15 ദിവസം മുതല്‍ 45 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് അഞ്ച് ശതമാനമായി ഉയര്‍ത്തി. നേരത്തെ ഇത് 4.75 ശതമാനമായിരുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളിലെ (Cooperative Society) നിക്ഷേപങ്ങളുടെ പലിശ നിരക്ക് (Interest Rate) പുതുക്കി നിശ്ചയിച്ചു. നിക്ഷേപങ്ങള്‍ക്ക് പലിശ കൂട്ടിയും വായ്പാ പലിശ കുറച്ചുമാണ് സഹകരണ ബാങ്ക് (Co operative Banks) പലിശ പുതുക്കി നിശ്ചയിച്ചിട്ടുള്ളത്. സഹകരണമന്ത്രി വി എൻ വാസവന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലായിരുന്നു തീരുമാനം.
15 ദിവസം മുതല്‍ 45 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് അഞ്ച് ശതമാനമായി ഉയര്‍ത്തി. നേരത്തെ ഇത് 4.75 ശതമാനമായിരുന്നു. മൂന്ന് മാസം (46 ദിവസം മുതല്‍ 90 ദിവസം വരെ ) വരെയുള്ള നിക്ഷേപങ്ങളുടെ പലിശ 5.25 ശതമാനത്തില്‍ നിന്നും അഞ്ചര ശതമാനത്തിലേയ്ക്ക് ഉയര്‍ത്തി. ആറ് മാസം (91 ദിവസം മുതല്‍ 180 ദിവസം വരെ ) വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ആറ് ശതമാനമായിരിക്കും ഇനി മുതല്‍ പലിശ. ഒരു വര്‍ഷം ( 181-364 ദിവസം ) വരെയുള്ള നിക്ഷേപങ്ങളുടെ പലിശ 6.25 ശതമാനം ആയിരിക്കും.
ഒരു വര്‍ഷത്തിനു മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് ഏഴ് ശതമാനമായും പലിശ പുതുക്കി നിശ്ചയിച്ചു. വിവിധ വായ്പകളുടെ പലിശ നിരക്കില്‍ അര ശതമാനം വരെ കുറവു വരുത്തി. വായ്പകളുടെ സ്വഭാവം അനുസരിച്ചായിരിക്കും പലിശ നിര്‍ണയിക്കുക.
