ദില്ലി: രാജ്യത്ത് ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിപ്പിക്കുന്നതിന് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള ഇടപാടുകളുടെ ഫീസ് ഒഴിവാക്കുന്നു. പോളിസി പുതുക്കല്‍, അഡ്വാന്‍സ് പ്രീമിയം, വായ്പാ തിരിച്ചടവ്, പലിശയടവ് എന്നീ ഇടപാടുകള്‍ ക്രെഡിറ്റ് കാര്‍ഡ് വഴി നടത്തുമ്പോള്‍ ഈടാക്കിയിരുന്ന കണ്‍വീനിയന്‍സ് ഫീ ആണ് ഒഴിവാക്കിയത്.

'എല്ലാ ഡിജിറ്റല്‍ ഇടപാടുകളും ഉപഭോക്താക്കള്‍ക്ക് സൗജന്യമായിരിക്കും. ഇതുവഴി എല്‍ഐസി പോളിസി അടവുകള്‍ ഉപഭോക്താക്കള്‍ക്ക് സുഗമമായി ഓണ്‍ലൈന്‍ വഴി നടത്താന്‍ കഴിയും'- എല്‍ഐസി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ഡിസംബര്‍ ഒന്ന് മുതലാണ് പുതിയ സൗജന്യപദ്ധതി നിലവില്‍ വന്നത്.