എസ്ബിഐയുടെ ഭവന, വാഹന വായ്പകളുടെ പലിശ നിരക്ക് വർദ്ധിക്കും. പുതിയ പലിശ നിരക്കുകൾ ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു.

എം സി എൽ ആർ അധിഷ്ഠിത വായ്പകളുടെ പലിശ നിരക്ക് കൂട്ടി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. പലിശയിൽ 0.10% വർദ്ധനയാണ് വരുത്തിയിരിക്കുന്നത്. ഇതനുസരിച്ച് ഭവന, വാഹന വായ്പകളുടെ പലിശ നിരക്ക് വർദ്ധിക്കും. പുതിയ പലിശ നിരക്കുകൾ ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു. ഇതോടെ ഒരു വർഷത്തെ എം സി എൽ ആർ അധിഷ്ഠിത വായ്പകളുടെ പലിശ നിരക്ക് 8.75% ആയി ഉയരും. നേരത്തെ ഇത് 8.65% ആയിരുന്നു. ബാങ്കിന്റെ എംസിഎൽആർ അധിഷ്ഠിത വായ്പകളുടെ പലിശ നിരക്ക് 8.10 ശതമാനത്തിനും 8.95 ശതമാനത്തിനും ഇടയിൽ ആയിരിക്കും. ഒരു മാസത്തെ എം സി എൽ ആർ പലിശ നിരക്ക് 8.2 ശതമാനത്തിൽ 8.3% ആയും മൂന്ന് മാസത്തെ എംസിഎൽആർ അധിഷ്ഠിത വായ്പകളുടെ പലിശ നിരക്ക് 8.2 ശതമാനത്തിൽ നിന്നും 8.3 ശതമാനമായും കൂട്ടിയിട്ടുണ്ട്. മൂന്ന് വർഷത്തെ എംസിഎൽആർ അധിഷ്ഠിത പലിശ 8.85 ശതമാനത്തിൽ നിന്നും 8.95 ശതമാനമാക്കി.

Add Asianetnews as a Preferred SourcegooglePreferred

അതേസമയം എക്സ്റ്റേണൽ ബെഞ്ച് മാർക്ക് ലെൻഡിങ് റേറ്റ് പ്രകാരമുള്ള വായ്പകളുടെ പലിശ നിരക്ക് 9.15 ശതമാനം ആയി തുടരും.2016 ഏപ്രിൽ 01-ന് ആണ് പലിശ നിരക്ക് നിശ്ചയിക്കുന്നതിനുള്ള അടിസ്ഥാന നിരക്ക് സമ്പ്രദായത്തിന് പകരം ആർബിഐ എംസിഎൽആർ സംവിധാനം ഏർപ്പെടുത്തിയത്. 2016 ഏപ്രിൽ 01-ന് മുമ്പ് വായ്പ നൽകിയ വായ്പക്കാർ ഇപ്പോഴും പഴയ ബെഞ്ച്മാർക്ക് പ്രൈം ലെൻഡിംഗ് റേറ്റ് (ബിപിഎൽആർ) സമ്പ്രദായത്തിന് കീഴിലാണ്. അവർക്ക് എംസിഎൽആർ നിരക്കിലേക്ക് മാറാനും സാധിക്കും.

ഇതിനുപുറമേ സ്ഥിരനിക്ഷേപങ്ങൾക്കുള്ള പലിശ നിരക്കും സ്റ്റേറ്റ് ബാങ്ക് വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതനുസരിച്ച് 7 മുതൽ 45 ദിവസം വരെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ മൂന്നര ശതമാനം ആക്കി കൂട്ടി. അഞ്ചുവർഷത്തിനും പത്തു വർഷത്തിനും ഇടയ്ക്കുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ ആറര ശതമാനം ആയിരിക്കും. മുതിർന്ന പൗരന്മാർക്ക് ഏഴര ശതമാനം വരെ പലിശ ലഭിക്കും.