ദില്ലി: ഇന്ത്യൻ നിർമ്മിത വിദേശ മദ്യ വിപണി ജനുവരി മുതൽ മാർച്ച് അവസാനം വരെയുള്ള സാമ്പത്തിക പാദ കാലയളവിൽ വിൽപ്പനയിൽ ആറ് ശതമാനം വളർച്ച രേഖപ്പെടുത്തി. എന്നാൽ, കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വിൽപ്പനയിൽ 12 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.

ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ 2020-21 സാമ്പത്തിക വർഷത്തിന്റെ നാലാം പാദവാർഷികത്തിൽ രേഖപ്പെടുത്തിയത് 40 ശതമാനം വർദ്ധനവാണ്. മഹാരാഷ്ട്രയിൽ 23 ശതമാനവും ഗോവയിൽ 22 ശതമാനവും വർദ്ധനവുണ്ടായി. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ആൽക്കഹോളിക് ബിവറേജ് കമ്പനീസിന്റേതാണ് കണക്ക്.

കൊവിഡ് ലോക്ഡൗണിനെ തുടർന്ന് കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള പാദത്തിൽ കനത്ത ഇടിവാണ് വിൽപ്പനയിൽ ഉണ്ടായതെന്ന് കോൺഫെഡറേഷൻ പറയുന്നു. എന്നാൽ, നാലാം പാദവാർഷികമായപ്പോഴേക്കും വിൽപ്പനയിൽ വലിയ കുതിപ്പുണ്ടായി.

അതേസമയം ഛത്തീസ്ഡഗിൽ നാലാം പാദവാർഷികത്തിലും വിൽപ്പനയിൽ 31 ശതമാനം ഇടിവുണ്ടായി. പശ്ചിമ ബംഗാളിൽ 28 ശതമാനവും രാജസ്ഥാനിൽ  20 ശതമാനവും ഇടിവ് രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ വിൽപ്പന ഇടിഞ്ഞത് മേഘാലയയിലാണ്, 52 ശതമാനം. ദാമൻ ദിയുവിലും സിൽവാസയിലും 43 ശതമാനം ഇടിവുണ്ടായി.

സാമ്പത്തിക വർഷം അവസാനിച്ചപ്പോൾ 305 ദശലക്ഷം കേസ് (ഒൻപത് ലിറ്റർ വീതം) ആണ് ആകെ വിൽപ്പന. 2019-20 കാലത്തെ അപേക്ഷിച്ച് 12 ശതമാനമാണ് ഇടിവ്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona