വയനാട്ടിൽ വന്യജീവി ആക്രമണങ്ങൾ കുറയ്ക്കാനും മനുഷ്യനും വന്യജീവികൾക്കും സംരക്ഷണം നൽകാനും സർക്കാർ സ്ഥാപിച്ച പദ്ധതി
മനുഷ്യ-വന്യജീവി സംഘർഷം പതിവായ വയനാട്ടിൽ വന്യജീവി ആക്രമണങ്ങൾ കുറയ്ക്കാനും മനുഷ്യനും വന്യജീവികൾക്കും സംരക്ഷണം നൽകാനും സർക്കാർ സ്ഥാപിച്ച പദ്ധതിയാണ് ആനിമൽ ഹോസ്പൈസ് സെൻ്റർ & പാലിയേറ്റിവ് കെയർ യൂണിറ്റ്.
ബത്തേരി നാലാം മൈലിലാണ് 2022 ൽ ആദ്യത്തെ അനിമൽ ഹോസ്പൈസ് സെൻ്റർ തുടങ്ങുന്നത്. വയനാട്ടിൽ അപകടകാരികളായ കടുവകൾ മനുഷ്യവാസ മേഖലയിൽ തുടർച്ചയായി എത്തുകയും ആൾ നാശത്തിന് കാരണമാകുകയും ചെയ്തതിനെ തുടർന്നാണ് ഹോസ്പൈസ് സൗകര്യം തുടങ്ങിയത്.
കേരളത്തിൽ കഴിഞ്ഞ 10-12 വർഷത്തിനിടെ 50 കടുവകളെയാണ് മനുഷ്യന് അപകടകരമായത് കൊണ്ട് പിടികൂടിയിരുന്നത്. ഇതിൽ 47 എണ്ണം വയനാട്ടിൽ നിന്നായിരുന്നു. ഇതേ കാലയളവിൽ കേരളത്തിൽ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട 12 പേരിൽ ഒൻപത് പേരും വയനാട്ടുകാരായിരുന്നു.
നാട്ടിലിറങ്ങിയ കടുവകളിൽ പലതും പ്രായാധിക്യം കൊണ്ടും പരിക്കുകൾ കൊണ്ടും അവശരായിരുന്നു. ഇവയെ എവിടെയെങ്കിലും തുറന്നുവിടുന്നതിലെ ആശങ്കയും ജനങ്ങളെ അലട്ടി. ഇതിനെല്ലാം പരിഹാരമായാണ് ആനിമൽ ഹോസ്പൈസ് അവതരിപ്പിച്ചത്. പിടികൂടിയ കടുവകളെ മറ്റിടങ്ങളിൽ തുറന്നു വിടാതെ മരണം വരെ ഹോസ്പൈസിൽ പാർപ്പിക്കുന്നതാണ് രീതി. നിലവിൽ ഏഴ് കടുവകൾ വയനാട്ടിലെ ഹോസ്പൈസിൽ ഉണ്ട്.
"മനുഷ്യനെ ആക്രമിച്ചതും കന്നുകാലികളെ ആക്രമിച്ചതുമായ കടുവകളെയാണ് ഹോസ്പൈസ് കേന്ദ്രത്തിൽ സംരക്ഷിക്കുന്നത്. ഇവയെ ഇനി ഒരിക്കലും കാട്ടിലേക്ക് തുറന്നു വിടില്ല. പരമാവധി സ്വാഭാവികമായ ആവാസവ്യവസ്ഥ സൃഷ്ടിച്ച് കടുവകളെ പരിപാലിക്കുകയാണ് ലക്ഷ്യം. അതുകൊണ്ട് തന്നെ ജനങ്ങൾക്ക് ആശങ്ക വേണ്ട" - വയനാട് വന്യജീവി സങ്കേതത്തിലെ കൺസർവേഷൻ ബയോളജിസ്റ്റ് വിഷ്ണു ഓമനക്കുട്ടൻ വിശദീകരിക്കുന്നു.
കൂടുതൽ കടുവകളെ സംരക്ഷിക്കേണ്ടി വരുന്ന സാഹചര്യത്തിൽ കിഫ്ബി സഹായത്തോടെ കൂടുതൽ ഹോസ്പൈസ് കേന്ദ്രങ്ങൾ തുറക്കാനാണ് സർക്കാർ തീരുമാനം. ഇതിനായി വനംവകുപ്പുമായി സഹകരിച്ചായിരിക്കും പദ്ധതികൾ രൂപീകരിക്കുക.
