നിലവിലെ നോട്ടുകളിൽ ഒരു മാറ്റവും കൊണ്ടുവരാൻ ഉദ്ദേശിക്കുന്നില്ല. അത്തരത്തിലുള്ള ഒരു നിർദേശവും  മുന്നിൽ ഇല്ലെന്നും ആര്‍ബിഐ പ്രസ്താവനയില്‍ വ്യക്തമാക്കി.  

ദില്ലി: കറന്‍സി നോട്ടുകളിൽ നിന്ന് മഹാത്മാ ഗാന്ധിയെ മാറ്റില്ലെന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ. നിലവിലെ നോട്ടുകളിൽ ഒരു മാറ്റവും കൊണ്ടുവരാൻ ഉദ്ദേശിക്കുന്നില്ല. അത്തരത്തിലുള്ള ഒരു നിർദേശവും മുന്നിൽ ഇല്ലെന്നും ആര്‍ബിഐ പ്രസ്താവനയില്‍ വ്യക്തമാക്കി. 

കറന്‍സി നോട്ടുകളില്‍ രവീന്ദ്ര നാഥ ടാഗോറിന്‍റേയും എപിജെ അബ്ജുള്‍ കലാമിന്‍റേയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്താന്‍ റിസര്‍വ് ബാങ്ക് നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശ പ്രകാരം വാട്ടര്‍മാര്‍ക്ക് ചെയ്ത പുതിയ നോട്ടുകളുടെ രൂപരേഖ തയ്യാറായിക്കഴിഞ്ഞു. എന്നാല്‍ ഈ ചിത്രങ്ങളടങ്ങിയ നോട്ടുകളുടെ അച്ചടിക്കുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടില്ല എന്നും വിവരം പുറത്തുവന്നിരുന്നു. മഹാത്മാഗാന്ധിയുടെ ചിത്രം ഒഴിവാക്കുമോ എന്ന തരത്തില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ആര്‍ബിഐ വിശദീകരണം

കറന്‍സി നോട്ടുകളില്‍ മഹാത്മ ഗാന്ധി മാത്രം വേണ്ടെന്ന റിസര്‍വ് ബാങ്കിന്‍റെ നിര്‍ദ്ദേശവുമായി മുന്നോട്ട് പോകാനാണ് കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നത്. കള്ളനോട്ടുകള്‍ തടയാന്‍ കൂടുതല്‍ സുരക്ഷ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്‍റെ ഭാഗമായി മഹാത്മ ഗാന്ധിയെ കൂടാതെ കൂടുതല്‍ ദേശീയ നേതാക്കളുടെ വാട്ടര്‍മാര്‍ക്ക് ചിത്രങ്ങള്‍ കറന്‍സിയില്‍ വേണമെന്നായിരുന്നു റിസര്‍വ് ബാങ്കിന്‍റെ ആഭ്യന്തര സമിതിയുടെ 2017 ലെ ശുപാര്‍ശ. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ടാഗോറിന്‍റേയും എപിജെ അബ്ദുള്‍ കാലാമിന്‍റേയും ചിത്രങ്ങള്‍ കൂടി ആലേഖനം ചെയ്ത നോട്ടുകള്‍ പുറത്തിറക്കാന്‍ ആലോചിക്കുന്നത്. ഇവരുടെ അതി സുരക്ഷ വാട്ടര്‍മാര്‍ക്കുള്ള ചിത്രങ്ങളടങ്ങിയ കറന്‍സി ഡിസൈന്‍ തയ്യാറായിട്ടുണ്ട്.സെക്യുരിറ്റി പ്രിന്‍റിംഗ് ആന്‍റ് മിന്‍റിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഈ കറന്‍സി ഡിസൈനുകള്‍ സുരക്ഷാ പരിശോധക്കായി നല്‍കിയിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഡോളറില്‍ വിവിധ അമേരിക്കന്‍ പ്രസിഡന്‍റുമാരുടെ ചിത്രമുള്ള മാതൃകയില്‍ കൂടുതല്‍ നേതാക്കളുടെ ചിത്രങ്ങള്‍ രൂപയിലും വേണമെന്നായിരുന്നു റിസര്‍വ് ബാങ്കിന്‍റെ ശുപാര്‍ശ.


Read Also: വരുമാനത്തിൽ മിച്ചം പിടിക്കാൻ കഴിയുന്നില്ലേ? ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കൂ