മഹാരാഷ്ട്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒരു വിദേശവ്യാപാരസ്ഥാപനമാണ് എംഎംടിസി ലിമിറ്റഡ്. പ്രസ്തുത സ്ഥാപനം പാകിസ്ഥാനടക്കമുള്ള വിദേശരാജ്യങ്ങളിൽ നിന്ന് വലിയുള്ളി ഇറക്കുമതി ചെയ്യാൻ വേണ്ടി പുറത്തിറക്കിയ ടെൻഡർ വിവാദമാകുന്നു. സർക്കാരിനെതിരെ ആഞ്ഞടിച്ചുകൊണ്ട് കർഷക സംഘടനകൾ മുന്നോട്ടുവന്നിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ഉള്ളിപ്പാടങ്ങൾ ഉള്ളത് മഹാരാഷ്ട്രയിൽ തന്നെയാണ്. അവിടങ്ങളിലാണെങ്കിൽ ഖാരിഫ് സീസൺ കൃഷി വിളവെടുപ്പിന് തയ്യാറായി നിൽക്കുകയാണ്. അടുത്ത മാസം വിളവെടുപ്പ് തുടങ്ങേണ്ടതാണ്. 

അതിനിടയിലാണ് വിദേശങ്ങളിൽ നിന്ന് ഉള്ളി കൊണ്ടിറക്കാനുള്ള സർക്കാരിന്റെ നീക്കം കർഷകരെ ചൊടിപ്പിച്ചിരിക്കുകയാണ്. " നമ്മുടെ നാട്ടിലെ കൃഷിയിടങ്ങളിൽ ഉള്ളി വിളഞ്ഞുകിടക്കുമ്പോൾ  ഇങ്ങനെ ഒരു കടുംകൈ ചെയ്യാൻ എങ്ങനെയാണ് അവർക്ക് മനസ്സുവരുന്നത്. ഇറക്കുമതി, അതും പാകിസ്ഥാനിൽ നിന്ന്..?  ഇനി ഞങ്ങൾ, ഇന്നാട്ടിലെ പാവപ്പെട്ട കർഷകരാണോ  ഈ രാജ്യത്തിൻറെ ഏറ്റവും വലിയ ശത്രു..? "  മഹാരാഷ്ട്രയിലെ സ്വാഭിമാനി ഷേട്ട്കാരി സംഘടന്റെ ചെയർമാനായ രാജു ഷെട്ടി പ്രതികരിച്ചു.

ടെൻഡറിൽ പറഞ്ഞിരിക്കും പ്രകാരം നവംബറിൽ ഉള്ളിയുമേന്തിയ കപ്പലുകൾ തീരത്തടുക്കും. അപ്പോൾ തന്നെ നമ്മുടെ പാടങ്ങളിൽ നിന്നും വിളവെടുക്കും." വിളവെടുപ്പിന്റെ സമയത്ത് പിന്നെയും ഉള്ളി ഇറക്കുമതി ചെയ്ത കൊണ്ടുതട്ടിയാൽ എങ്ങനെയാണ് നമ്മുടെ ഉള്ളിക്ക് അർഹിക്കുന്ന വില കിട്ടുക..? " ഷെട്ടി ചോദിക്കുന്നു. 

ഏപ്രിലിൽ830 രൂപ, മെയിൽ 931  രൂപ, ജൂണിൽ 1222  രൂപ, ജൂലൈയിൽ 1880  രൂപ എന്നീ പടവുകൾ താണ്ടി ഇപ്പോൾ മഹാരാഷ്ട്രയിലെ ലസൽ ഗാവിലെ മാർക്കറ്റിൽ ഉള്ളി  ക്വിന്റലിന് 2300  രൂപയ്ക്കാണ് പോകുന്നത്. മെട്രോ നഗരങ്ങളിൽ 39നും 42 നും ഇടയിലാണ് ഇപ്പോൾ ഉള്ളിയുടെ ചില്ലറ വില്പന വില.  ഉള്ളി വില അതിന്റെ സാധാരണ നിലവാരം പ്രാപിച്ചത് കർഷകർക്ക് ഏറെ ആശ്വാസമേകിയിരുന്നു. ഒരു പാടം നിറയെ ഉള്ളി വിളവെടുത്തിട്ട് ലോറിക്കുള്ള കാശുപോലും കിട്ടാതെ കർഷകൻ ഉള്ളിപ്പാടത്തു തന്നെ ആത്മാഹുതി ചെയ്തിട്ട വർഷങ്ങൾ അധികമൊന്നും ആയിട്ടില്ല. പ്രകൃതി ദുരന്തങ്ങൾ കാരണം തന്നെ കർഷകർ ദുരിതങ്ങൾ അനുഭവിക്കുന്ന നമ്മുടെ രാജ്യത്ത് ഇനി പാകിസ്ഥാനിൽ നിന്ന് ഉള്ളിൽ ഇറക്കുമതി ചെയ്ത് അവരെ സഹായിച്ചിട്ടുവേണോ നമ്മുടെ നാട്ടിലെ പാവപ്പെട്ട കർഷകനെ ആത്മഹത്യയിലേക്ക് തള്ളിവിടാൻ എന്നാണ് അവർ  ചോദിക്കുന്നത്..