Asianet News MalayalamAsianet News Malayalam

K Rail : 'പരിസ്ഥിതി ആഘാതം ഏറ്റവും കുറവ്, സിൽവർ ലൈൻ പ്രായോഗികം', അലോക് വർമയെ തള്ളി എംഡി

സംസ്ഥാനസർക്കാർ അഭിമാനപദ്ധതിയായി മുന്നോട്ടുവയ്ക്കുന്ന കെ റെയിലിന്‍റെ സമഗ്രപദ്ധതി രൂപരേഖ വെറും കെട്ടുകഥയാണെന്നും, ഇതിന് സാധ്യതകളില്ലെന്നും പ്രാഥമിക സാധ്യതാപഠനം നടത്തിയ സംഘത്തലവൻ അലോക് വർമ പറഞ്ഞിരുന്നു. 

K Rail Silverline Project MD Says The Alignment Is Practical And Less Eco Hazardous
Author
Thiruvananthapuram, First Published Dec 15, 2021, 5:51 PM IST

തിരുവനന്തപുരം: പിണറായി സ‍ർക്കാരിന്‍റെ അഭിമാനപദ്ധതിയായ കെ റെയിൽ സിൽവർലൈൻ പദ്ധതി പൂർണമായും പ്രായോഗികമാണെന്നും, ഇപ്പോഴുള്ള അലൈൻമെന്‍റിൽ ഏറ്റവും കുറവ് പാരിസ്ഥിതികാഘാതം മാത്രമേ സംഭവിക്കൂ എന്നും കെ റെയിൽ എംഡി വി അജിത് കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംസ്ഥാനസർക്കാർ അഭിമാനപദ്ധതിയായി മുന്നോട്ടുവയ്ക്കുന്ന കെ റെയിലിന്‍റെ സമഗ്രപദ്ധതി രൂപരേഖ വെറും കെട്ടുകഥയാണെന്നും, ഇതിന് സാധ്യതകളില്ലെന്നും പ്രാഥമിക സാധ്യതാപഠനം നടത്തിയ സംഘത്തലവൻ അലോക് വർമ പറഞ്ഞിരുന്നു. ഈ അഭിപ്രായത്തെ പൂ‌ർണമായും തള്ളിക്കളഞ്ഞുകൊണ്ടാണ് അജിത് കുമാർ രംഗത്തെത്തിയിരിക്കുന്നത്. 

അലോക് വ‍ർമ പദ്ധതിക്കായി പഠിച്ചത് ആദ്യഘട്ടത്തിൽ മാത്രമാണ്. അതും മൂന്ന് മാസം മാത്രമേ ആ പഠനം നീണ്ടുനിന്നുള്ളൂ. അലോകിന്‍റെ നിഗമനങ്ങൾ സിസ്ട്ര തന്നെ തള്ളിക്കളഞ്ഞതാണ്. പദ്ധതി രൂപരേഖ വിശദമായ പഠനത്തിന് ശേഷം, ഒടുവിലാണ് തയ്യാറാക്കിയത്. 

സിൽവർ ലൈൻ പദ്ധതിക്ക് ഏറ്റവും അനുയോജ്യം സ്റ്റാൻഡേഡ് ഗേജ് തന്നെയാണെന്നും, ബ്രോഡ് ഗേജിൽ മണിക്കൂറിൽ 200 കിലോമീറ്റർ സ്പീഡ് പ്രായോഗികമല്ലെന്നും കെ റെയിൽ എംഡി പറയുന്നു. മെട്രോയെയും ബുള്ളറ്റ് റെയിലിനെയുമാണ് ഇതിന് ഉദാഹരണമായി വി അജിത് കുമാർ ചൂണ്ടിക്കാട്ടുന്നത്. 

കേരളത്തിന് വിനാശകരമായ പ്രത്യാഘാതമുണ്ടാക്കാനിടയുള്ള കെ റെയില്‍ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് നിര്‍ദ്ദിഷ്ട സെമി ഹൈസ്പീഡ് ലൈനിനുവേണ്ടി പ്രാഥമിക പഠനം നടത്തിയ റിട്ടയേഡ് റയില്‍വേ ചീഫ് എഞ്ചിനിയര്‍ അലോക് വര്‍മ ആവശ്യപ്പെട്ടിരുന്നു. അന്തിമ സാധ്യത റിപ്പോര്‍ട്ടും, വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടും കൃത്രിമമായി കെ ആര്‍ഡിസിഎല്‍  ഉണ്ടാക്കിയതാണന്ന് അലോക് വര്‍മ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. 

സിസ്ട്ര ഇന്ത്യ ലിമിറ്റഡ് തയ്യാറാക്കിയ പ്രാഥമിക സാധ്യത റിപ്പോർട്ട് പാടേ അട്ടിമറിച്ചാണ് കെആര്‍ഡിസിഎല്‍ പദ്ധതിയുമായി മുന്‍പോട്ട് പോയത്. കേരളത്തിന്‍റെ ഭൂമി ശാസ്ത്രത്തിന് സ്റ്റാന്‍ഡേര്‍ഡ് ഗേജ് ചേരില്ലെന്ന നിര്‍ദ്ദേശം അവഗണിച്ചു. പ്രാഥമിക സാധ്യത റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും അന്തിമ സാധ്യത റിപ്പോർട്ട് തയ്യാറാക്കാന്‍ വേണമെന്നിരിക്കേ വെറും അന്‍പത്തിയഞ്ച് ദിവസം കൊണ്ട് അത് തയ്യാറാക്കി.

ടോപ്പോഗ്രാഫിക്, ജിയോളജിക്കല്‍, ട്രാഫിക് സര്‍വ്വേകളൊന്നും ശാസ്ത്രീയമായി നടന്നില്ല. റെയില്‍വേ ബോര്‍ഡിനെ തെറ്റിദ്ധരിപ്പിച്ച് ഡിപിആറും സമര്‍പ്പിച്ചു. നിലവിലെ പദ്ധതി പ്രകാരം മിക്ക സ്റ്റേഷനുകളും നഗരങ്ങള്‍ക്ക് പുറത്താണ്. 80 ശതമാനം പദ്ധതിയും കരഭൂമിയിലൂടെ കടന്നു പോകുമ്പോള്‍ പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാകില്ലെന്ന് പറയുന്നത് അബദ്ധമാണ്. പ്രളയം നേരിട്ട സംസ്ഥാനത്ത് മലമ്പ്രദേശങ്ങളെ അടക്കം ഉള്‍പ്പെടുത്തി റൂട്ട് കടന്നു പോകുന്നത് വലിയ അപകട ഭീഷണിയാണ് ഉയര്‍ത്തുന്നത്. അതിനാല്‍ സര്‍ക്കാര്‍ കെആര്‍ഡിസിഎല്ലുമായുള്ള കരാറില്‍ നിന്ന് പിന്മാറണം. ദക്ഷിണ റയില്‍വേയെ ഏല്‍പിക്കണം - അലോക് വർമ വ്യക്തമാക്കുന്നു.

കെ റെയിൽ പദ്ധതിക്കെതിരെ പരിസ്ഥിതിവാദികളടക്കം വലിയൊരു വിഭാഗവും പ്രതിപക്ഷവും എതിർപ്പുമായി രംഗത്തുണ്ട്. കെ റയില്‍ പദ്ധതിക്കെതിരെ കേന്ദ്ര തലത്തിലാണ് യുഡിഎഫ് നീക്കം നടത്തുന്നത്. പദ്ധതി കേരളത്തിന് ദോഷമേ ചെയ്യൂ എന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് എംപിമാര്‍ റയില്‍വേമന്ത്രിയെ സമീപിച്ചു. പാരിസ്ഥിതികാഘാതപഠനം നടത്തിയിട്ടില്ല, ഇ ശ്രീധരനെ പോലുള്ള വിദഗ്ധര്‍ പദ്ധതിയെ എതിര്‍ക്കുന്നു, പുനരധിവാസത്തെ കുറിച്ച് വ്യക്തതയില്ല എന്നിവയെല്ലാം ചൂണ്ടിക്കാട്ടി ബന്ധപ്പെട്ട പ്രവൃത്തികള്‍  അടിയന്തരമായി നിര്‍ത്തിവയ്കാന്‍ കേന്ദ്രം ഇടപെടണമെന്നും  റയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് 18 എംപിമാര്‍ ഒപ്പു വച്ച നിവേദനത്തില്‍ ആവശ്യപ്പെടുന്നു. എന്നാൽ തിരുവനന്തപുരം എംപി ശശി തരൂർ ഈ നിവേദനത്തിൽ ഒപ്പുവച്ചിട്ടില്ല. എടുത്തുചാടി ഒരു നിലപാടെടുക്കാനില്ലെന്നും, ആലോചിച്ച്, പഠിച്ച് മാത്രമേ ഒരു നിലപാടെടുക്കൂ എന്നുമാണ് ശശി തരൂർ ഇന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. 

Follow Us:
Download App:
  • android
  • ios