ഓണവിപണി ലക്ഷ്യമിട്ട് കുടുംബശ്രീ നടപ്പാക്കിയ 'ഓണക്കനി', 'നിറപ്പൊലിമ' പദ്ധതികളിലൂടെ വനിതാ കർഷകർ 10.07 കോടി രൂപയുടെ വരുമാനം നേടി. സംസ്ഥാനത്തുടനീളം സംഘടിപ്പിച്ച രണ്ടായിരത്തിലേറെ വിപണന മേളകളിലൂടെ നാടൻ പച്ചക്കറികളും പൂക്കളും വിറ്റഴിച്ചാണ് ഈ വമ്പൻ നേട്ടം കൈവരിച്ചത്.

തിരുവനന്തപുരം: ഓണവിപണിയില്‍ കോടികളുടെ വിളവെടുപ്പുമായി കുടുംബശ്രീ. സംസ്ഥാനത്ത് നടപ്പാക്കുന്ന 'ഓണക്കനി', 'നിറപ്പൊലിമ' കാര്‍ഷിക പദ്ധതികളുടെ ഭാഗമായി ഉല്‍പാദിപ്പിച്ച പച്ചക്കറികളും പൂക്കളും വിറ്റഴിച്ചു കൊണ്ട് 10.07 കോടിയുടെ വമ്പന്‍ നേട്ടമാണ് വനിതാ കര്‍ഷകര്‍ സ്വന്തമാക്കിയത്. ആഗസ്റ്റ് 20- 25 വരെ സംസ്ഥാനമൊട്ടാകെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രണ്ടായിരത്തിലേറെ ഓണം വിപണന മേളകളില്‍ നിന്നാണ് ഈ വിറ്റുവരവ്. വിറ്റുവരവ് ഇനത്തില്‍ 2.85 കോടി നേടി തൃശൂര്‍ ജില്ല സംസ്ഥാനതലത്തില്‍ ഒന്നാമതായി. 1.62 കോടി രൂപയുമായി പാലക്കാട് രണ്ടാം സ്ഥാനത്തും 85.50 ലക്ഷം രൂപയുമായി കണ്ണൂര്‍ മൂന്നാം സ്ഥാനത്തും എത്തി.

'ഓണക്കനി' പദ്ധതിയുടെ ഭാഗമായി സംസ്ഥാനമൊട്ടാകെയുള്ള 33,000ലേറെ കര്‍ഷക സംഘങ്ങള്‍ ഉല്‍പാദിപ്പിച്ച 1580.88 മെട്രിക് ടണ്‍ നാടന്‍ പച്ചക്കറികളാണ് ഓണസദ്യയൊരുക്കാന്‍ വിപണിയിലെത്തിയത്. 8.91 (8,91,11,654.50) കോടിയാണ് ഇതുവഴിയുള്ള വിറ്റുവരവ്. പൂക്കളുടെ ആഭ്യന്തര ഉല്‍പാദനവും വിപണനവും പ്രോത്സാഹിപ്പിക്കുന്നതിനായി നടപ്പാക്കിയ 'നിറപ്പൊലിമ' പദ്ധതിയും വിപണിയില്‍ തിളങ്ങി. സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 5500 കര്‍ഷക സംഘങ്ങള്‍ കൃഷി ചെയ്ത 113.17 മെട്രിക് ടണ്‍ പൂക്കള്‍ വിപണിയിലെത്തിച്ചതു വഴി 1.16 (1,15,79,683) കോടിയാണ് വിറ്റുവരവ്. ഈ വരുമാനം പൂര്‍ണമായും കര്‍ഷകര്‍ക്കാണ് ലഭിക്കുക. കുടുംബശ്രീ ഓണം വിപണന മേളകള്‍ക്ക് പുറമേ പ്രാദേശികമായും കര്‍ഷകര്‍ ഉല്‍പന്നങ്ങള്‍ വിറ്റഴിച്ച് വരുമാനം നേടുന്നുണ്ട്.

ഓണക്കാലത്ത് കാര്‍ഷികോല്‍പന്നങ്ങളുടെ വിപണനത്തില്‍ കുടുംബശ്രീയുടെ കരുത്തും വനിതാ കര്‍ഷകരുടെ മികവും ഒരിക്കല്‍ കൂടി തെളിയിക്കുന്നതാണ് ഈ നേട്ടം. കര്‍ഷകര്‍ക്ക് മികച്ച വിപണി ഉറപ്പാക്കുന്നതിനൊപ്പം ഉപഭോക്താക്കള്‍ക്ക് ഗുണമേന്‍മയുള്ള നാടന്‍ കാര്‍ഷിക ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുന്നതിനും പൊതുവിപണിയില്‍ വിലക്കയറ്റം തടയാനും കുടുംബശ്രീ വഴിയൊരുക്കി. വനിതാ കര്‍ഷകരുടെ അധ്വാനത്തിന് വിപണിയൊരുക്കുകയും കര്‍ഷക കുടുംബങ്ങള്‍ക്ക് അധിക വരുമാനം ഉറപ്പാക്കുകയും ചെയ്യുന്നതില്‍ കുടുംബശ്രീയുടെ കാര്‍ഷിക ഇടപെടലുകള്‍ നിര്‍ണായകമായി.