ഫിൻടെക് വികസനം: കെ.എസ്.എഫ്.ഇയെ ഉൾപ്പെടുത്തി പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്
കെ.എസ്.എഫ്.ഇ യുടെ ആകെ വിറ്റുവരവ് ഒരു ലക്ഷം കോടി രൂപയിൽ എത്തിച്ചേരുന്ന വർഷമായി 2025 മാറിയിട്ടുണ്ട്.

കേരളത്തിലെ ഫിൻടെക് മേഖലയിലെ വളർച്ചയ്ക്ക് ധനകാര്യ സ്ഥാപനമായ കെ.എസ്.എഫ്.ഇയെ ഉൾപ്പെടുത്തി പദ്ധതികൾ പ്രഖ്യാപിക്കുമെന്ന് കേരള ബജറ്റ്. ഉപയോക്താക്കൾക്ക് സാമ്പത്തിക സേവനങ്ങൾ നൽകുന്നതിന് പ്രാഥമികമായി സാങ്കേതികവിദ്യയും ക്‌ളൗഡ് സേവനങ്ങളെയും ആശ്രയിക്കുന്ന കമ്പനികളാണ് ഫിൻടെക്കുകൾ. സ്റ്റാർട്ടപ്പുകൾ ,ബാങ്കുകൾ ,ബാങ്കിതര ധനകാര്യസ്ഥാപനങ്ങൾ ക്രോസ് സെക്ടർ സ്ഥാപനങ്ങൾ എന്നിവ ഫിൻടെക്കുകളിൽപ്പെടുന്നു.
കെ.എസ്.എഫ്.ഇക്കൊപ്പം കെ.എഫ്.സി മറ്റു ധനകാര്യ സ്ഥാപനങ്ങൾ എന്നിവയെ കൂട്ടിയോജിപ്പിച്ചുള്ള പദ്ധതികളാണ് ബജറ്റ് വിഭാവനം ചെയ്യുന്നത്. ഫിൻടെക് മേഖലയെ വികസിപ്പിക്കുന്നതിനായി 10 കോടി രൂപ വകയിരുത്തി.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക് ചെയിൻ, ക്‌ളൗഡ് കമ്പ്യൂട്ടിങ് ഇന്റർനെറ്റ് ഓഫ് തിങ്സ് ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയർ, സെർവർലെസ് ആർക്കിടെക്ച്ചർ, സോഫ്റ്റ്‌വെയർ ആസ് എ സർവീസ് ,ഹൈപ്പർ ഓട്ടോമേഷൻ തുടങ്ങിയ സാങ്കേതിക വിദ്യകൾ അടുത്ത കുറച്ചു വർഷങ്ങളിൽ ഫിൻടെക് വികസനത്തെ മുന്നോട്ടുകൊണ്ടുപോകുമെന്നാണ് പൊതുവിലയിരുത്തൽ. ഇത് പ്രയോജനപ്പെടുത്താനാണ് സർക്കാർ നീക്കം.
കെ.എസ്.എഫ്.ഇയുടെ അംഗീകൃത മൂലധനം 100 കോടിയിൽ നിന്നും 250 കോടി രൂപയായി സർക്കാർ ഉയർത്തിയതായി ധനകാര്യമന്ത്രി 2025-26 ബജറ്റ് പ്രസംഗത്തിൽ അറിയിച്ചു. അടച്ചു തീർത്ത മൂലധനം100 കോടി രൂപയിൽ നിന്നും 200 കോടി രൂപയാക്കി മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചു വരികയുമാണ്.
കെ.എസ്.എഫ്.ഇ യുടെ ആകെ വിറ്റുവരവ് ഒരു ലക്ഷം കോടി രൂപയിൽ എത്തിച്ചേരുന്ന വർഷമായി 2025 മാറിയിട്ടുണ്ട്. ഇതിനകം വിറ്റുവരവ് 91,000 കോടി രൂപയാണ്. 2021 മെയ് മുതൽ കെ.എസ്.എഫ്.ഇയിൽ 3275 പേർക്ക് PSC വഴി നിയമന ഉത്തരവ് നൽകുകയും ആയതിൽ 2500 പേർ ജോലിയിൽ പ്രവേശിക്കുകയും ചെയ്തിട്ടുണ്ട്. കെ.എസ്.എഫ്ഇയിൽ 683 ശാഖകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ പുതിയ ശാഖകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. - ധനമന്ത്രി കൂട്ടിച്ചേർത്തു.
