അരികെ പിന്നീട് അൻപായി തമിഴർക്കിടയിലും എത്തി. അവിടെ നിന്ന് നീതോ എന്ന പേരിൽ തെലുങ്കർക്കിടയിലും പ്രവർത്തനം തുടങ്ങി. നിലവിൽ 70 ലക്ഷത്തിലേറെ അംഗങ്ങളാണ് ഐലിന്റെ ബലം
കൊച്ചി: മലയാളിയായ ഏബൽ ജോസഫ് തുടങ്ങിയ ഡേറ്റിങ് ആപ്പായ ഐലിൽ 91 കോടിയുടെ നിക്ഷേപം. ഇൻഫോ എഡ്ജാണ് കമ്പനിയിൽ 76 ശതമാനം ഓഹരികൾ സ്വന്തമാക്കിയത്. നൗക്രി, ജീവൻ സാതി, 99 ഏക്കേർസ്, ശിക്ഷ തുടങ്ങിയ പ്ലാറ്റ്ഫോമുകളുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ടെക് പബ്ലിക് കമ്പനികളിൽ ഒന്നാണ് ഇൻഫോ എഡ്ജ്. സൊമാറ്റോയിലെയും പോളിസി ബസാറിലെയും ആദ്യകാല നിക്ഷേപകരിൽ ഒരാളായിരുന്നു ഇൻഫോ.
ഒരു മലയാളി ആരംഭിച്ച ചുരുക്കം ചില ബി2സി പ്രൊഡക്റ്റ് സ്റ്റാർട്ടപ്പുകളിൽ ഒന്നാണ് ഐൽ. പുതിയ നിക്ഷേപം ഉപയോഗിച്ച് ഇന്ത്യയിൽ ഐലിന്റെ പ്രവർത്തനം ഡേറ്റിങ് വിപണിയിൽ ശക്തിപ്പെടുത്താനാണ് ഏബലിന്റെ തീരുമാനം. അവിവാഹിതരായ ഇന്ത്യക്കാർക്ക് സ്വതന്ത്രമായി കണ്ടുമുട്ടാനും ബന്ധപ്പെടാനുമുള്ള പ്ലാറ്റ്‌ഫോമുകളുടെ അഭാവം തിരിച്ചറിഞ്ഞാണ് എറണാകുളം തമ്മനം സ്വദേശിയായ ഏബൽ ജോസഫ് 2014-ൽ ഐൽ ആരംഭിച്ചത്. ഡേറ്റിങ് രംഗത്ത് ജനപ്രീതി വർധിക്കുന്ന സാഹചര്യത്തിലായിരുന്നു മലയാളികൾക്കായി ആദ്യമായി അരികെ എന്ന ആപ്പ് അദ്ദേഹം പുറത്തിറക്കിയത്.
അരികെ പിന്നീട് അൻപായി തമിഴർക്കിടയിലും എത്തി. അവിടെ നിന്ന് നീതോ എന്ന പേരിൽ തെലുങ്കർക്കിടയിലും പ്രവർത്തനം തുടങ്ങി. നിലവിൽ 70 ലക്ഷത്തിലേറെ അംഗങ്ങളാണ് ഐലിന്റെ ബലം. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഐലിന്റെ അംഗബലം 100 ശതമാനം വർധന രേഖപ്പെടുത്തി. അംഗങ്ങൾക്ക് ആപ്പിലൂടെ തങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടവരെ പരിചയപ്പെടാനും ശേഷം പ്ലാറ്റ്‌ഫോമിൽ നിന്ന് പുറത്തുകടക്കാനും സഹായിക്കുന്ന തരത്തിലുള്ള ഉൽപ്പന്നങ്ങളാണ് ഐൽ അവതരിപ്പിച്ചത്.
ഇൻഫോ എഡ്‌ജുമായുള്ള പങ്കാളിത്തത്തിലൂടെ ഇന്ത്യയിലെ ഏറ്റവും വലിയ ഡേറ്റിംഗ് കമ്പനിയാവുക എന്നതാണ് ലക്‌ഷ്യമെന്ന് ഏബൽ ജോസഫ് പറഞ്ഞു. ഞങ്ങളുടെ വിജയകഥ കേരളത്തിൽ നിന്നുള്ള പുതു സംരംഭങ്ങൾക്ക് പ്രചോദനമേകുമെന്നും ഈ അവസരം മുതലെടുത്ത് കൂടുതൽ ആഗോള ഉത്‌പന്നങ്ങൾ നിർമിക്കാൻ അവർക്ക് കഴിയുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഐലിന്റെ ഓഹരികൾ ഏറ്റെടുക്കാനായതിൽ സന്തോഷമുണ്ടെന്ന് ഇൻഫോ എഡ്‌ജ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ബിസിനസ് മേധാവിയുമായ രോഹൻ മാത്തുർ പറഞ്ഞു. ഇന്ത്യയിലെ മാച്ച് മേക്കിംഗ് ഇക്കോസിസ്റ്റം കഴിഞ്ഞ രണ്ട് വർഷങ്ങളായി മാറ്റത്തിന് സാക്ഷ്യം വഹിക്കുകയാണ്. ഈ പങ്കാളിത്തം ഈ മാറ്റത്തെ പുനർനിർവചിക്കാനും ഉയർച്ചയിലേക്ക് നയിക്കാനും ഇൻഫോ എഡ്ജിനെ നേതൃനിരയിലെത്തിക്കാനും സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
