കൊല്ലം തീരത്തിന് സമീപം നാല് മീറ്ററാണ് ആഴം. ഹാര്‍ബര്‍ ഘടന, ടൂറിസം, മത്സ്യബന്ധനം തുടങ്ങിയ വിവിധ മനുഷ്യ നിര്‍മിത തടസ്സങ്ങള്‍ കാരണം അപകടകരമായ തിരമാലയാണുള്ളത്
കൊല്ലം: കൊല്ലം ബീച്ചിന്‍റെ സ്വാഭാവിക സൗന്ദര്യം നഷ്ടപ്പെടുത്താതെ സുരക്ഷിതവും വിനോദസഞ്ചാര സൗഹൃദവുമായ അന്താരാഷ്ട്ര ബീച്ച് ടൂറിസം കേന്ദ്രമായി വികസിപ്പിക്കുന്നതിനായുള്ള പദ്ധതി ആവിഷ്കരിക്കുന്നു. കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ (കെഎസ്‌സിഎഡിസി), ചെന്നൈ ഐ ഐ ടിയുമായി ചേര്‍ന്നാണ് ഇതു സംബന്ധിച്ച് വിശദമായ പദ്ധതിരേഖ തയ്യാറാക്കുന്നത്. വിവിധ പങ്കാളികളെ ചേര്‍ത്ത് കൊല്ലത്ത് നടന്ന യോഗത്തില്‍ ഡി പി ആര്‍ തയ്യാറാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.
കൊല്ലം തീരത്തിന് സമീപം നാല് മീറ്ററാണ് ആഴം. ഹാര്‍ബര്‍ ഘടന, ടൂറിസം, മത്സ്യബന്ധനം തുടങ്ങിയ വിവിധ മനുഷ്യ നിര്‍മിത തടസ്സങ്ങള്‍ കാരണം അപകടകരമായ തിരമാലയാണുള്ളത്. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ ഇവിടെ 57 പേര്‍ക്ക് ജീവന്‍ നഷ്ടമായി. സമീപകാലത്ത് 16ലധികം വിനോദസഞ്ചാരികള്‍ തിരമാലകളില്‍ അകപ്പെട്ട സംഭവങ്ങള്‍ ബീച്ചില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ബീച്ചിനെ സുരക്ഷിതമാക്കാനായി സുസ്ഥിര സുരക്ഷാ പദ്ധതി തയ്യാറാക്കുന്നത്.
ബീച്ചിന്‍റെ ആഴം കുറച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയാണ് പദ്ധതി പ്രധാനമായി ലക്ഷ്യം വയ്ക്കുന്നതെന്ന് യോഗത്തില്‍ കൊല്ലം മേയര്‍ പ്രസന്ന ഏണസ്റ്റ് പറഞ്ഞു. കൊല്ലം ബീച്ചിന് സംസ്ഥാനത്തെ മറ്റു ബീച്ചുകളേക്കാള്‍ ആഴം കൂടുതലാണ്. അപകട സാധ്യതയും കൂടുതലാണ്. ബീച്ചില്‍ വരുന്ന ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി പഠനം നടത്തുന്നതിന് കൊല്ലം കോര്‍പ്പറേഷന്‍ മുന്‍കൈയെടുത്താണ് 15 ലക്ഷം രൂപ തീരദേശ വികസന കോര്‍പ്പറേഷന് നല്‍കിയത്. പഠന റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് തീരദേശ വികസന കോര്‍പ്പറേഷന്‍ വിശദമായ പദ്ധതിരേഖ തയ്യാറാക്കി സര്‍ക്കാര്‍ അംഗീകാരത്തിനായി സമര്‍പ്പിക്കും. ആഴം കുറയ്ക്കുന്നതിനൊപ്പം തിരയടിയുടെ ശക്തി കുറച്ചു കൊണ്ടുവരുന്നതും പദ്ധതി ലക്ഷ്യമിടുന്നു.
ബീച്ചിന്‍റെ സൗന്ദര്യവത്കരണവും സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുള്ള ജല കായിക പ്രവര്‍ത്തനങ്ങളും സജീവമാക്കും. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാനും സുസ്ഥിരമായ ബീച്ച് വികസനം സാധ്യമാക്കാനുമാണ് ഉദ്ദേശിക്കുന്നതെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു. നിരവധി സഞ്ചാരികള്‍ എത്തുന്ന ബീച്ചിന്‍റെ സുരക്ഷ പ്രധാനമാണെന്നും വിനോദസഞ്ചാരികള്‍ക്കൊപ്പം മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ സംരക്ഷിക്കുന്നതായിരിക്കും പദ്ധതിയെന്നും മുകേഷ് എം എല്‍ എ പറഞ്ഞു. കൊല്ലം നഗരത്തിലെ പ്രധാന കേന്ദ്രമായി ബീച്ചിനെ മാറ്റുകയാണ് ലക്ഷ്യം. ബീച്ച് വികസനം ലക്ഷ്യമിട്ട് ഇത്തരത്തിലൊരു വിശദമായ പദ്ധതി കേരളത്തില്‍ ആദ്യമാണെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു.
അപകടസാധ്യത മറികടന്നാല്‍ വിനോദസഞ്ചാരത്തിനുള്‍പ്പെടെ വലിയ വികസന സാധ്യതയുള്ള ബീച്ചാണ് കൊല്ലത്തേതെന്നും പഠന റിപ്പോര്‍ട്ട് രണ്ട് മാസത്തിനകം സമര്‍പ്പിക്കുമെന്നും ചെന്നൈ ഐ ഐ ടി ഓഷ്യാനോഗ്രഫി വിഭാഗം എമറിറ്റസ് പ്രൊഫ വി സുന്ദര്‍ പറഞ്ഞു. കരയില്‍ നിന്ന് നിശ്ചിത അകലത്തില്‍ വെള്ളത്തിനടിയില്‍ ജിയോ ട്യൂബ് സ്ഥാപിച്ച് തിരയുടെ ശക്തി കുറയ്ക്കും. ഇതുവഴി ബീച്ചിലെ സുരക്ഷ ഉറപ്പാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലം ബീച്ചിനെ വിനോദസഞ്ചാര സൗഹൃദമാക്കുകയും ബീച്ചിലെ പ്രക്ഷുബ്ധമായ തിരയടി നിയന്ത്രിക്കുകയും ചെയ്യുന്നതിനായി ഒരു സുസ്ഥിര വികസന പദ്ധതി തയ്യാറാക്കുകയാണ് ഡിപിആറിന്‍റെ പ്രധാന ലക്ഷ്യമെന്ന് കെ എസ് സി എ ഡി സി മാനേജിംഗ് ഡയറക്ടര്‍ പി ഐ ഷെയ്ക്ക് പരീത് പറഞ്ഞു. സീ ക്രൂയിസ്, ബീച്ച് സ്പോര്‍ട്സ് തുടങ്ങി വിവിധ ബീച്ച് ടൂറിസം പ്രവര്‍ത്തനങ്ങള്‍ കൊല്ലം ബീച്ചില്‍ അവതരിപ്പിക്കാന്‍ കഴിയും. ഇത് ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചെന്നൈ ഐ ഐ ടി ഓഷനോഗ്രഫി വിഭാഗം മേധാവി പ്രൊഫ സന്യാസ്രാജ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കമലമ്മ ഡി, കെ എസ് സി എ ഡി സി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഷിലു ഐജി, ഡി ടി പി സി സെക്രട്ടറി രമ്യ ആര്‍ കുമാര്‍ എന്നിവരും കെ എസ് സി എ ഡി സി, കൊല്ലം കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.
നേരത്തേ കെ എസ് സി എ ഡി സിയിലെയും ചെന്നൈ ഐ ഐ ടിയിലെയും വിദഗ്ധ സംഘം സ്ഥലം സന്ദര്‍ശിച്ച് ബീച്ചിനെ അപകടരഹിത മേഖലയാക്കുന്നതിനുള്ള പ്രാഥമിക സാങ്കേതിക, വാണിജ്യ നിര്‍ദേശം മുന്നോട്ടുവച്ചിരുന്നു. ഇതിന് കോര്‍പ്പറേഷന്‍ അംഗീകാരം നല്‍കുകയും പഠനം നടത്താനും ഡി പി ആര്‍ തയ്യാറാക്കാനും കെ എസ് സി എ ഡി സിയെ ചുമതലപ്പെടുത്തുകയും ചെയ്തു.
