍ ഡോളറിന്റെ ആഭ്യന്തര ഉല്‍പ്പന്നങ്ങള്‍ വാങ്ങുമെന്ന് തെരഞ്ഞെടുപ്പ് കഴിഞ്ഞ വേളയില്‍ ബൈഡന്‍ വ്യക്തമാക്കിയിരുന്നു. അമേരിക്കയില്‍ ആഭ്യന്തരമായി ഉല്‍പ്പാദിപ്പിച്ച സ്റ്റീല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കും. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷാ ഉപകരണങ്ങളും അമേരിക്കയില്‍ നിര്‍മിച്ചവ തന്നെ വാങ്ങുമെന്നും അദ്ദേഹം പറഞ്ഞതായി വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

പുതിയ ഉല്‍പ്പന്ന ഗവേഷണ പ്രവര്‍ത്തങ്ങള്‍ക്കായി 300 ബില്യണ്‍ ഡോളര്‍ ചെലവ് വരുന്ന പദ്ധതികളും ബൈഡന്റെ പ്രഖ്യാപനങ്ങളിലുണ്ട്.