Asianet News MalayalamAsianet News Malayalam

'നേരം പുലരും' എന്നത് മുതൽ 'സ്വപ്നച്ചിറക്' വരെ, ഐസക്കിന്‍റെ ബജറ്റിലെ മിടുക്കർ ദാ ഇവിടെ!

പാലക്കാട്ടെ കുഴൽമന്ദം ജിഎച്ച്എസ്സിലെ ഏഴാം ക്ലാസ്സുകാരി കെ സ്നേഹ എഴുതിയ കവിതയോടെയാണ് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗം തുടങ്ങിയത്. അവസാനിപ്പിച്ചത്, ഇടുക്കി കണ്ണംപടി ജിടിഎച്ച്എസ് സ്കൂളിലെ കെ പി അമലിന്‍റെ വരികളോടെയും. 

kerala state budget poems and drawings of kids in thomas issac budget speech
Author
Thiruvananthapuram, First Published Jan 15, 2021, 3:53 PM IST

തിരുവനന്തപുരം: അയ്യങ്കാളിയെ സ്കൂളിലേക്ക് കൊണ്ടുപോകുന്ന പഞ്ചമിയുടെ ചിത്രമായിരുന്നു കഴിഞ്ഞ വർഷത്തെ ബജറ്റ് പ്രസംഗത്തിന്‍റെ പുറംചട്ടയെങ്കിൽ, ഇത്തവണ, കുട്ടിപ്പടയുടെ മേളമായിരുന്നു ബജറ്റ് നിറയേ. കൊവിഡെന്ന മഹാപ്രതിസന്ധിയെ അങ്ങനെ സീരിയസ്സായി നിന്ന് നേരിടണ്ടെന്നേ, കൊച്ചുകുട്ടികൾ പോലും, എത്ര പോസിറ്റീവായിട്ടാ ജീവിതത്തെ കാണുന്നതെന്ന് പറഞ്ഞുകൊണ്ടാണ് ധനമന്ത്രി പ്രസംഗം തുടങ്ങിയത്.

നേരം പുലരുകയും
സൂര്യൻ സർവതേജസ്സോടെ ഉദിക്കുകയും
കനിവാർന്ന പൂക്കൾ വിരിയുകയും
വെളിച്ചം ഭൂമിയെ സ്വർമാക്കുകയും ചെയ്യും
നാം കൊറോണയ്ക്കെതിരെ
പോരാടി വിജയിക്കുകയും 
ആനന്ദം നിറഞ്ഞ പുലരിയെ
തിരികെ എത്തിക്കുകയും ചെയ്യും....

പാലക്കാട്ടെ കുഴൽമന്ദം ജിഎച്ച്എസ്സിലെ ഏഴാം ക്ലാസ്സുകാരി കെ സ്നേഹ എഴുതിയ കവിതയിൽ സങ്കടത്തിന്‍റെ ഒരുതരിയില്ല. അതിനാൽത്തന്നെയാണ്, സമ്പദ്ഘടനയുടെ വീണ്ടെടുപ്പ് ഉറപ്പാക്കുമെന്ന് പറയാൻ ഈ കവിത തന്നെ തെരഞ്ഞെടുത്തതെന്ന് ധനമന്ത്രി പറയുന്നു. 

എന്നാൽ, സ്നേഹ കണ്ണനെ കാണാനെത്തിയ ഞങ്ങളുടെ പ്രതിനിധിക്ക് കാണാനായത് പൊട്ടിപ്പൊളിഞ്ഞ ഒരു സർക്കാർ സ്കൂളാണ്. സ്വന്തമായി കെട്ടിടം പോലുമില്ലാത്ത ഒരു സ്കൂൾ. പൊതു വിദ്യാഭ്യാസ രംഗത്ത് കേരളം മുന്നിലെന്ന് അവകാശപ്പെടുമ്പോഴാണ് ഇങ്ങനെ ഒരു സ്കൂള്‍. ദേശീയ പാതയോരത്തെ പൊളിഞ്ഞു വീഴാറായ മൂന്നു  കെട്ടിടങ്ങള്‍. മേല്‍ക്കൂര മിക്കതും അടര്‍ന്നു വീഴാറായി. കെട്ടിടങ്ങളിലൊന്ന് തകരം കൊണ്ടു മറച്ചിരിക്കുന്നു. 

ഇതേക്കുറിച്ച് ചോദിച്ചപ്പോൾ, ഉടനടി ഇടപെടുമെന്നും, ഞാൻ ഗ്യാരണ്ടിയെന്നും ബജറ്റിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ തോമസ് ഐസക് തന്നെ പറഞ്ഞു. താൻ നേരിട്ട് സ്നേഹയുടെ സ്കൂളിൽ എത്തുമെന്നും, കെട്ടിടങ്ങൾ നന്നാക്കുമെന്നും ഉറപ്പു നൽകുന്നുവെന്നും, ധനമന്ത്രി. ധനമന്ത്രിയുടെ പ്രഖ്യാപനത്തിൽ നിറയേ സന്തോഷമെന്ന് സ്നേഹയും സ്കൂളിലെ അധ്യാപകരും കൂട്ടുകാരും അച്ഛനമ്മമാരും. 

യുദ്ധം ജയിച്ചിടും

യുവസൂര്യനുദിച്ചിടും 

മുന്നോട്ടുനടന്നിടും നാമിനിയും

വിജയഗാഥകൾ ചരിത്രമായി വാഴ്ത്തിടും

തിരുവനന്തപുരം നിലമേൽ എൻഎസ്എസ് കോളേജിലെ ഒന്നാം വർഷ ബിരുദവിദ്യാർത്ഥി എസ് ആർ കാർത്തികയുടെ പോരാട്ടവീഥിയിൽ എന്ന കവിതയുടെ വരികളും ഇക്കുറി ബജറ്റിൽ തോമസ് ഐസക്ക് ഉൾപ്പെടുത്തിയിരുന്നു. പ്ലസ് ടു വിദ്യാർത്ഥിയായിരിക്കെ എൻസിഇആർടിയുടെ അക്ഷരവൃക്ഷം പദ്ധതിക്കായി നൽകിയ കവിതയാണ് ബജറ്റിന്റെ ഭാഗമായത്.

ഒരു പ്രോട്ടീൻ പാളിക്കുള്ളിൽ നിന്ന് നീ

ലോകയുദ്ധം പ്രഖ്യാപിച്ചപ്പോൾ

തോറ്റുപോകാതിരിക്കാൻ കൂടി

ഞങ്ങളെ പഠിപ്പിക്കുകയായിരുന്നു

ആയിരം യുദ്ധചരിത്രങ്ങൾ പോലും 

പഠിപ്പിക്കാത്ത മഹത്തായ പുസ്തകം

സ്വയം ഞങ്ങളുള്ളിൽ എഴുതിപ്പഠിച്ചിരിക്കുന്നു... 

കേരളത്തിന്‍റെ കൊവിഡ് പോരാട്ടത്തെക്കുറിച്ച് താനെഴുതിയ വരികൾ ബജറ്റ് പ്രസംഗത്തിനിടെ ധനമന്ത്രി ചൊല്ലിയതിൽ ഏറെ സന്തോഷമുണ്ടെന്ന് വയനാട് കണിയാമ്പറ്റ സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനി അളകനന്ദ പറയുന്നു. ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ പ്രചോദനം ആണിതെന്നും അളകനന്ദ പറഞ്ഞു.

''കൂടപ്പിറപ്പുകൾക്ക് കരുത്തു നൽകാൻ

ഒപ്പമല്ല മുന്നിൽത്തന്നെയല്ലേ

നല്ല ലക്ഷ്യബോധമുള്ളോരു

സർക്കാരുമുണ്ട് കൂടെ''

എന്ന കൊല്ലം അയ്യൻ കോയിക്കൽ ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി കനിഹയുടെ കവിതയും ധനമന്ത്രി വായിച്ചു. കൊറോണക്കാലത്തെ അനുഭവങ്ങളാണ് കവിതയ്ക്ക് പ്രചോദനമായതെന്ന് കനിഹ പറഞ്ഞു. 

തിരുവനന്തപുരം സെന്‍റ് ജോസഫ് എസ്എച്ച്എസ്എസ്സിലെ ഒമ്പതാംക്ലാസ്സുകാരൻ എസ് എസ് ജാക്സന്‍റെ വരികളും ധനമന്ത്രി എഴുതി

''എത്ര താഴ്ചകൾ കണ്ടവർ നമ്മൾ
എത്ര ചുഴികളിൽ പിടഞ്ഞവർ നമ്മൾ
എത്ര തീയിലമർന്നവർ നമ്മൾ
ഉയർത്തെണീക്കാനായി ജനിച്ചവർ നമ്മൾ
മരിക്കിലും തോൽക്കില്ല നമ്മൾ''

കണ്ണൂർ മൊകേരിയിലെ രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്എസ്എസ്സിലെ പത്താംക്ലാസ്സ് വിദ്യാർത്ഥിനി അരുന്ധതി ജയകുമാർ വീട്ടമ്മമാരുടെ ജീവിതം ഇങ്ങനെ വരച്ചിടുന്നു. വീട്ടമ്മമാരുടെ തൊഴിൽ പങ്കാളിത്തമില്ലായ്മയെക്കുറിച്ച് വിശദീകരിക്കാൻ ധനമന്ത്രി ചൂണ്ടിക്കാണിച്ച കവിത കേട്ടിരുന്നവരുടെ മനസ്സിൽ തൊട്ടു.

''എത്ര അലക്കിയാലും വെളുക്കാത്ത പഴംതുണി പോലെ,
നിറം വരാത്ത ക്ലാവുപിടിച്ച പഴയ ഓട്ടുപാത്രം പോലെ
അവളുടെ ജീവിതം
അലക്കിത്തേച്ചുവച്ച തുണികൾക്കിടയിൽ
കഴുകിയടുക്കിവച്ച പാത്രങ്ങൾക്കിടയിൽ
തുടച്ചുമിനുക്കിവച്ച മാർബിൾ തറയിൽ''

സ്വന്തം മുഖം കണ്ടെത്താൻ ശ്രമിക്കുകയും അത് എപ്പോഴോ അവൾക്ക് നഷ്ടമായെന്ന നിരാശ പങ്കുവയ്ക്കുകയും ചെയ്യുന്ന കവിതയാണത്. 

എറണാകുളം വാളകം മാർ സെന്‍റ് സ്റ്റീഫൻ ഹൈസ്കൂളിലെ ഒമ്പതാം ക്ലാസുകാരി അഞ്ജനാ സന്തോഷ് വർക് ഫ്രം ഹോമിനെക്കുറിച്ച് എഴുതിയതിനെക്കുറിച്ച് ധനമന്ത്രി ഇങ്ങനെ ബജറ്റ് പ്രസംഗത്തിൽ ചേർത്തുവായിക്കുന്നു.

''പുറത്തേക്ക് പോകേണ്ട

ലാപ്ടോപ്പ് തുറന്നാൽ 

പുറം ജോലിയെല്ലാം യഥേഷ്ടം നടത്താം

പുറംലോകമെല്ലാം അതിൽക്കണ്ടിരിക്കാം''

കണ്ണൂർ പാച്ചേനി ഗവൺമെന്‍റ് ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ഇനാര അലിയുടെ കവിതയും മന്ത്രി ഉദ്ധരിച്ചു. ബജറ്റ് പ്രസംഗത്തിൽ തന്‍റെ കവിതയും ഉൾപ്പെട്ടിട്ടുണ്ട് എന്നറിയുന്പോൾ ഇനാര വിദേശത്തായിരുന്നു.

ഇനാരയുടെ കവിത ഇങ്ങനെ:

''ഇരുട്ടാണ് ചുറ്റിലും

മഹാമാരി തീർത്തൊരു കൂരിരുട്ട്

കൊളുത്തണം നമുക്ക്

കരുതലിന്‍റെ ഒരു തിരിവെട്ടം''

മലപ്പുറം കരിങ്കപ്പാറ ജിയുപിഎസ്സിലെ ഏഴാം ക്ലാസ്സുകാരി മിടുമിടുക്കിക്കുട്ടി അഫ്റ മറിയത്തിന്‍റെ ഭംഗിയുള്ള വരികൾ ഇങ്ങനെയായിരുന്നു. 

''ഒരു മത്സ്യവും കടലിനെ 

മുറിവേൽപ്പിക്കാറില്ല

ഒരു പക്ഷിച്ചിറകും

ആകാശത്തിന് മീതെ

വിള്ളലുകൾ ആഴ്ത്തുന്നില്ല

ഒരു ഭാരവും ശേഷിപ്പിക്കാതെയാണ്

ശലഭം പൂവിനെ ചുംബിക്കുന്നത്

എന്നിട്ടും മനുഷ്യൻ മാത്രം

ഭൂമിയെ ഇങ്ങനെ നശിപ്പിക്കുന്നു''

സ്ത്രീകൾക്ക് എതിരായ അക്രമങ്ങളെക്കുറിച്ച് ഇടുക്കി എസ്ടി എച്ച്എസ്എസ്സിലെ ആദിത്യ രവി എഴുതിയ 'അവളുയർത്തിയ ശിരസ്സിനോളം വരില്ലൊരു വാളിന്‍റെ മൂർച്ചയും' എന്നതും ധനമന്ത്രി എടുത്തെഴുതുന്നു. 

ഏറ്റവുമൊടുവിൽ ഇടുക്കി കണ്ണംപടി ജിടിഎച്ച്എച്ച്എസ്സിലെ കെ പി അമലിന്‍റെ വരികളാണ് ധനമന്ത്രി എഴുതിയിരിക്കുന്നത്. പുതിയൊരു പ്രഭാതത്തിന്‍റെ ശംഖൊലിയെക്കുറിച്ചുള്ള പ്രതീക്ഷകളുമായി. 

''മെല്ലെയെൻ സ്വപ്നങ്ങൾക്ക് ചിറകുകൾ മുളയ്ക്കട്ടെ
ഉയരട്ടെ അതിലൊരു മനോജ്ഞമാം
നവയുഗത്തിന്‍റെ പ്രഭാത ശംഖൊലി''

ചിത്രങ്ങളുടെ കഥ ധനമന്ത്രി തന്നെ പറയട്ടെ:

''ഇത്തവണ ബജറ്റ് പ്രസംഗത്തിൽ കുട്ടികളുടെ രചനകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ബജറ്റ് പ്രസംഗത്തിന്റെ ചിത്രം ഒരു കൊച്ചുമിടുക്കന്റെ സൃഷ്ടിയാണ്. കാസർകോട് ഇരിയണ്ണി പിഎ എൽപിഎസിലെ ഒന്നാം ക്ലാസുകാരൻ വി ജീവൻ. ജെൻഡർ ബജറ്റിന്റെ ചിത്രവും ഈ മിടുക്കന്റേതു തന്നെ.

ഇംഗ്ലീഷ് പ്രസംഗത്തിന്റെ കവർ ഇടുക്കി കുടയത്തൂർ ഗവ. എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർത്ഥിനി ശ്രീനന്ദന വരച്ച ചിത്രമാണ്. ബാക്ക് കവർ കോഴിക്കോട് വേദവ്യാസ വിദ്യാലയത്തിലെ രണ്ടാം ക്ലാസുകാരൻ ജഹാൻ ജോബിയുടേയും.

ബജറ്റ് ഇൻ ബ്രീഫിലെ കവർചിത്രങ്ങൾ തൃശൂർ വടക്കാഞ്ചേരി ഗവ. ഗേൾസ് എൽപിഎസിലെ അമൻ ഷസിയ അജയ് വരച്ചതാണ്. എക്സ്പെൻഡിച്ചർ റിവ്യൂ കമ്മിറ്റി റിപ്പോർട്ടിന്റെ കവർ ചിത്രവും ഈ കുട്ടിയുടേതു തന്നെ.

തൃശൂർ എടക്കഴിയൂർ എസ്എംവി എച്ച്എസിലെ എട്ടാം ക്ലാസുകാരി കെ എം മർവയും യുഎഇ അജ്മാൻ ഹാബിറ്റാറ്റ് സ്കൂളിലെ രണ്ടാം ക്ലാസിലെ നിയ മുനീറും വരച്ച ചിത്രങ്ങളാണ് എക്സ്പെൻഡിച്ചർ റിവ്യൂ കമ്മിറ്റി റിപ്പോർട്ടിന്റെ ബാക്ക് കവറിൽ.

ലോക്ഡൌൺ കാലത്ത് കുട്ടികളുടെ സർഗശേഷിയുടെ പ്രകാശനത്തിനുവേണ്ടി അക്ഷരവൃക്ഷം എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പ് ഒരു പ്രോഗ്രാം സംഘടിപ്പിച്ചിരുന്നു. അതിബൃഹത്തായ പങ്കാളിത്തമാണ് അതിനു ലഭിച്ചത്. കഥയും കവിതയും ലേഖനങ്ങളും ചിത്രങ്ങളുമൊക്കെയായി 4947 വിദ്യാലയങ്ങളിൽ നിന്ന് 56399 സൃഷ്ടികൾ സ്കൂൾ വിക്കിയുടെ പേജിൽ വായിക്കാം. ഈ സൃഷ്ടികളിൽനിന്നാണ് ചിത്രങ്ങളും കവിതകളും തിരഞ്ഞെടുത്തത്.

എല്ലാ മിടുക്കന്മാർക്കും മിടുക്കികൾക്കും അഭിനന്ദനങ്ങൾ''

Follow Us:
Download App:
  • android
  • ios