ആകെ 9000 കോടി രൂപയാണ് പദ്ധതികളുടെ നടത്തിപ്പിനായി ചെലവ് പ്രതീക്ഷിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഗ്രേഡിങ് അടക്കം ഏർപ്പെടുത്തുന്ന കാര്യവും സർക്കാരിന്റെ പരിഗണനയിലാണ്

തിരുവനന്തപുരം: സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലെ 41 പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനായി 405 പ്രത്യേക പദ്ധതികൾ നടപ്പാക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. ഹ്രസ്വ, ഇടക്കാല, ദീർഘകാല പദ്ധതികളാണ് നടപ്പാക്കുക. ഇതിനായി റിയാബിന് കീഴിൽ പ്രോജക്ട് മാനേജ്മെന്റ് സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആകെ 9000 കോടി രൂപയാണ് പദ്ധതികളുടെ നടത്തിപ്പിനായി ചെലവ് പ്രതീക്ഷിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഗ്രേഡിങ് അടക്കം ഏർപ്പെടുത്തുന്ന കാര്യവും സർക്കാരിന്റെ പരിഗണനയിലാണ്. ഇതിനായുള്ള മാനദണ്ഡങ്ങൾ മൂന്നംഗ സമിതി നിശ്ചയിക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. 

അതേസമയം കേന്ദ്രസർക്കാർ ഹിന്ദുസ്ഥാൻ ലാറ്റെക്സ് വിൽക്കാനുള്ള നടപടികളിലേക്ക് കടന്നതോടെ ഇതിനെ പ്രതിരോധിക്കാനുള്ള നീക്കവും സംസ്ഥാനം തുടങ്ങി. ഹിന്ദുസ്ഥാൻ ലാറ്റക്സിനായി സംസ്ഥാനസർക്കാർ ഏറ്റെടുത്ത് നൽകിയ ഭൂമി അടക്കമുള്ള കാര്യങ്ങളുടെ റിപ്പോർട്ട് തേടിയെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. 

സംസ്ഥാന സർക്കാരും ജീവനക്കാരും ഉന്നയിച്ച എതിർപ്പുകൾ പാടേ അവഗണിച്ച് സ്വകാര്യവത്കരണ നീക്കവുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോകുന്ന പശ്ചാത്തലത്തിലാണ് നടപടി. ഹിന്ദുസ്ഥാൻ ലാറ്റക്സിലെ 100 ശതമാനം ഓഹരി വിൽക്കുന്നതിന് താത്പര്യ പത്രം ക്ഷണിച്ച് കേന്ദ്രസർക്കാർ പത്രപരസ്യം നൽകിയിരുന്നു. സ്വകാര്യവത്കരണ നീക്കത്തിനെതിരെ സംയുക്ത തൊഴിലാളി സംഘടനയും പ്രതിഷേധത്തിലാണ്.