ജില്ലകളിലെ കയറ്റിറക്കുകൂലി നിരക്കുകൾ, വകുപ്പുമായി ബന്ധപ്പെട്ട ചോദ്യാവലി, അവയുടെ ഉത്തരങ്ങൾ തുടങ്ങിയവ ആപ്പിൽ ലഭ്യമാണ്. പരാതി ബന്ധപ്പെട്ട ഉദ്യോഗസ്ഥന് എസ് എം എസ് അലർട്ട് ആയി ലഭ്യമാകും
തിരുവനന്തപുരം: തൊഴിൽ തർക്കങ്ങൾ പരിഹരിക്കാൻ മൊബൈൽ ആപ്പുമായി സംസ്ഥാന തൊഴിൽവകുപ്പ്. നോക്കുകൂലി, ചുമട്ടുതൊഴിൽ തർക്കങ്ങൾ തുടങ്ങിയവ ഒഴിവാക്കുന്നതിനായാണ് ലേബർകമ്മീഷണറുടെ മേൽനോട്ടത്തിൽ മൊബൈൽ ആപ്ലിക്കേഷൻ രൂപീകരിച്ചത്. തൊഴിൽ സേവ ആപ്പ് എന്ന് പേരിട്ടിട്ടുള്ള ഈ ആപ്ലിക്കേഷൻ അടുത്തമാസം പുറത്തിറക്കും. വിവിധ ജില്ലകളിലെ കയറ്റിറക്കുകൂലി നിരക്കുകൾ, വകുപ്പുമായി ബന്ധപ്പെട്ട ചോദ്യാവലിയും അവയുടെ ഉത്തരങ്ങളും തുടങ്ങിയവ ആപ്പിൽ ലഭ്യമാക്കിയിട്ടുണ്ട്. പരാതി ബന്ധപ്പെട്ട ഉദ്യോഗസ്ഥന് എസ് എം എസ് അലർട്ട് ആയി ലഭ്യമാകുന്ന നിലയിലാകും ആപ്പിന്‍റെ പ്രവർത്തനം.
നോക്കുകുലിയിൽ മുഖ്യമന്ത്രിയുടെ തിരുത്ത്; സമ്മേളനത്തിലെ നയരേഖയിൽ പറഞ്ഞതെന്ത്?
ഇക്കഴിഞ്ഞ സി പി എം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച നയരേഖയിൽ തൊഴിലാളി സംഘടനകളുടെ പ്രവർത്തനത്തിൽ തിരുത്തൽ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. നോക്കുകൂലി വാങ്ങുന്നത് ശരിയല്ലെന്നറിഞ്ഞിട്ടും ട്രേഡ് യൂണിയനുകൾ അതിപ്പോഴും ചെയ്യുന്നു എന്ന് മുഖ്യമന്ത്രി അന്ന് ചൂണ്ടികാട്ടിയിരുന്നു. തെറ്റാണെന്ന് അറിഞ്ഞ് കൊണ്ട് തന്നെ കുറേ നാളായി ഇതൊക്കെ ചെയ്യുകയാണ്. ഇക്കാര്യത്തിൽ തിരുത്തൽ വേണം. ഈ രീതി തുടർന്നാൽ പല മേഖലകളേയും അത് ബാധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സി പി എം സംസ്ഥാന സമ്മേളത്തിൽ നയരേഖ അവതരണത്തിനിടെയായിരുന്നു മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.
സി പി എമ്മിന്റെ ട്രേഡ് യൂണിയൻ സംഘടനയായ സി ഐ ടിയു വിനെതിരെ രൂക്ഷ വിമർശനമാണ് നയരേഖയ്ക്കൊപ്പം അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലും ഉണ്ടായിരുന്നത്. തൊഴിലാളികളെ സംഘടന അവകാശബോധം മാത്രം പഠിപ്പിക്കുന്നു. അതുപോരാ, തൊഴിലാളികളിൽ ഉത്തരവാദിത്ത ബോധം കൂടി ഉണ്ടാക്കണം. അതാണ് പുതിയ കാലം ആവശ്യപ്പെടുന്നത്. സി ഐ ടി യുവിനെ രൂക്ഷമായി വിമർശിക്കുന്നതായിരുന്നു നയരേഖ. സി ഐ ടി യുവിന് അടിമുടി മാറ്റങ്ങൾ നിർദേശിക്കുന്നതും ആയിരുന്നു സി പി എം സംസ്ഥാന കമ്മറ്റിയിൽ മുഖ്യമന്ത്രി അവതരിപ്പിച്ച നയരേഖ. പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയിൽ സംസ്ഥാനത്ത് വൻകിട വിദ്യാഭ്യാസ സ്ഥാപനങ്ങൾ വേണമെന്ന് സി പി എം നയരേഖ ആവശ്യപ്പെട്ടിരുന്നു. സഹകരണ മേഖലയിലും സ്വകാര്യ മേഖലയിലും വൻകിട വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങൾ വേണം. ഉന്നത വിദ്യാഭ്യാസ മേഖലയെ ഉത്പാദന മേഖലയുമായി ബന്ധിപ്പിക്കണം. വ്യവസായ സൗഹൃദ അന്തരീക്ഷം ഒരുക്കണമെന്നും നയരേഖയിൽ പറഞ്ഞിരുന്നു.

