Asianet News MalayalamAsianet News Malayalam

എപ്പോഴെങ്കിലും പോരാ, ഭവന വായ്പയുടെ പ്രീപേയ്‌മെന്റിനും അതിന്റേതായ സമയമുണ്ട്; അറിയാമോ?

മുന്‍കൂറായി ഹോം ലോൺ ബാധ്യത തീർക്കാൻ ഉദ്ദേശ്യമുണ്ടോ? തീരുമാനം എടുക്കുന്നതിന് മുൻപ് പ്രീ പേയ്‌മെന്റിനെ കുറിച്ച് അറിയേണ്ടതെല്ലാം 
 

know about home loan prepayment
Author
First Published Dec 14, 2022, 4:14 PM IST

സ്വപ്‌ന ഭവനം സ്വന്തമാക്കുന്നതിനായി വേഗത്തില്‍ ലഭിക്കാവുന്ന സഹായഹസ്തങ്ങളിലൊന്നാണ് ഭവന വായ്പകള്‍ അഥവാ ഹോം ലോണുകള്‍. ഒരോ ധനകാര്യ സ്ഥാപനത്തിന്റേയും മാനദണ്ഡങ്ങള്‍ വ്യത്യസ്തമാണെങ്കിലും ഭവന വായ്പകള്‍ നേടുന്നതിനുള്ള നടപടി ക്രമങ്ങള്‍ താരതമ്യേന ലളിതവും അയവുള്ളതുമാണ്. ഇത്തരം വായ്പ സ്വീകരിക്കുന്നവര്‍ അവരുടെ പ്രതിമാസ തിരിച്ചടവ് (ഇഎംഐ) മുടങ്ങാതെ നോക്കേണ്ടതും അനിവാര്യമാകുന്നു.

അതേസമയം വായ്പകളുടെ തിരിച്ചടവിനായുള്ള ഇഎംഐയില്‍ നിശ്ചിത അനുപാതത്തിലായിരിക്കും മുതല്‍ തുകയിലേക്കും പലിശയിലേക്കും വരവുവെയ്ക്കുന്നത്. അതുപോലെ ഭവന വായ്പകളില്‍ നിര്‍ദിഷ്ട കാലാവധിക്കു മുമ്പെ തിരിച്ചടയ്ക്കാനുള്ള അവസരവും (പ്രീപേയ്‌മെന്റ് ഓപ്ഷന്‍) അനുവദിച്ചിട്ടുള്ളതാണ്. അതുകൊണ്ട് വായ്പകളുടെ ഒരുഭാഗമെങ്കിലും മുന്‍കൂറായി തിരിച്ചടയ്ക്കുന്നത് ഇഎംഐ ബാധ്യത ലഘൂകരിക്കുന്നതിന് വളരെയേറെ സഹായിക്കും. പക്ഷേ പരമാവധി നേട്ടം കരസ്ഥമാക്കുന്നതിനായി വായ്പയുടെ പ്രീപേയ്‌മെന്റ് അടയ്ക്കുന്നതിനുള്ള സമയം ഉപഭോക്താക്കള്‍ ശ്രദ്ധാപൂര്‍വം തെരഞ്ഞെടുക്കണം. അതിനെ കുറിച്ച് വിശദമാക്കാം.

പ്രീപേയ്‌മെന്റ്

നേരത്തെ നിശ്ചയിച്ചതിലും മുന്‍കൂറായി വായ്പയുടെ ഒരുഭാഗം തിരിച്ചടയ്ക്കുന്നതിനെയാണ് ഹോം ലോണ്‍ പ്രീപേയ്‌മെന്റ് എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. വായ്പയുടെ നിശ്ചിത ഭാഗം മുന്‍കൂട്ടി തിരിച്ചടയ്ക്കുന്നതിലൂടെ ഇഎംഐയുടെ ബാധ്യത കുറയും, വായ്പയുടെ തിരിച്ചടവ് കാലയളവ് ചുരുങ്ങുകയോ കടബാധ്യത കുറയുകയോ ചെയ്യാം, പലിശയിലൂടെ നഷ്ടമാകാമായിരുന്ന പണം ലാഭിക്കാം എന്നിങ്ങനെയുള്ള നിരവധി നേട്ടങ്ങളുമുണ്ട്. 

എപ്പോഴാണ് കൂടുതല്‍ നേട്ടം

സാധാരണയായി 20 മുതല്‍ 30 വര്‍ഷം വരെയുള്ള കാലയളവിലേക്കായിരിക്കും ഭൂരിഭാഗം പേരും ഭവന വായ്പകള്‍ എടുക്കുന്നത്. ദീര്‍ഘകാല ഭവന വായ്പകളില്‍, വളരെ ചെറിയ അനുപാതത്തിലായിരിക്കും ആദ്യഘട്ടങ്ങളില്‍ ഉപഭോക്താക്കളുടെ തിരിച്ചടവില്‍ നിന്നും മുതല്‍ തുകയിലേക്കുള്ള വരവുവെയ്ക്കുന്നത്. ആദ്യകാലങ്ങളില്‍ നല്‍കുന്ന തിരിച്ചടവില്‍ ഭൂരിഭാഗവും പലിശ ഇനത്തിലായിരിക്കും കൂട്ടിച്ചേര്‍ക്കുക. അതിനാല്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കുമെങ്കില്‍ ആദ്യഘട്ടത്തില്‍ തന്നെ വായ്പയുടെ പ്രീപേയ്‌മെന്റ് നടത്തുന്നതായിരിക്കും കൂടുതല്‍ പ്രയോജനകരം.

ഉദാഹരണം

ഭവന വായ്പയായി 50 ലക്ഷം രൂപ 8% പലിശ നിരക്കില്‍ 25 വര്‍ഷത്തേക്ക് സ്വീകരിച്ചുവെന്ന് കരുതുക. പ്രതിമാസ തിരിച്ചടവ് അഥവാ ഇഎംഐ 38,591 രൂപയായിരിക്കും. അതേസമയം 25 വര്‍ഷ തിരിച്ചടവ് കാലാവധിയില്‍ 65.80 ലക്ഷം രൂപയാണ് പലിശ ഇനത്തില്‍ നല്‍കേണ്ടി വരുന്നത്. ഇഎംഐ വരവുവെയ്ക്കുന്നതിന്റെ വിശദാംശം ചുവടെ ചേര്‍ക്കുന്നു.

  • ആദ്യ 5 വര്‍ഷം (1-5) പൂര്‍ത്തിയാകുമ്പോള്‍ വായ്പയുടെ മുതല്‍ തുകയിലേക്ക് 7.7% മാത്രമാണ് വരവുവെയ്ക്കുന്നത്. ബാക്കി തുക മുഴുവനും പലിശ ഇനത്തിലേക്ക് കൂട്ടിച്ചേര്‍ക്കുന്നു.
  • അടുത്ത 5 വര്‍ഷം (6-10) കൂടി കഴിയുമ്പോഴേക്കും മുതല്‍ തുകയിലേക്ക് 19.2% മാത്രമായിരിക്കും തിരിച്ചടവ് ചേര്‍ത്തിട്ടുണ്ടാകുക.
  • 15 വര്‍ഷത്തെ തിരിച്ചടവ് പൂര്‍ത്തിയാകുമ്പോള്‍ വായ്പയുടെ മുതല്‍ തുകയില്‍ 36.4 ശതനമാനമായിരിക്കും വരവുവെച്ചിട്ടുണ്ടാകുക.
  • അതുപോലെ 20 വര്‍ഷത്തെ ഇഎംഐ കഴിയുമ്പോള്‍ മുതല്‍ തുകയിലേക്ക് 61.9 ശതമാനവും 25 വര്‍ഷം പൂര്‍ത്തിയാകുമ്പോഴേക്കും 100 ശതമാനവും കൂട്ടിച്ചേര്‍ക്കപ്പെടുന്നു.
Follow Us:
Download App:
  • android
  • ios