ദില്ലി: ലോട്ടറി വില വർധിപ്പിക്കുന്ന കാര്യത്തിൽ ഈയാഴ്ച തീരുമാനമാകുമെന്ന് സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക് ദില്ലിയിൽ പറഞ്ഞു. സംസ്ഥാനത്ത് നികുതി കുടിശിക പിരിവ് ഊർജ്ജിതമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജിഎസ്‌ടി കൗൺസിൽ യോഗത്തിന് മുന്നോടിയായി നടന്ന മന്ത്രിതല സമിതി യോഗത്തിന് എത്തിയതായിരുന്നു അദ്ദേഹം. 2017-18 കാലത്ത് സംസ്ഥാനത്തിന് ജിഎസ്‌ടി ഇനത്തിൽ 1600 കോടി രൂപ കേന്ദ്രസർക്കാരിൽ നിന്ന് ലഭിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിതല സമിതിയിൽ ഇക്കാര്യം ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

"സംസ്ഥാനങ്ങൾക്ക് ലഭിക്കാനുഉള്ള 47000 കോടി രൂപ കേന്ദ്ര സർക്കാർ തടഞ്ഞു വച്ചിരിക്കുകയാണ്. ഈ പണം ഉടൻ തന്നെ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെടും. കേരളത്തിലേക്ക് എത്തിക്കുന്ന സ്വർണ്ണത്തിൽ വൻതോതിൽ നികുതി വെട്ടിപ്പ് നടക്കുന്നുണ്ട്. 650 കോടി ലഭിക്കേണ്ട സ്ഥാനത്ത് കേരളത്തിന് 150 കോടി മാത്രമാണ് ലഭിക്കുന്നത്. അതിനാൽ സ്വർണ്ണത്തിന് ഇ-വേ ബിൽ വേണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടും," എന്നും ഐസക് പറഞ്ഞു.