റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ്വ് നല്‍കി ഭവനവായ്പ പലിശ നിരക്കുകള്‍ 9 ശതമാനത്തില്‍ താഴെ; കുറഞ്ഞ പലിശയില്‍ ഭവനവായ്പ നല്‍കുന്ന 10 സ്വകാര്യ ബാങ്കുകള്‍ ഇവയാണ്!

സ്വന്തമായൊരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ ഭവനവായ്പകള്‍ ഒരു സഹായമാണ്. വീട് വാങ്ങുന്നതിനും, നിര്‍മ്മിക്കുന്നതിനും, പുതുക്കിപ്പണിയുന്നതിനും സ്വകാര്യ ബാങ്കുകള്‍ ഭവനവായ്പകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഭവനവായ്പ പലിശ നിരക്കുകള്‍, നല്ല ക്രെഡിറ്റ് സ്കോറിന്‍റെ പ്രാധാന്യം, പ്രതിമാസ തിരിച്ചടവ് , ഒരു വസ്തു വാങ്ങുന്നതിന് മുന്‍പ് പരിശോധിക്കേണ്ട പ്രധാന രേഖകള്‍ എന്നിവയെക്കുറിച്ചുള്ള വ്യക്തമായ ധാരണ വായ്പാ നടപടികള്‍ എളുപ്പമാക്കാനും ചെലവ് കുറയ്ക്കാനും സഹായിക്കും.

ക്രെഡിറ്റ് സ്കോറിന്‍റെ പ്രാധാന്യം

ഭവനവായ്പയുടെ പലിശ നിരക്ക് ക്രെഡിറ്റ് സ്കോറുമായി ബന്ധപ്പെട്ടിരിക്കുന്നു. എല്ലാ ഇഎംഐകളും ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശികകളും കൃത്യസമയത്ത് അടച്ച് ക്രെഡിറ്റ് സ്കോര്‍ മെച്ചപ്പെടുത്താന്‍ സാധിക്കും. 800-ല്‍ കൂടുതല്‍ ക്രെഡിറ്റ് സ്കോര്‍ ഉള്ളവര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ ഭവനവായ്പ ലഭിക്കാന്‍ സാധ്യതയുണ്ട്.

പ്രതിമാസ തവണ 

ഇഎംഐകള്‍ എല്ലാ മാസവും ഒരു നിശ്ചിത തീയതിയില്‍ ബാങ്കില്‍ അടയ്ക്കേണ്ട തുകയാണ്. വായ്പ എടുക്കുമ്പോള്‍ ഇഎംഐതുക നിശ്ചയിക്കുന്നു. വായ്പയുടെ പലിശയും മുതലും ഒരു നിശ്ചിത വര്‍ഷത്തിനുള്ളില്‍ ബാങ്കിന് തിരിച്ചടയ്ക്കുന്ന രീതിയിലാണ് ഇഎംഐക്രമീകരിച്ചിരിക്കുന്നത്.

പലിശ നിരക്ക്

നിരവധി സ്വകാര്യ ബാങ്കുകള്‍ ഭവനവായ്പകള്‍ നല്‍കുന്നുണ്ട്.. ക്രെഡിറ്റ് സ്കോര്‍, വായ്പയുടെ കാലാവധി, പ്രായം, തൊഴില്‍ എന്നിവ അനുസരിച്ച് പലിശ നിരക്കുകള്‍ വ്യത്യാസപ്പെടാം. 2025 മെയ് മാസത്തില്‍ സ്വകാര്യ ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കുകളുടെ ഒരു താരതമ്യം താഴെ നല്‍കുന്നു. 20 വര്‍ഷത്തേക്ക് 30 ലക്ഷം രൂപ വായ്പ എടുക്കുമ്പോഴുള്ള ഇഎംഐആണ് ഇവിടെ കണക്കാക്കിയിരിക്കുന്നത്.

ബാങ്ക് പലിശ നിരക്ക് ഇഎംഐ

1. ജെ&കെ ബാങ്ക് 8% 25,080

2. ഐഡിബിഐ ബാങ്ക് 8.25% 25,560

3. കരൂര്‍ വൈശ്യ ബാങ്ക് 8.45% 25,950

4. എച്ച്ഡിഎഫ്സി ബാങ്ക് 8.5% 26,040

5. തമിഴ്നാട് മെര്‍ക്കന്‍റൈല്‍ ബാങ്ക് 8.5% 26,040

6. കൊട്ടക് മഹീന്ദ്ര ബാങ്ക് 8.65% 26,310

7. സൗത്ത് ഇന്ത്യന്‍ ബാങ്ക് 8.7% 26,430

8. ആക്സിസ് ബാങ്ക് 8.75% 26,520

9. ഐസിഐസിഐ ബാങ്ക് 8.75% 26,520

10. കര്‍ണാടക ബാങ്ക് 8.78% 26,580

പുതിയ വീട് വാങ്ങുന്നതിന് മുന്‍പ് പരിശോധിക്കേണ്ട രേഖകള്‍ എന്തൊക്കെയാണ്?

സെയ്ല്‍ ഡീഡ് 

ടൈറ്റില്‍ ഡീഡ്

അംഗീകൃത കെട്ടിട പ്ലാനുകള്‍ 

കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് (പുതുതായി നിര്‍മ്മിച്ച വസ്തുക്കള്‍ക്ക്)

കമന്‍സ്മെന്‍റ് സര്‍ട്ടിഫിക്കറ്റ് (നിര്‍മ്മാണത്തിലിരിക്കുന്ന വസ്തുക്കള്‍ക്ക്)

കണ്‍വേര്‍ഷന്‍ സര്‍ട്ടിഫിക്കറ്റ് (കൃഷിഭൂമി കാര്‍ഷികേതര ഭൂമിയാക്കി മാറ്റിയെങ്കില്‍)

എന്‍കംബറന്‍സ് സര്‍ട്ടിഫിക്കറ്റ്

ഏറ്റവും പുതിയ നികുതി രസീതുകള്‍

ഒക്യുപന്‍സി സര്‍ട്ടിഫിക്കറ്റ്