Asianet News MalayalamAsianet News Malayalam

ഒരു ദിവസമെടുക്കുന്നത് ശരാശരി 100 കോടി രൂപ, മലയാളിയുടെ ബാധ്യത 55000 രൂപ; കടംപെരുകി കേരളം

സംസ്ഥാനം കടത്തിന് മേലെ കടമെടുത്തപ്പോൾ ഓരോ മലയാളിയുടെയും കടം 55000 രൂപയായി വർധിച്ചു. കഴിഞ്ഞ ഒന്നര വർഷമായി സംസ്ഥാനം ഒരു ദിവസമെടുക്കുന്ന ശരാശരി വായ്പ 100 കോടി രൂപയാണ്

Kerala daily average debt 100 crore Keralites per capita liability 55000 rupees
Author
Thiruvananthapuram, First Published Oct 2, 2021, 12:54 PM IST

തിരുവനന്തപുരം: സംസ്ഥാനത്തിന് വരുമാനത്തിലുമേറെ ചിലവുണ്ടെന്ന് ആർക്കും അറിയാത്ത കാര്യമല്ല(Financial Crisis). കൊവിഡ്(Covid 19) മഹാമാരി കാലത്ത് ചെലവുകൾ കുത്തനെ ഉയർന്നതും വരുമാനം(Income) എതിർദിശയിൽ ഇടിഞ്ഞതും സംസ്ഥാനത്തിന് വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. സംസ്ഥാനം കടത്തിന് മേലെ കടമെടുത്തപ്പോൾ ഓരോ മലയാളിയുടെയും കടം 55000 രൂപയായി വർധിച്ചു. കഴിഞ്ഞ ഒന്നര വർഷമായി സംസ്ഥാനം ഒരു ദിവസമെടുക്കുന്ന ശരാശരി വായ്പ 100 കോടി രൂപയാണ്. ഇപ്പോൾ ചെലവ് താങ്ങാനാവാതെ വീണ്ടും കടമെടുക്കാനാണ് സംസ്ഥാനം ഒരുങ്ങുന്നത്.

വരുമാന തകർച്ചയിൽ കേരളം കൂപ്പുകുത്തുമ്പോൾ കടമെടുപ്പാണ് സംസ്ഥാന ഖജനാവിനെ താങ്ങി നിർത്തുന്നത്. കൊവിഡ് പ്രതിസന്ധി കാലത്ത് മാത്രം കേരളമെടുത്ത വായ്പ 50000 കോടി രൂപയാണ്. നാളത്തെ വരുമാനത്തിൽ നിന്നും ഈ ബാധ്യത തീർക്കാൻ തുക നീക്കിവെക്കേണ്ടി വരുമ്പോൾ കേരളത്തിന്റെ കടം ഇപ്പോഴത്തെതിലും ഇരട്ടിക്കും.

ഉമ്മൻചാണ്ടി സർക്കാർ 2016ൽ അധികാരമൊഴിഞ്ഞപ്പോൾ കേരളത്തിന്‍റെ കടം 157370 കോടി രൂപയായിരുന്നു. ഒന്നാം പിണറായി സർക്കാർ കാലാവധി പൂർത്തിയാക്കിയപ്പോൾ ഈ കടം 301642 കോടി രൂപയായി ഉയർന്നു. അഞ്ച് വർഷം കൊണ്ട് കേരളമെടുത്ത വായ്പ 144272 കോടി രൂപ. ഈ കണക്കിൽ ഓരോ മലയാളിയുടെയും കടം 55000 രൂപയാണ്.

മൂന്ന് ശതമാനമായിരുന്ന കേരളത്തിന്‍റെ വായ്പാ പരിധി കൊവിഡ് പ്രതിസന്ധിയിൽ  2020ൽ കേന്ദ്ര സർക്കാർ നാലര ശതമാനമാക്കി ഉയർത്തി. എന്നാൽ ഈ സാമ്പത്തിക വർഷത്തിൽ കടമെടുപ്പ് ആനുകൂല്യങ്ങൾ വീണ്ടും കുറഞ്ഞു. കഴിഞ്ഞ ആഴ്ചയെടുത്ത 1500 കോടി രൂപ വായ്പ തികയാതെ വീണ്ടും 2000 കോടി വായ്പ എടുക്കാൻ ഒരുങ്ങുകയാണ് കേരളം. മുമ്പത്തെ കടബാധ്യതകളുടെ തിരിച്ചടവിന് മാത്രം കേരളത്തിന് വർഷം 20000 കോടി രൂപ വേണം. വായ്പകൾ തിരച്ചടക്കാനും വായ്പ തന്നെ ആശ്രയമെന്നതാണ് കേരളത്തിന്റെ സ്ഥിതി. വിത്തെടുത്ത് കുത്തി എത്രനാൾ മുന്നോട്ട് പോകും എന്നതാണ് ഉയരുന്ന ചോദ്യം.

കഴിഞ്ഞ ഒന്നര വർഷത്തെ കടമെടുപ്പ് കണക്കെടുത്താൽ കേരളം ഒരു ദിവസം എടുക്കുന്ന വായ്പയുടെ ശരാശരി കണക്ക് 100 കോടിയാണ്. ശമ്പളവും പെൻഷനും മുടങ്ങാതിരിക്കുന്നതിൽ  കടപ്പെടേണ്ടതും ഈ കടത്തോടാണ്. തലയ്ക്ക് മീതെ വെള്ളമെങ്കിൽ അതിന് മേലെ തോണി എന്നതായിരുന്നു കേരളം ഭരിച്ച മുൻ സർക്കാരുകളുടെ ലൈൻ. എന്നാൽ തുടർ ഭരണം വന്നപ്പോൾ സ്ഥിതി മറിച്ചായി. ഇന്നത്തെ ചെലവുകൾക്കും ഇന്നലത്തെ ബാധ്യതകൾക്കും പരാതികൾ ഉയർത്താൻ പോലുമാകാതെ പിൻഗാമികൾ വഴികാണേണ്ട സ്ഥിതിയായി.

Follow Us:
Download App:
  • android
  • ios