തേക്കടി, മൂന്നാർ, കുമരകം തുടങ്ങിയ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ മുന്തിയ പ്രോപ്പർട്ടികളിൽ സഞ്ചാരികൾക്ക് മൺസൂൺ ആഘോഷിക്കാം.
കേരളത്തിലെ ഏറ്റവും വലിയ ഹോട്ടൽ ശൃംഖലയായ കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ മഴക്കാലം ആസ്വദിക്കാൻ പ്രത്യേക മൺസൂൺ പാക്കേജുകൾ പ്രഖ്യാപിച്ചു. രണ്ട് രാത്രികളും മൂന്നു പകലുകളും ഉൾപ്പെടുന്നതാണ് പാക്കേജ്. താമസം, ബ്രേക്ക്ഫാസ്റ്റ്, നികുതികൾ എന്നിവയാണ് പാക്കേജിൽ ഉൾപ്പെടുന്നത്.
തേക്കടി, മൂന്നാർ, കുമരകം തുടങ്ങിയ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ മുന്തിയ പ്രോപ്പർട്ടികളിൽ സഞ്ചാരികൾക്ക് മൺസൂൺ ആഘോഷിക്കാം.
തേക്കടി ആരണ്യ നിവാസ്, മൂന്നാർ ടീ കൗണ്ടി എന്നിവിടങ്ങളിൽ ബേസ് കാറ്റഗറി പാക്കേജ് 11,999 രൂപയ്ക്കും പ്രീമിയം കാറ്റഗറി പാക്കേജ് 12,999 രൂപയ്ക്കും ലഭിക്കും. ആരണ്യ നിവാസിൽ ജംഗിൾ വ്യൂ മുറിയാണ് നൽകുക. തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിൽ ബേസ് കാറ്റഗറി 12,999 രൂപയ്ക്കും പ്രീമിയം കാറ്റഗറി 14,999 രൂപയ്ക്കുമാണ് ലഭിക്കുക. കോവളം സമുദ്രയിൽ ബേസ് കാറ്റഗറി പാക്കേജ് 12,999 രൂപയ്ക്കും പ്രീമിയം കാറ്റഗറി 15,999 രൂപയ്ക്കും ലഭിക്കും. കുമരകം വാട്ടർസ്കേപ്സിൽ ബേസ് കാറ്റഗറി 12,999 രൂപയ്ക്കും പ്രീമിയം കാറ്റഗറി 18,999 രൂപയ്ക്കും ലഭിക്കും. മുകളിൽ പറഞ്ഞ ഹോട്ടലുകളിൽ ഓരോ അധികം അതിഥിക്കും 1,500 രൂപ വീതം അധിക ബുക്കിങ് ചാർജ് നൽകണം.
തേക്കടി ലേക്ക് പാലസിൽ ബേസ് കാറ്റഗറി പാക്കേജ് തുടങ്ങുന്നത് 38,999 രൂപ മുതലാണ്. ഈ പാക്കേജിൽ എല്ലാ നേരത്തെ ഭക്ഷണവും ഉൾപ്പെടുന്നു. അധികം വരുന്ന ഓരോ അതിഥിക്കും 4,000 രൂപ മുതലാണ് അധിക ബുക്കിങ് ചാർജ്.
കെ ടി ഡി സിയുടെ ബജറ്റ് പ്രോപ്പർട്ടികളിലും പാക്കേജ് ലഭ്യമാണ്. ആലപ്പുഴ റിപ്പിൾ ലാൻഡിൽ ബേസ് കാറ്റഗറി പാക്കേജിന് 4,999 രൂപയും പ്രീമിയം കാറ്റഗറി പാക്കേജിന് 5,555 രൂപയുമാണ്. കൊല്ലം അക്വാലാൻഡ്, മലമ്പുഴ ഗാർഡൻ ഹൗസ് എന്നിവിടങ്ങളിൽ ബേസ് കാറ്റഗറിക്ക് 5,555 രൂപയും പ്രീമിയം കാറ്റഗറിക്ക് 6,555 രൂപയുമാണ്. തേക്കടി പെരിയാർ ഹൗസ്, കുമരകം ഗേറ്റ് വേ എന്നിവിടങ്ങളിൽ ബേസ് കാറ്റഗറി 8,555 രൂപയും പ്രീമിയം കാറ്റഗറി 9,555 രൂപയുമാണ്. അധികം വരുന്നവർക്ക് 1,000 രൂപയാണ് ബുക്കിങ് ചാർജ്. പെരിയാർ ഹൗസിൽ ജംഗിൾ വ്യൂ മുറിയും റിപ്പിൾ ലാൻഡിൽ എക്സിക്യൂട്ടീവ് മുറിയുമാണ് ലഭിക്കുക.
ടാമറിന്റ് ഈസി ഹോട്ടലുകളിലും പാക്കേജുകളുണ്ട്. മണ്ണാർക്കാട്, നിലമ്പൂർ, കൊണ്ടോട്ടി ഹോട്ടലുകളിൽ 4,555 രൂപ മുതലാണ് പാക്കേജ് ആരംഭിക്കുക. അധികം വരുന്നയാൾക്ക് 500 രൂപയാണ് ബുക്കിങ് ചാർജ്.
പരമാവധി രണ്ട് മുതിർന്നവർക്കും 12 വയസ്സിൽ താഴെയുള്ള രണ്ട് കുട്ടികൾക്കുമാണ് പാക്കേജ് ബാധകം. 12 വയസ്സിന് മുകളിൽ പ്രായമുള്ള ഒരു കുട്ടിയുള്ളവർക്കും രണ്ടു കുട്ടികളിൽ ഒരാൾ 15 വയസ്സിൽ താഴെയാണെങ്കിലും പ്രത്യേക ഫാമിലി പാക്കേജിന് അർഹതയുണ്ട്. ഈ പാക്കേജ് ബുക്ക് ചെയ്യാൻ കുട്ടികൾ വേണമെന്ന് നിർബന്ധമില്ല. പ്രായവും തടസ്സമില്ല. പാക്കേജിന് പുറത്തുള്ള ഭക്ഷണം, പാനീയങ്ങൾ, ആയുർവേദ തിരുമൽ തുടങ്ങിയവയ്ക്ക് 10% കിഴിവ് ലഭിക്കും.
സെപ്റ്റംബർ വരെയാണ് മൺസൂൺ പാക്കേജ്. എന്നാൽ ഓണാഘോഷ കാലയളവായ സെപ്റ്റംബർ മൂന്നു മുതൽ എട്ട് വരെയുള്ള ബുക്കിങ്ങുകൾക്ക് മൺസൂൺ പാക്കേജ് ബാധകമല്ല. ഒരിക്കൽ ബുക്ക് ചെയ്താൽ ഈ പാക്കേജുകൾ റദ്ദാക്കാൻ കഴിയില്ല.
