പെട്രോളിലും ഇതര ഇന്ധനങ്ങളിലും 25ശതമാനത്തിലധികം ജൈവ ഇന്ധനം ചേര്‍ക്കാനുള്ള തീരുമാനം നടപ്പിലാക്കുന്ന സാഹചര്യത്തില്‍ കേരളത്തിലും അതിനനുസൃതമായ പദ്ധതി നടപ്പിലാക്കുമെന്ന് ധനമന്ത്രി

പാരമ്പര്യേതര ഊര്‍ജ്ജ ഉല്‍പാദനം, ഉപഭോഗം എന്നീ മേഖലകളില്‍ സുപ്രധാനമായ നിര്‍ദ്ദേശങ്ങളുമായി സംസ്ഥാന ബജറ്റ്. ഹൈഡ്രജന്‍, എഥനോള്‍ എന്നിവയുടെ ഉല്‍പാദനത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ ആണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരിസ്ഥിതി സൗഹൃദമായ ഹൈഡ്രജന്‍ ഇന്ധനത്തിന്‍റെ ഉല്‍പ്പാദനം ലക്ഷ്യമിട്ട് പ്രത്യേക പദ്ധതി നടപ്പിലാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ഹൈഡ്രജന്‍ വാലി എന്ന പേരിലുള്ള പദ്ധതിയുടെ നിര്‍വഹണത്തിനായി കമ്പനി രൂപീകരിക്കുമെന്ന് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. സ്വകാര്യ - പൊതുമേഖലാ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിനായി അഞ്ചു കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. സമൃദ്ധമായ ജലവും, സൂര്യപ്രകാശവും ലഭ്യമായ കേരളത്തില്‍ ഹൈഡ്രജന്‍ ഉത്പാദനത്തിന് അനുകൂലമായ സാഹചര്യമുണ്ടെന്ന് ധനമന്ത്രി പറഞ്ഞു.

പെട്രോളിലും ഇതര ഇന്ധനങ്ങളിലും 25ശതമാനത്തിലധികം ജൈവ ഇന്ധനം ചേര്‍ക്കാനുള്ള തീരുമാനം നടപ്പിലാക്കുന്ന സാഹചര്യത്തില്‍ കേരളത്തിലും അതിനനുസൃതമായ പദ്ധതി നടപ്പിലാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ഇതിന്‍റെ ഭാഗമായി എഥനോള്‍ ഉല്പാദിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. കേരളത്തില്‍ ഭാവിയില്‍ പ്രതിവര്‍ഷം 6000 കോടി രൂപ മുതല്‍ 10000 കോടി രൂപ വരെ മൂല്യമുള്ള എഥമോള്‍ ആവശ്യമായി വരുമെന്നാണ് കണക്ക്. ഇത് സംസ്ഥാനത്ത് വാണിജ്യ അടിസ്ഥാനത്തില്‍ നിര്‍മ്മിക്കാന്‍ കഴിഞ്ഞാല്‍ കര്‍ഷകര്‍ക്ക് വലിയ വരുമാനം ലഭിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ഈ മേഖല പ്രോത്സാഹിപ്പിക്കാനും ഗവേഷണത്തിലൂടെ ചെലവ് കുറഞ്ഞ ഉല്‍പാദന രീതി വികസിപ്പിക്കാനും ആണ് ആലോചന. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കും ഗവേഷണത്തിനുമായി 10 കോടി രൂപയും ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്.

ഹൈഡ്രജന്‍ ഇന്ധനമാകുമ്പോള്‍

പുനരുപയാഗിക്കാവുന്ന ഊര്‍ജങ്ങളില്‍ മുന്‍പന്തിയിലാണ് ഹൈഡ്രജന്‍റെ സ്ഥാനം.ഹൈഡ്രജന്‍ കത്തുമ്പോള്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറത്തുവരുന്നില്ല എന്നതാണ് പ്രധാന ആകര്‍ഷണം. ഹൈഡ്രജന്‍ ഇന്ധന സെല്ലുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ ഇപ്പോള്‍ തന്നെ നിരത്തുകളില്‍ ഇടം പിടിച്ചുകഴിഞ്ഞു. ഹൈഡ്രജനും ഹൈഡ്രജന്‍ അടിസ്ഥാനമാക്കിയുള്ള ഇന്ധനങ്ങളും വിവിധ സ്ഥലങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കും. ജപ്പാന്‍, ജര്‍മനി , അമേരിക്ക എന്നിവിടങ്ങളില്‍ ഹൈഡ്രജന്‍ ഇന്ധനമായി നിറയ്ക്കുന്ന സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.. ജലത്തെ വൈദ്യുത വിശ്ലേഷണം വഴി ഹൈഡ്രജനും ഓക്സിജനുമാക്കി മാറ്റാന്‍ സാധിക്കും. അതായത് വൈദ്യുതി കടത്തിവിട്ട് ജലത്തെ ഹൈഡ്രജന്‍, ഓക്സിജന്‍ എന്നിവയാക്കി വിഘടിപ്പിക്കുന്നു. ഇതിനായി ഉപയോഗിക്കുന്ന വൈദ്യുതി സോളാര്‍, ജലവൈദ്യുതി, കാറ്റ് എന്നിവയില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്നവയാണെങ്കില്‍ ഇങ്ങനെ ഉല്‍പാദിപ്പിക്കുന്ന ഹൈഡ്രജനെ ഗ്രീന്‍ ഹൈഡ്രജന്‍ എന്നുവിളിക്കുന്നു. 

എന്താണ് എഥനോള്‍?

കരിമ്പ്, ചോളം, അരി, ഗോതമ്പ്, തുടങ്ങി വിവിധ സ്രോതസ്സുകളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ജൈവ ഇന്ധനമാണ് എഥനോള്‍. എഥനോള്‍ 99.9% ശുദ്ധമായ ആല്‍ക്കഹോള്‍ ആണ്, ഇത് പെട്രോളുമായി കലര്‍ത്തി ശുദ്ധമായ ബദല്‍ ഇന്ധനം ഉണ്ടാക്കാം. ഇറക്കുമതി ചെയ്യുന്ന അസംസ്കൃത എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കാനും കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാനും കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനും ആണ് പെട്രോളില്‍ എഥനോള്‍ കലര്‍ത്തുന്നതിലൂടെ ലക്ഷ്യമിടുന്നത്.