Asianet News MalayalamAsianet News Malayalam

മ്യൂച്ചല്‍ ഫണ്ട് പിൻവലിക്കാൻ വരട്ടെ, അത്യാവശ്യ ഘട്ടങ്ങളിൽ ഇവ പണയപ്പെടുത്താം

ഇങ്ങനെ അത്യാവശ്യ ഘട്ടങ്ങളിൽ നിക്ഷേപം പിന്‍വലിക്കുന്നതിനു പകരം മ്യൂച്ചല്‍ ഫണ്ട് യൂണിറ്റുകള്‍ പണയപ്പെടുത്തി ലോണ്‍ എടുക്കുന്നത് പരിഗണിച്ചാല്‍, നിക്ഷേപകരുടെ ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങളും വഴുതിമാറില്ല

loan against mutual funds invstors must know about this
Author
First Published Aug 15, 2024, 10:52 PM IST | Last Updated Aug 15, 2024, 10:52 PM IST

സാധാരണയായി മ്യൂച്ചല്‍ ഫണ്ട് നിക്ഷേപകര്‍ ഇടക്കാല/ ദീര്‍ഘകാലയളവ് കണക്കാക്കിയായിരിക്കും നിക്ഷേപം നടത്താറുള്ളത്. അതിനാല്‍ പെട്ടെന്ന് നേരിടേണ്ടിവരുന്ന സാമ്പത്തികമായ അടിയന്തര സാഹചര്യങ്ങളില്‍, മ്യൂച്ചല്‍ ഫണ്ട് നിക്ഷേപം പിന്‍വലിക്കാനുള്ള പ്രവണതയും ഏറെയാണ്. ഇത്തരം നടപടികള്‍ നിക്ഷേപകരുടെ ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങളെ പിന്നോട്ടടിക്കുകയും ചെയ്യുന്നു.

ഇങ്ങനെ അത്യാവശ്യ ഘട്ടങ്ങളിൽ നിക്ഷേപം പിന്‍വലിക്കുന്നതിനു പകരം മ്യൂച്ചല്‍ ഫണ്ട് യൂണിറ്റുകള്‍ പണയപ്പെടുത്തി ലോണ്‍ എടുക്കുന്നത് പരിഗണിച്ചാല്‍, നിക്ഷേപകരുടെ ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങളും വഴുതിമാറില്ല. നിക്ഷേപകര്‍ക്കും കമ്പനികള്‍ക്കുമെല്ലാം അവരുടെ മ്യൂച്ചല്‍ ഫണ്ട് നിക്ഷേപത്തിന്മേല്‍ വായ്പ എടുക്കാന്‍ സാധിക്കും. ഇതിന്റെ നടപടിക്രമങ്ങളാണ് ചുവടെ വിശദീകരിക്കുന്നത്.

യോഗ്യത:

വ്യക്തിഗത നിക്ഷേപകര്‍, പ്രവാസികള്‍, സ്ഥാപനങ്ങള്‍, ഹിന്ദു അവിഭക്ത കുടുംബങ്ങള്‍, കമ്പനികള്‍ തുടങ്ങി ഏതൊരു മ്യൂച്ചല്‍ ഫണ്ട് നിക്ഷേപകര്‍ക്കും അവരുടെ മ്യൂച്ചല്‍ ഫണ്ട് നിക്ഷേപത്തിന് ആനുപാതികമായി വായ്പ എടുക്കാനാകും. പ്രായപൂര്‍ത്തിയാകാത്തവര്‍ യോഗ്യരല്ല. എത്രത്തോളം തുക വായ്പയായി അനുവദിക്കണം, കാലാവധി, പലിശ നിരക്ക് തുടങ്ങിയവയൊക്കെ നിക്ഷേപകരുടെ ക്രെഡിറ്റ് സ്‌കോറിനെയും മറ്റു ഘടകങ്ങളേയും അടിസ്ഥാനപ്പെടുത്തി ബാങ്ക്/ ധനകാര്യ സ്ഥാപനം നിശ്ചയിക്കും. ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍ ഉള്ളവരാണെങ്കില്‍ കുറഞ്ഞ പലിശ നിരക്കിനു വേണ്ടി ധനകാര്യ സ്ഥാപനത്തോട് കൂടിയാലോചിക്കാനുള്ള അവസരം ലഭിക്കും.

എത്ര തുക കിട്ടും?

ഓഹരി അധിഷ്ഠിത മ്യൂച്ചല്‍ ഫണ്ടുകളാണെങ്കില്‍ അറ്റ ആസ്തി മൂല്യത്തിന്റെ (NAV) 50 ശതമാനത്തോളം തുക വായ്പ എടുക്കാനാകും. എന്നാല്‍ ഫിക്‌സഡ് ഇന്‍കം മ്യൂച്ചല്‍ ഫണ്ടുകളാണെങ്കില്‍ അറ്റ ആസ്തി മൂല്യത്തിന്റെ 70-80 ശതമാനം വരെ വായ്പയായി എടുക്കാന്‍ അനുവദിക്കാം.

നടപടികള്‍:

മ്യൂച്ചല്‍ ഫണ്ട് യൂണിറ്റിന്മേല്‍ വായ്പ എടുക്കുന്നതിനായി, ധനകാര്യ സ്ഥാപനം/ ബാങ്കുകള്‍ എന്നിവരെ നിക്ഷേപകന് സമീപിക്കാം. മിക്ക ധനകാര്യ സ്ഥാപനങ്ങളും ഇതിനായുള്ള മുഴുവന്‍ നടപടി ക്രമങ്ങളും ഓണ്‍ലൈന്‍ മുഖേനയാക്കിയിട്ടുണ്ട്. ഞൊടിയിടയില്‍ ലോണ്‍ അനുവദിക്കുകയും ചെയ്യുന്നു. മ്യൂച്ചല്‍ ഫണ്ട് രജിസ്ട്രാറിന്റെ രേഖകളില്‍ അടയാളപ്പെടുത്തുന്ന നടപടികളും ഓണ്‍ലൈന്‍ മുഖേനയാണ് പൂര്‍ത്തിയാക്കുന്നത്.

ചെലവ്:

മ്യൂച്ചല്‍ ഫണ്ടുകള്‍ പണയപ്പെടുത്തിയുള്ള വായ്പകള്‍ക്ക് പേഴ്‌സണല്‍ ലോണിനേക്കാളും കുറഞ്ഞ നിരക്കിലുള്ള പലിശ നിരക്കാണ് ചുമത്തുന്നത്. ഇതിനായുള്ള പ്രോസസിങ് ഫീസുകളും താരതമ്യേന താഴ്ന്ന തോതിലാണുള്ളത്. കാലാവധിക്കും മുന്നെയുള്ള തിരിച്ചടവിനുള്ള ഫീസും കുറഞ്ഞ നിരക്കിലോ ഒഴിവാക്കി കൊടുക്കുകയോ ചെയ്യാറുണ്ട്.

ഇതും ശ്രദ്ധിക്കണം

വായ്പ ഭാഗികമായി തിരിച്ചടയ്ക്കുന്നുണ്ടെങ്കില്‍, അതിനു ആനുപാതികമായ തോതില്‍ പണയപ്പെടുത്തിയ മ്യൂച്ചല്‍ ഫണ്ട് യൂണിറ്റുകളും തിരിച്ചുനല്‍കും.

പണയപ്പെടുത്തിയ ഘട്ടത്തിലും മ്യൂച്ചല്‍ ഫണ്ട് നിക്ഷേപത്തില്‍ നിന്നുള്ള ലാഭവിഹിതവും മൂലധന നേട്ടവും കരഗതമാകും.

ധനകാര്യ സ്ഥാപനങ്ങളില്‍ പണയപ്പെടുത്തിയ മ്യൂച്ചല്‍ ഫണ്ട് യൂണിറ്റുകള്‍ നിക്ഷേപകന് പിന്‍വലിക്കാനാവില്ല

Latest Videos
Follow Us:
Download App:
  • android
  • ios