Asianet News MalayalamAsianet News Malayalam

Kerala Budget 2023: കേരള ബജറ്റ് 2023 ; ധനമന്ത്രിയുടെ കണക്കു കൂട്ടലുകളില്‍ പ്രതീക്ഷയുമായി സംസ്ഥാനം

 സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പലതരത്തിൽ ധനമന്ത്രിയ്ക്ക് കണക്കു കൂട്ടലുകൾ നടത്തേണ്ടി വരും. വിവിധ നികുതികളും ഫീസുകളും വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം വരുമാനം കൂട്ടാൻ ധനമന്ത്രിയുടെ പ്രഖ്യാപനങ്ങളുണ്ടായേക്കാം

kerala budget 2023 expectations apk
Author
First Published Feb 2, 2023, 6:46 PM IST

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് അവതരണം നാളെ. ധനമന്ത്രി കെ.എൻ ബാലഗോപാൽ  രാവിലെ 9 ന് നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നിറുത്തിടുന്ന സമയത്താണ് ബജറ്റ് അവതരണമെന്നത് ശ്രദ്ധേയമാണ്. ക്ഷേമപെൻഷൻ വര്ധിപ്പിക്കുമോ എന്നത് നാളെയോടുകൂടി അറിയാം. നിലവിൽ 1600 രൂപയായിരിക്കുന്ന ക്ഷേമപെൻഷൻ 100 രൂപ വർധിപ്പിച്ച് 1700 രൂപയാക്കുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതേസമയം ചെലവ് ചുരുക്കി വരുമാനം വർധിപ്പിക്കുക എന്നുള്ളതായിരിക്കും സംസ്ഥാന സർക്കാരിന്റെ വെല്ലുവിളി. 

കെ-റെയിൽ പോലെയുള്ള പദ്ധതികളുമായി ബന്ധപ്പെട്ട് ചിലവഴിച്ച തുകയ്ക്കും, മാറ്റി വകയിരുത്തേണ്ട തുകയ്ക്കും പലതരത്തിൽ ധനമന്ത്രിയ്ക്ക് കണക്കു കൂട്ടലുകൾ നടത്തേണ്ടി വരും.  സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ നികുതി വർദ്ധനവ് ഉണ്ടായേക്കും. വിവിധ നികുതികളും ഫീസുകളും വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം തനത് വരുമാനം കൂട്ടാൻ ധനമന്ത്രിയുടെ പ്രഖ്യാപനങ്ങളാകും എന്നതായിരിക്കും ഇത്തവണ ബജറ്റിന്റെ ഹൈലൈറ്റ്.

സാമ്പത്തിക ഞെരുക്കം അതിരൂക്ഷമാണ്. വരുമാനം കൂട്ടാനും ചെലവ് ചുരുക്കാനുമുള്ള കര്‍ശന നടപടികളില്ലാതെ മുന്നോട്ട് പോകാനാകില്ലെന്നിരിക്കെയാണ് നികുതികളും ഫീസുകളും എല്ലാം ബജറ്റിന്റെ പരിഗണനാ പട്ടികയിൽ ഇടം നേടുന്നത്.

അതായത്, ഭൂമിയുടെ ന്യായ വില വര്ദ്ധനവിൽ തുടങ്ങി മോട്ടോര്‍ വാഹന നികുതി അടക്കം വിവിധ നികുതി ഇനങ്ങളിൽ വലിയ വ്യത്യാസങ്ങൾ ഇത്തവണ ഉണ്ടായേക്കും. തദ്ദേശ സ്ഥാപനങ്ങൾക്ക് വകയിരുത്തുന്ന വിഹിതം വെട്ടിച്ചുരുക്കി പകരം വരുമാന വര്‍ദ്ധനക്ക് നടപടികൾ വരും. സര്‍ക്കാര്‍ സേവനങ്ങൾക്ക് നിരക്ക് കൂടും. ഇക്കാര്യങ്ങളിലെല്ലാം കാലോചിത പരിഷ്കരണങ്ങൾ ഉണ്ടാകുമെന്ന സൂചന നേരത്തെ തന്നെ ധനമന്ത്രി നൽകിയിരുന്നു.

കഴിഞ്ഞ ബജറ്റ് ലക്ഷ്യമിട്ട 602 കോടിയുടെ അധിക വിഭവ സമാഹരണം കൊണ്ട് ഇത്തവണ പിടിച്ച് നിൽക്കാനാകില്ല. ഭൂമിയുടെ ന്യായവിലയിൽ പ്രതീക്ഷിക്കുന്നത് കുറഞ്ഞത് 10 ശതമാനത്തിന്റെ വര്‍ദ്ധനവാണ്. അതേസമയം,  സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന പെട്രോൾ ഡീസൽ നികുതി വര്‍ദ്ധനയിൽ കൈവയ്ക്കാൻ സര്‍ക്കാര്‍ മുതിര്‍ന്നേക്കില്ലെന്നാണ് സൂചന

കിഫബിക്ക് ഇത്തവണ വൻ തുകകൾ നീക്കിവെക്കാൻ സാധ്യത ഇല്ല. വൻകിട പദ്ധതികൾക്ക് എക്കാലവും കിഫ്ബി ഫണ്ട് പ്രായോഗികമല്ലെന്ന് ധനമന്ത്രി നേരത്തെ സൂചിപ്പിച്ചു കഴിഞ്ഞു.  കിഫ്ബിക്ക് വേണ്ടി കടമെടുത്ത  12562 കോടി രൂപ സംസ്ഥാനത്തിന്റെ പൊതു കടത്തിൽ ഉൾപ്പെടുത്തിയ കേന്ദ്ര നടപടിക്കെതിരെ കടുത്ത പ്രതിഷേധത്തിലാണ് കേരളം. നാളിതുവരെ 73,851 കോടിയുടെ 986 പദ്ധതികൾക്കാണ് കിഫ്ബി അനുമതി നൽകിയിട്ടുള്ളത്.  അടിസ്ഥാന സൗകര്യ വികസനത്തിന്  53,851  കോടിയും  ഭൂമിയേറ്റെടുക്കൽ പദ്ധതികൾക്ക് 20000 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. 449 പദ്ധതികൾക്ക് അനുമതി കിട്ടിയ പൊതുമരാമത്ത് വകുപ്പാണ് ഏറ്റവും മുന്നിൽ. 142 പദ്ധതികൾ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലും 93 പദ്ധതികൾ ജലവിഭവ വകുപ്പിന് കീഴിലും , 65 പദ്ധതി  ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴിലുമുണ്ട്. പണമില്ലാതെ പദ്ധതികൾ മുടങ്ങുന്ന അവസ്ഥയിൽ 10000 കോടി കടമെടുക്കാൻ ഗ്യാരണ്ടി നിൽക്കണമെന്ന കിഫ്ബിയുടെ ആവശ്യം നിലവിൽ അംഗീകരിക്കാൻ തരമില്ലെന്ന നിലപാടിലാണ് ധനവകുപ്പ്.  പ്രതിസന്ധിയുണ്ടെങ്കിൽ കാരണം കേന്ദ്രനയങ്ങളാണെന്ന നിലപാടിലാണ് ധനമന്ത്രി

31508 കോടിയാണ് ഇത് വരെ കിഫ്ബി വഴി സമാഹരിച്ചത് , പൊതുവിപണിയിൽ നിന്ന് കടമെടുത്തും വിവിധ സെസ്സുകൾ വഴിയും കിട്ടിയത് 19220 കോടി, റവന്യു മോഡൽ പദ്ധതി വഴി കിട്ടിയ വരുമാനം 762 കോടി. നിലവിൽ പണി തുടങ്ങിയ പദ്ധതികൾ തീര്‍ക്കാൻ പോലും പണം തികയാത്ത അവസ്ഥയിൽ വൻകിട പദ്ധതി പ്രഖ്യാപനങ്ങൾ ഈവര്‍ഷത്തെ ബജറ്റിൽ ഉണ്ടാകാനിടയില്ല

പെൻഷൻ പ്രായം കൂട്ടാൻ സാധ്യത കുറവാണ്‌.  ജനങ്ങള്‍ക്ക് പരമാവധി വരുമാനവും തൊഴിലും ലഭിക്കുന്ന നിര്‍ദേശങ്ങളാകും ഇത്തവണത്തെ ബജറ്റില്‍ ഉണ്ടാവുകയെന്നാണ് സൂചന.

2022-23 സാമ്പത്തിക വർഷത്തെ സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉല്പാദനം കഴിഞ്ഞ വർഷത്തേക്കാൾ 4.1% കൂടുതലായിരുന്നു.  നടപ്പു സാമ്പത്തിക വർഷം പെൻഷനായി 2,07,132 കോടി രൂപ ചിലവഴിക്കുമെന്നും സർക്കാർ കണക്കാക്കിയിരുന്നു. പലിശ അടയ്ക്കുന്നതിനുള്ള ചിലവ് 9,40,651 കോടി രൂപയായും കണക്കുകൂട്ടി, ഇത്  സർക്കാരിന്റെ ചിലവിന്റെ 23.8% ആണ്.

കെഎസ്ആർടിസി കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോയ വർഷമാണ് കഴിഞ്ഞു പോകുന്നത്. ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലുമാകാതെ ഉഴറുന്ന കെഎസ്ആർടിസിക്ക് ജീവശ്വാസം നൽകുന്ന പ്രഖ്യാപനങ്ങൾ ഈ ബജറ്റിൽ ഉണ്ടാവുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്.

സാധാരണ ബജറ്റുകളിലേതു പോലെ അടിസ്ഥാന സൗകര്യ വികസനത്തിന് മിനിമം തുക ഇത്തവണയും മാറ്റി വയ്ക്കുമെന്ന് ഉറപ്പാണ്. ഗതാഗത കുരുക്കൾ അഴിക്കാൻ ദീർഘവീക്ഷണത്തോടയുള്ള പദ്ധതികൾ പ്രതീക്ഷിക്കപ്പെടുന്നു. ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വിധം പരിസ്ഥിതി സൗഹൃദ നടപടികളും പ്രഖ്യാപനത്തിലുണ്ടാകാം.


 

Follow Us:
Download App:
  • android
  • ios