കേരളത്തിലേക്ക് പുതിയ നിക്ഷേപങ്ങൾ ക്ഷണിക്കുന്നതിനായാണ് യോഗം. സംസ്ഥാനത്തെ നിക്ഷേപസാധ്യതകൾ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി വിശദീകരിക്കും. 

ഹൈദരാബാദ്: തെലങ്കാനയിൽ വ്യവസായ പ്രമുഖരുമായി മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തും. ഐടി ഫാർമസി ബയോടെക്നോളജി മേഖലയിലെ മുൻനിര കമ്പനി പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും. ഇൻവെസ്റ്റ്മെൻറ് റോഡ് ഷോ എന്ന പേരിൽ ഹൈദരാബാദിലെ പാർക്ക് ഹയാത്ത് ഹോട്ടലിൽ വൈകിട്ട് അഞ്ച് മണിക്കാണ് കൂടിക്കാഴ്ച. 

കേരളത്തിലേക്ക് പുതിയ നിക്ഷേപങ്ങൾ ക്ഷണിക്കുന്നതിനായാണ് യോഗം. സംസ്ഥാനത്തെ നിക്ഷേപസാധ്യതകൾ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി വിശദീകരിക്കും. കേരളത്തിലെ വ്യാവസായ രംഗം നിക്ഷേപ സൌഹൃദമല്ലെന്ന് ആരോപിച്ച് കിറ്റക്സ് ഗ്രൂപ്പ് തെലങ്കാനയിലേക്ക് പോയി മാസങ്ങള്‍ക്കുള്ളിലാണ് തെലങ്കാനയില്‍ നിക്ഷേപകരുമായി മുഖ്യമന്ത്രി നേരിട്ട് കൂടികാഴ്ച നടത്തുന്നത്. 

കേരളത്തിലെ സര്‍ക്കാര്‍ സംസ്ഥാനത്ത് നിക്ഷേപ സൌഹൃദത്തിനായി ചെയ്ത കാര്യങ്ങള്‍ മുഖ്യമന്ത്രി കൂടികാഴ്ചയില്‍ വിശദീകരിക്കും. സര്‍ക്കാര്‍ പ്രതിനിധികളും സംസാരിക്കും. ബയോടെക്നോളജി, ഐടി മേഖലയില്‍ നിന്നാണ് സംസ്ഥാന കൂടുതല്‍ നിക്ഷേപം പ്രതീക്ഷിക്കുന്നത് ഇതിന് വേണ്ട രീതിയിലാണ് ഇൻവെസ്റ്റ്മെൻറ് റോഡ് ഷോ നടത്തുന്നത്. കേരളത്തിലെ വ്യവസായ അന്തരീക്ഷത്തിനുതകുന്ന നിക്ഷേപകരുടെ നിര്‍ദേശങ്ങളും മുഖ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും കേള്‍ക്കും. രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ് , ചീഫ് സെക്രട്ടറി വി പി ജോയ് , നോർക്ക പ്രിൻസിപ്പൾ സെക്രട്ടറി കെ ഇളങ്കോവൻ തുടങ്ങിയവർ പങ്കെടുക്കും.

കഴിഞ്ഞ ജൂലൈ മാസത്തിലാണ് കൊച്ചി ആസ്ഥാനമാക്കിയ കിറ്റക്സ് ഗാര്‍മെന്‍റ്സ് തെലങ്കാനയില്‍ 3500 കോടി നിക്ഷേപം നടത്താന്‍ പോകുന്നതായി പ്രഖ്യാപിച്ചത്. കേരളത്തില്‍ വ്യാവസായിക അന്തരീക്ഷം ഇല്ല എന്ന് ആരോപിച്ചായിരുന്നു കിറ്റക്സിന്‍റെ നീക്കം. പ്രത്യേക വിമാനം അയച്ചാണ് അന്ന് തെലങ്കാന സര്‍ക്കാര്‍ കിറ്റക്സിനെ ഹൈദരാബാദില്‍ വിളിച്ചുവരുത്തിയത്.